KeralaNews

പ്രദീപ് സര്‍ ആഴ്ചയിലൊരു ദിവസമെങ്കിലും ഷെറിനെ കാണാന്‍ വരും, ലോക്കപ്പില്‍ നിന്ന് ഏഴുമണിക്ക് ശേഷം ഷെറിനെ ഇറക്കിയാല്‍ ഒന്നര-രണ്ടുമണിക്കൂറിന് ശേഷമാണ് തിരികെ കയറ്റാറുള്ളത് ;വിവാദ വെളിപ്പെടുത്തലിനേത്തുടര്‍ന്ന് ഷെറിന്റെ മോചനം തുലാസില്‍

തൃശൂര്‍: കാരണവര്‍ വധക്കേസ് പ്രതി ഷെറിന് അട്ടക്കുളങ്ങര ജയിലില്‍ മേക്കപ് സാധനങ്ങളടക്കം അനുവദിച്ചിരുന്നെന്നു സഹതടവുകാരിയുടെ ആരോപണം രാജ്ഭവന്‍ ഗൗരവത്തില്‍ എടുക്കും. ഷെറിന് ശിക്ഷാ ഇളവ് നല്‍കുന്നതിനെതിരെ രമേശ് ചെന്നിത്തല ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറിന് പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ഈ ആരോപണത്തില്‍ അടക്കം വിശദീകരണം സര്‍ക്കാരില്‍ നിന്നും രാജ്ഭവന്‍ തേടിയേക്കും. ഷെറിന് തടവുശിക്ഷയില്‍ ഇളവ് നല്‍കാന്‍ സാധ്യത ഏറെയാണ്.

വധശ്രമക്കേസില്‍ ശിക്ഷിക്കപ്പെട്ടു ഷെറിന്റെ തൊട്ടടുത്ത സെല്ലില്‍ കഴിഞ്ഞിരുന്ന വാടാനപ്പള്ളി സ്വദേശി സുനിതയാണു താന്‍ കണ്ട കാഴ്ചകള്‍ മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. ഷെറിന്‍ ജയിലിലെ ഭക്ഷണം കഴിച്ചിരുന്നില്ലെന്നും 3 നേരവും പുറത്തുനിന്നു ജയില്‍ അധികൃതര്‍ ഭക്ഷണം എത്തിച്ചു നല്‍കുകയായിരുന്നെന്നും സുനിത പറഞ്ഞു. നേരത്തേയും സുനിത പരാതി നല്‍കിയിരുന്നു. സ്വന്തം ഫോണ്‍ യഥേഷ്ടം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം സെല്ലില്‍ ഷെറിനെ അനുവദിച്ചിരുന്നു. അന്നത്തെ ജയില്‍ വകുപ്പ് ഉന്നതനുമായും ഉന്നത രാഷ്ട്രീയ പ്രവര്‍ത്തകനുമായും ഷെറിന് ബന്ധമുണ്ടായിരുന്നു. തടവുകാരുടെ വസ്ത്രത്തിനു പകരം വെള്ളത്തുണി പുറത്തു നിന്നെത്തിച്ചു സ്വന്തമായി തയ്‌ച്ചെടുത്ത വസ്ത്രമാണ് അവര്‍ ധരിച്ചിരുന്നതെന്നും വെളിപ്പെടുത്തലുണ്ടായിരുന്നു.

ആറോ ഏഴോ ജോടി വസ്ത്രങ്ങള്‍ സ്വന്തമായുണ്ടായിരുന്നു. വിലകൂടിയ മേക്കപ് സാധനങ്ങള്‍ സെല്ലില്‍ എത്തിച്ചു കൊടുത്തിട്ടുണ്ട്. ഞാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരുവട്ടം സെല്‍ റെയ്ഡ് ചെയ്തപ്പോള്‍ 10,000 രൂപയോളം വിലവരുന്ന മേക്കപ് സാധനങ്ങള്‍ ലഭിച്ചു. ഷെറിനു മാത്രം സെല്ലില്‍ കിടക്ക, തലയിണ, കിടക്കവിരികള്‍ എന്നിവ സ്വന്തമായുണ്ടായിരുന്നു. ജയില്‍ ഓഫിസില്‍ നിന്നു സെല്ലിലേക്കു നടക്കുമ്പോള്‍ വെയില്‍ കൊള്ളാതിരിക്കാന്‍ കുട പോലും അനുവദിച്ചു. ഷെറിന്റെ സുഖവാസത്തിനെതിരെ പരാതി നല്‍കിയതിനു തനിക്കെതിരെ ഭീഷണി ഉയര്‍ന്നിരുന്നതായും സുനിത വെളിപ്പെടുത്തി.

അട്ടക്കുളങ്ങര ജയിലില്‍ ഷെറിന് ലഭിച്ചത് വിഐപി പരിഗണനയായിരുന്നുവെന്ന് സുനിത പറഞ്ഞു. ഷെറിന് ജയിലില്‍ മൊബൈല്‍ഫോണും കണ്ണാടിയും മേക്കപ്പ് സെറ്റും വരെ ലഭിച്ചിരുന്നു. ഷെറിന് വി.ഐ.പി. പരിഗണന നല്‍കിയത് അന്നത്തെ ജയില്‍ ഡി.ഐ.ജി. പ്രദീപ് ആണെന്നും സുനിത ആരോപിച്ചു. മന്ത്രിസഭായോഗം ഷെറിന് ശിക്ഷായിളവ് ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണ് സഹതടവുകാരിയായിരുന്ന സുനിത വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്.

2013ന് ശേഷമുള്ള സമയത്താണ് സുനിതയും ഷെറിനും അട്ടക്കുളങ്ങര വനിത ജയിലില്‍ ഒരുമിച്ചുണ്ടായിരുന്നത്. സുനിതയുടെ തൊട്ടടുത്ത സെല്ലിലായിരുന്നു ഷെറിന്‍. മാത്രമല്ല, പലദിവസങ്ങളിലും രാത്രി ഏഴുമണിക്ക് ശേഷം ഷെറിനെ സെല്ലില്‍നിന്ന് പുറത്തുകൊണ്ടുപോകാറുണ്ടെന്നും രണ്ടുമണിക്കൂറോളം കഴിഞ്ഞതിന് ശേഷമാണ് ഇവര്‍ തിരികെവരാറുള്ളതെന്നും സുനിത ആരോപിച്ചു.

”ഷെറിന് ഭക്ഷണം വാങ്ങാന്‍ ക്യൂ നില്‍ക്കേണ്ട. മൂന്നുനേരവും അവര്‍ പറയുന്ന ഭക്ഷണം ജയില്‍ ജീവനക്കാര്‍ പുറത്തുനിന്ന് വാങ്ങിനല്‍കും. സ്വന്തം മൊബൈല്‍ഫോണും ഉണ്ടായിരുന്നു. തടവുകാര്‍ക്കുള്ള വസ്ത്രമല്ല ഷെറിന്‍ ധരിച്ചിരുന്നത്. മേക്കപ്പ് സാധനങ്ങളും ലഭിച്ചിരുന്നു. സൂപ്രണ്ടിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് കൊച്ചി ബ്ലൂ ബ്ലാക്ക്മെയിലിങ് കേസിലെ പ്രതി ബിന്ധ്യ തോമസ് ജയിലിലെത്തി. ഷെറിന്റെ ഫോണ്‍ പിന്നീട് ബിന്ധ്യയ്ക്ക് കൊടുത്തു. ആ സമയത്ത് ഞാന്‍ ആ ഫോണ്‍ പിടിച്ചുവാങ്ങി സൂപ്രണ്ടിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. പിന്നീട് ജയിലിലെ പരാതിപ്പെട്ടിയിലും പരാതി എഴുതിയിട്ടു. അതിലും നടപടിയുണ്ടായില്ല.

ഇതിനുശേഷം സൂപ്രണ്ടും ജയില്‍ ഡി.ഐ.ജി. പ്രദീപും അടക്കമുള്ളവര്‍ എന്നെ ചോദ്യംചെയ്തു. ഭീഷണിപ്പെടുത്തി. പ്രദീപ് സര്‍ ആഴ്ചയിലൊരു ദിവസമെങ്കിലും ഷെറിനെ കാണാന്‍വരും. വൈകീട്ടാണ് വരാറുള്ളത്. ലോക്കപ്പില്‍നിന്ന് ഏഴുമണിക്ക് ശേഷം ഷെറിനെ ഇറക്കിയാല്‍ ഒന്നര-രണ്ടുമണിക്കൂറിന് ശേഷമാണ് തിരികെ കയറ്റാറുള്ളത്. ഒരുമാസത്തിന് ശേഷം ഞാന്‍ ജാമ്യത്തിലിറങ്ങിയശേഷം അന്നത്തെ ഡിജിപി സെന്‍കുമാറിന് ഈ വിവരങ്ങളെല്ലാം സഹിതം പരാതി നല്‍കി. എന്നാല്‍, അട്ടക്കുളങ്ങര ജയിലിലെ അന്തേവാസികളെ അപമാനിക്കുന്നരീതിയില്‍ ഞാന്‍ പ്രസ്താവന നടത്തിയെന്നും എനിക്കെതിരേ നടപടിയെടുക്കുമെന്നും ചൂണ്ടിക്കാണിച്ച് ഒരു നോട്ടീസാണ് എനിക്ക് കിട്ടിയത്. ഇതോടെ വിവരാവകാശ നിയമപ്രകാരം ചില വിവരങ്ങള്‍ തേടി.

ഷെറിനെതിരേ കൊലക്കുറ്റത്തിന് പുറമേ, കവര്‍ച്ചാക്കുറ്റവും ഉണ്ട്. അങ്ങനെയുള്ളവര്‍ക്ക് പരോളിന് നിയന്ത്രണമുണ്ട്. എന്നാല്‍, ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ ഷെറിന് പരോള്‍ നല്‍കിയിരുന്നു. ഇത് വിവരാവകാശപ്രകാരം ചോദിച്ച് മനസിലാക്കിയതോടെ ഷെറിന് സൗകര്യങ്ങള്‍ നല്‍കിയതിന് ജയിലിലെ രണ്ട് ഉദ്യോഗസ്ഥരെ സെന്‍കുമാര്‍ സ്ഥലംമാറ്റി.

പക്ഷേ, അത് താത്കാലികമായ നടപടി മാത്രമായിരുന്നു. ഞാന്‍ വീണ്ടും വിവരാവകാശ നിയമപ്രകാരം കാര്യങ്ങള്‍ തിരക്കിയപ്പോള്‍ ഷെറിനെ അട്ടക്കുളങ്ങരയില്‍നിന്ന് വിയ്യൂരിലേക്ക് മാറ്റി. 20 വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന അഞ്ചോ ആറോ സ്ത്രീതടവുകാരുണ്ട്. അതില്‍ കണ്ണിന് കാഴ്ചയില്ലാത്തവര്‍ വരെയുണ്ട്. അവര്‍ക്കൊന്നും ഇളവ് ലഭിച്ചില്ല. ഷെറിന്‍ ഇറങ്ങുന്നതില്‍ പരാതിയില്ല, ഇറങ്ങിക്കോട്ടെ, പക്ഷേ, 20 വര്‍ഷമായി ജയിലില്‍ കിടക്കുന്നവരും ഉണ്ട്. അവര്‍ക്കും ഇളവ് ലഭിക്കണം”, സുനിത പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker