KeralaNews

യാസര്‍ ഇന്നലെ ഉച്ചക്കും ഭാര്യയുടെ വീട്ടിലെത്തി; ഭാര്യ ഷിബിലയുടെ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് കൈമാറി; വൈകുന്നേരം വീണ്ടും വരാമെന്നും സലാം പറഞ്ഞു മടങ്ങി;തിരിച്ചെത്തി അരുംകൊല

കോഴിക്കോട്: താമരശ്ശേരി ഈങ്ങാപ്പുഴയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യാസര്‍ കൊലപാതകം നേരത്തെ തന്നെ ആസൂത്രണം ചെയ്തിരുന്നതായി സൂചന. ഇന്നലെ ഉച്ചക്കും ഇയാള്‍ വീട്ടിലെത്തിയിരുന്നതായാണ് വിവരം. ഭാര്യ ഷിബിലയുടെ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് ഇയാള്‍ കൈമാറി. വൈകുന്നേരം വീണ്ടും വരാമെന്നും സലാം പറഞ്ഞു പിരിയാമെന്നും യാസിര്‍ ഷിബിലയോട് പറഞ്ഞിരുന്നു. ഇതിന് ശേഷം വൈകുന്നേരം നോമ്പുതുറ സമയത്ത് എത്തിയപ്പോഴായിരുന്നു കൊലപാതകം നടത്തിയത്.

കൊല്ലപ്പെട്ട ഷിബിലയുടെ മൃതദേഹത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷിബിലയുടെ പിതാവ് അബ്ദുറഹ്‌മാ്‌റ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്. ഉമ്മ ഹസീനയുടെ ആരോഗ്യനില തൃപ്തികരണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇവരെ വാര്‍ഡിലേക്ക് മാറ്റി.

പുതിയതായി വാങ്ങിയ കത്തിയുമായാണ് യാസിര്‍ ഭാര്യവീട്ടിലേക്ക് എത്തിയത്. നോമ്പുതുറ സമയം തന്നെ ആക്രമണത്തിന് തെരഞ്ഞെടുത്തത് ആള്‍പ്പെരുമാറ്റം കുറയുമെന്ന ധാരണയിലാണെന്നും പൊലീസ് സംശയിക്കുന്നു. 6.35ഓടെ ഭാര്യ വീട്ടിലേക്കെത്തിയ യാസിര്‍ ആദ്യം ഭാര്യയെ ആക്രമിച്ചു. ഭാര്യ ഷിബിലയെ യാസിര്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇത് തടയാന്‍ എത്തിയപ്പോഴാണ് ഷിബിലയുടെ മാതാവിനും പിതാവിനും വെട്ടേറ്റത്.

കൊലപാതകത്തിനു ശേഷം കാറില്‍ രക്ഷപ്പെട്ട യാസിറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പാര്‍ക്കിംഗില്‍ വച്ചാണ് അര്‍ദ്ധരാത്രിയോടെ പിടികൂടിയത്. യാസിറിനെതിരെ ഷിബിലയുടെ കുടുംബം നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍, പൊലീസ് ഇത് ഗൗരവത്തിലെടുത്തില്ലെന്നും ആരോപണമുണ്ട്. നേരത്തെയും ഷിബിലയെ യാസിര്‍ മര്‍ദിച്ചിരുന്നു. രാസലഹരിക്ക് അടിമയായ യാസറിന്റെ ഉപദ്രവം സഹിക്ക വയ്യാതെയാണ് ഷിബില കുഞ്ഞിനെയും കൂട്ടി അടിവാരത്തെ വാടക വീട്ടില്‍ നിന്ന് കക്കാട്ടെ സ്വന്തം വീട്ടിലേക്ക് എത്തിയതെന്ന് അയല്‍വാസി പറഞ്ഞു.

ഷിബില കൊലപാതകത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷികളും രംഗത്തുണ്ട്. പ്രതി യാസിര്‍ എത്തിയത് ബാഗില്‍ കത്തിയുമായിട്ടാണെന്നും തടയാന്‍ എത്തിയവര്‍ക്ക് നേരെയും കത്തിവീശിയെന്നും ഇദ്ദേഹം പറഞ്ഞു. നോമ്പ് തുറക്കുന്നതിനിടെയാണ് ഷിബിലയും ഉപ്പ അബ്ദുറഹ്‌മാനും ആക്രമിക്കപ്പെട്ടത്. ഇവരുടെ നിലവിളി ശബ്ദം കേട്ടാണ് ഓടിയെത്തിയതെന്ന് അയല്‍വാസിയായ നാസര്‍ പറയുന്നു. നാസര്‍ ആണ് കുത്തേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.

അതേസമയം ഷിബിലയെ ആക്രമിക്കുന്ന സമയത്ത് യാസിര്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഷിബിലയുടെ കൊലപാതകം ആസൂത്രിതമായിട്ടായിരുന്നു എന്ന് പ്രദേശവാസികള്‍ പറയുന്നു. ഷിബിലയുടെ മൃതദേഹം ഇന്ന് ഖബറടക്കും. യാസറിന്റെ ഉപദ്രവം സഹിക്കാനാവാതെ വന്നതോടെയാണ് ഷിബിലയും വീട്ടുകാരും കഴിഞ്ഞ ഫെബ്രുവരി 28ന് താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍, തുടര്‍ നടപടി മധ്യസ്ഥ ചര്‍ച്ചയിലൊതുങ്ങുകയായിരുന്നു.

രാസലഹരിക്ക് അടിമയായ യാസറിന്റെ ഉപദ്രവം സഹിക്ക വയ്യാതെയാണ് ഷിബില കുഞ്ഞിനെയും കൂട്ടി അടിവാരത്തെ വാടക വീട്ടില്‍ നിന്ന് കക്കാട്ടെ സ്വന്തം വീട്ടിലേക്ക് എത്തിയതെന്നാണ് അയല്‍വാസിയും വാര്‍ഡ് അംഗവുമായ ഡെന്നി വര്‍ഗീസ് പറയുന്നത്. അടിവാരത്തെ വാടകവീട്ടില്‍ സൂക്ഷിച്ചിരുന്ന ഷിബിലയുടെയും മകളുടെയും വസ്ത്രങ്ങളും മറ്റും ലഭ്യമാക്കണമെന്ന് ഷിബില ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കുഞ്ഞിന്റെ ഉള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ കൂട്ടി കത്തിച്ച് വിഡിയോ എടുത്ത് വാടസ്ആപ്പില്‍ സ്റ്റാറ്റസ് ആക്കുകയായിരുന്നു.

ഇത് കണ്ട് ഭയന്ന് ആ വീട്ടിലുള്ള സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകള്‍ യാസറില്‍ നിന്ന് വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ട് ഷിബിലയുടെ വീട്ടുകാര്‍ പഞ്ചായത്ത് അംഗത്തിനെ സമീപിക്കുകയായിരുന്നു. മധ്യസ്ഥ ചര്‍ച്ചയില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് ഏറ്റാണ് പിരിഞ്ഞത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് ഷിബിലയുടെ വീട്ടിലെത്തി യാസര്‍ സര്‍ട്ടിഫിക്കറ്റ് കൈമാറുകയും ചെയ്തു. വൈകുന്നേരം ഞാന്‍ വരും നമുക്ക് സലാം ചൊല്ലി പിരിയാമെന്ന് പറഞ്ഞാണ് യാസര്‍ മടങ്ങിയത്. പിന്നീട് രാത്രി ഏഴുമണിയോടെ തിരിച്ചെത്തിയത് വെട്ടുകത്തിയുമായാണ്. തര്‍ക്കത്തിനിടെ ഷിബിലയെ ആഞ്ഞുവെട്ടുകയും തടയാന്‍ ശ്രമിച്ച മാതാപിതാക്കളെയും വെട്ടിവീഴ്ത്തുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker