
കോട്ടയം: കോട്ടയം ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ കേസിൽ പ്രതി നോബിക്ക് ഉപാധികളോടെ ജാമ്യം. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ഫെബ്രുവരി 28നാണ് ഷൈനിയും പെൺമക്കളും ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയത്.
കഴിഞ്ഞ 28 ദിവസമായി റിമാൻഡിലായിരുന്നു നോബി. ഏറ്റുമാനൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നോബിയുടെ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു. ആത്മഹത്യ പ്രേരണകുറ്റം ചുമത്തി ഏറ്റുമാനൂർ പൊലീസാണ് നോബിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസങ്ങളിൽ വിശദമായ വാദം കോടതി കേട്ടിരുന്നു. എന്നാൽ കേസിൽ നോബിയുടെ പങ്ക് തെളിയിക്കുന്ന ഒരു തെളിവും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നായിരുന്നു പ്രതി ഭാഗത്തിന്റെ വാദം. നോബിയുടെ ജാമ്യാപേക്ഷയെ എതിർത്ത് ഷൈനിയുടെ അച്ഛൻ കുര്യക്കോസും ഹരജി നൽകിയിരുന്നു. ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ഷൈനിയും മക്കളും ആത്മഹത്യ ചെയ്യാൻ കാരണം ഭർത്താവിൽ നിന്നും വീട്ടിൽ നിന്നും ഉണ്ടായ സമ്മർദ്ദമാണെന്നാണ് പൊലീസിന്റെ എഫ്ഐആർ.