
താമരശ്ശേരി: പുതുപ്പാടി കക്കാട് നാക്കിലമ്പാട് പാറക്കണ്ടിവീട്ടിൽ ഷിബിലയെ ഭർത്താവ് യാസിർ കുത്തിക്കൊന്ന കേസിന്റെ നടപടിക്രമത്തിൽ ഗുരുതരവീഴ്ചയെന്ന് കണ്ണൂർ റെയ്‌ഞ്ച് ഡിഐജി ജി.എച്ച്. യതീഷ് ചന്ദ്ര. സംഭവത്തിൽ പരാതി കൈകാര്യം ചെയ്ത താമരശ്ശേരി പോലീസ് സ്റ്റേഷനിലെ പിആർഒ ആയ ഗ്രേഡ് എസ്ഐ കെ.കെ. നൗഷാദിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
ഷിബില കൊല്ലപ്പെടുന്നതിന് മുൻപ് ഭർത്താവ് യാസിറിനെതിരേ ഫെബ്രുവരി 28-ന് പോലീസിൽ ലഭിച്ച പരാതിപ്രകാരം മാർച്ച് മൂന്നിന് ഇരുകക്ഷികളും ഹാജരാവുകയും കെ.കെ. നൗഷാദ് പരാതി ഒത്തുതീർപ്പാക്കുകയും ചെയ്തതായി സസ്പെൻഷൻ ഉത്തരവിൽ പ്രതിപാദിക്കുന്നു.
സ്റ്റേഷനിൽ പബ്ലിക് റിലേഷൻസ് ഓഫീസർ ചുമതല വഹിക്കുന്നവർ പരാതികൾ തീർപ്പാക്കരുതെന്ന നിർദേശം നിലവിലിരിക്കെയാണ് അതിന് വിരുദ്ധമായുള്ള നടപടിയുണ്ടായത്. അതിനാൽത്തന്നെ ഇക്കാര്യത്തിൽ ഗുരുതരവീഴ്ച, കൃത്യവിലോപം, സ്വഭാവദൂഷ്യം, ഔദ്യോഗിക നടപടിക്രമങ്ങളുടെ ലംഘനം എന്നിവ സംഭവിച്ചതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നെന്നാണ് ഉത്തരവിലെ പരാമർശം.
ഗ്രേഡ് എസ്‌ഐക്കെതിരേ വാക്കാൽ അന്വേഷണം നടത്തുന്നതിനും അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിനും കോഴിക്കോട് റൂറൽ ജില്ലാ ക്രൈം റെക്കോഡ്‌സ് ബ്യൂറോ ഡിഎസ്‌പിയെ ഡിഐജി ചുമതലപ്പെടുത്തി. അന്വേഷണോദ്യോഗസ്ഥൻ പതിനഞ്ചുദിവസത്തിനകം കരട് കുറ്റാരോപണപത്രികയും അറുപത് ദിവസത്തിനകം അന്വേഷണവിചാരണ റിപ്പോർട്ടും സമർപ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നു.
എസ്എച്ച്ഒമാരും പ്രിൻസിപ്പൽ എസ്‌ഐമാരുമാണ് പരാതി തീർപ്പാക്കേണ്ടതെങ്കിലും പരാതിപ്രവാഹവും ജോലിഭാരവും കൂടുതലുള്ള സ്റ്റേഷനുകളിൽ പിആർഒമാരാണ് പലപ്പോഴും ഒത്തുതീർപ്പ് ചർച്ചകളിൽ ഇടപെട്ട് തീരുമാനമാക്കാറുള്ളത്. പലപ്പോഴും ഇത്തരം പരാതികളിൽ മേലുദ്യോഗസ്ഥർ ഇടപെടാൻ മടിക്കാറുണ്ടെന്നിരിക്കെ പരാതി തീർപ്പാക്കിയതിന്റെ പേരിൽ പിആർഒയ്ക്കെതിരേ അച്ചടക്ക നടപടിയെടുത്തതിനെച്ചൊല്ലി പോലീസുകാർക്കിടയിൽ അമർഷമുയരുന്നുണ്ട്.