
കൊച്ചി: വ്യാജ എല്‍എസ്ഡി കേസില്‍ കുറ്റാരോപിതയായ ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണി നല്‍കിയ മൊഴി പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിക്കും.കേസില്‍ എക്സൈസിന് പങ്കുണ്ടെന്നും ഷീല സണ്ണി മൊഴി നല്‍കി. കേസില്‍ അന്വേഷണം ആരംഭിച്ചെന്നും കൂടുതല്‍ പ്രതികള്‍ ഉണ്ടാകുമോയെന്ന് മൊഴി പരിശോധിച്ച ശേഷമേ പറയാന്‍ കഴിയൂവെന്നും പ്രത്യേക അന്വേഷണ സംഘത്തലവന്‍ ഡിവൈഎസ്പി വി കെ രാജു പറഞ്ഞു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് കേസ് അന്വേഷിക്കുന്നത്. മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.
മുഖ്യപ്രതി നാരായണദാസ് ഒളിവിലൊണെന്നാണ് സൂചന. നാരായണദാസിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനു മുന്‍പാകെ ഹാജരാകാനായിരുന്നു നിര്‍ദേശം. എന്നാല്‍, കോടതി നിര്‍ദേശിച്ച സമയ പരിധി കഴിഞ്ഞിട്ടും ഇയാള്‍ ഹാജരായിട്ടില്ല. ഷീല സണ്ണിയെ ആദ്യം കസ്റ്റഡിയിലെടുത്ത എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടറായിരുന്ന സതീശന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഷീലയുടെ സ്‌കൂട്ടറില്‍ ലഹരി പദാര്‍ഥം സൂക്ഷിച്ചിട്ടുണ്ടെന്ന് ആരോ വിളിച്ചറിയിച്ചപ്പോഴാണ് അന്വേഷണത്തിനു എത്തിയതെന്നും ലഹരി പദാര്‍ഥത്തിന്റെ അളവ് കൂടുതല്‍ ഉണ്ടെന്നു ബോധ്യമായതോടെ മേലുദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു എന്നു സതീശന്‍ മൊഴി നല്‍കി.
ഷീലയുടെ മകന്‍ സംഗീതിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചുവെങ്കിലും ഇയാള്‍ എത്തിയിട്ടില്ല. മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത നിലയിലാണ്. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ഷീല കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണു കേസ് അന്വേഷണം എക്‌സൈസില്‍ നിന്നു പൊലീസിനു കൈമാറിയത്. കേസില്‍ ഷീലാ സണ്ണിയുടെ മൊഴി നിര്‍ണ്ണായകമാകും. മകനും മകന്റെ ഭാര്യയും തമ്മിലെ പ്രശ്‌നം അടക്കം ഷീലാ സണ്ണി പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നാണ് സൂചന. കൂടാതെ കേസ് കാരണം തന്റെ ജീവിതം തന്നെ തകര്‍ന്നുവെന്നും അവര്‍ വ്യക്തമാക്കി.
‘നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഞാന്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. 72 ലക്ഷം രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. കേസ് കാരണം എന്റെ ജീവിതം തകര്‍ന്നു. ബ്യൂട്ടി പാര്‍ലറിലെ വരുമാനം കൊണ്ടാണ് ജീവിച്ചത്. ആ സംരംഭം മുന്നോട്ട് കൊണ്ടുപോകാനായില്ല. കേസില്‍ എന്റെ നിരപരാധിത്വം തെളിഞ്ഞിട്ടും ബന്ധുക്കളായ പലരും തന്നെ ഇപ്പോഴും സംശയത്തോടെയാണ് കാണുന്നത്. വിളിച്ചിട്ട് ഒരു സമാധാന വാക്ക് പോലും പറയാത്ത കുറെപ്പേരുണ്ട്.’,- ഷീല സണ്ണി പറഞ്ഞു.
ഷീല സണ്ണിക്കെതിരെ നടന്ന ഗുഢാലോചന ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അന്വേഷണ പരിധിയില്‍ വരും. 2023 മാര്‍ച്ച് 27നാണ് ഷീല സണ്ണിയുടെ സ്‌കൂട്ടറില്‍ നിന്നും ബാഗില്‍ നിന്നും എല്‍എസ്ഡി സ്റ്റാമ്പുകളെന്നുപറയുന്ന വസ്തുക്കള്‍ പിടികൂടിയത്. ഷീല സണ്ണി 72 ദിവസത്തിനടുത്ത് ജയിലില്‍ കഴിഞ്ഞു. പിന്നീട് നടത്തിയ രാസപരിശോധനയില്‍ വ്യാജ ലഹരിയാണെന്ന് വ്യക്തമാതോടെ ഷീലയെ പ്രതി സ്ഥാനത്ത് നിന്ന് ഒഴിവാക്കി. ഷീല സണ്ണിയുടെ വാഹനത്തില്‍ ലഹരി മരുന്ന് വച്ചശേഷം അക്കാര്യം എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത് തൃപ്പൂണിത്തുറ സ്വദേശിയായ നാരായണദാസ് ആണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഷീല സണ്ണിയുടെ മകന്റെ ഭാര്യയുടെ സഹോദരി ലിവിയ ജോസിന്റെ സുഹൃത്തുമായിരുന്നു നാരായണ ദാസ്. ലിവിയ ആവശ്യപ്പെട്ട പ്രകാരമാണ് വ്യാജ എല്‍എസ്ഡി സ്റ്റാമ്പ് ഷീല സണ്ണിയുടെ വാഹനത്തില്‍ വച്ചശേഷം നാരായണ ദാസ് വിവരം എക്‌സൈസിന് നല്‍കിയത്. മെഡിക്കല്‍ എക്സാമിനറുടെ പരാതിയില്‍ ഇത് വ്യാജ എല്‍എസ്ഡി സ്റ്റാമ്പാണെന്ന് വ്യക്തമായെങ്കിലും എക്‌സൈസ് സംഘം ഈ വിവരം മറച്ചുവച്ചു. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സംഭവം വലിയ വിവാദമായി. ഈ സാഹചര്യത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥരും കേസില്‍ പ്രതിയായേക്കും. ലിവിയയും ഗള്‍ഫിലേക്ക് മുങ്ങിയെന്നാണ് സൂചന.
സംഭവത്തില്‍ പ്രതിയായ നാരായണദാസിന്റെ മുന്‍കൂര്‍ ജാമ്യം സുപ്രീം കോടതി നേരത്തേ തള്ളിയിരുന്നു. കോടതിയില്‍ നിന്ന് ഒരു സഹതാപവും നാരായണദാസ് പ്രതീക്ഷിക്കേണ്ടെന്നും കോടതി വാക്കാല്‍ പറയുകയും ഉണ്ടായി. പ്രതിയല്ലാത്ത ഷീല സണ്ണി 72 ദിവസത്തിനടുത്ത് ജയിലില്‍ കഴിഞ്ഞു. എന്നാല്‍, നാരായണ ദാസ് 72 മണിക്കൂര്‍ പോലും ജയിലില്‍ കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. നാരായണദാസ് നിരവധി കേസുകളിലെ പ്രതിയാണ്. ഹണിട്രാപ്പ്, ആള്‍മാറാട്ടം, സാമ്പത്തിക തട്ടിപ്പ് തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പല കേസുകളിലും പോലീസിലെയും മറ്റും ഉന്നതോദ്യോഗസ്ഥനായി ചമഞ്ഞാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്.
ഷീല സണ്ണിയുടെ അടുത്ത ബന്ധുവിന്റെ സഹോദരിയുടെ സുഹൃത്താണ് നാരായണ ദാസ്. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് നാരായണദാസിന്റെ മുന്‍കാല കുറ്റകൃത്യങ്ങള്‍ പുറത്തുവരുന്നത്. 2015 ല്‍ തൃപ്പുണ്ണിത്തുറയിലുള്ള വ്യവസായിയുടെ കാറില്‍ വ്യാജ ബ്രൗണ്‍ ഷുഗര്‍ വെച്ച് രണ്ട് കോടി രൂപ തട്ടാന്‍ ശ്രമിച്ച കേസില്‍ ഇയാള്‍ പിടിയിലായിരുന്നു. കര്‍ണാടക പൊലീസ് എന്ന വ്യാജേനയെത്തിയാണ് ഇയാള്‍ വ്യവസായിയുടെ കൈയ്യില്‍ നിന്ന് രണ്ടുകോടി രൂപ ഭീഷണിപ്പെടുത്തി തട്ടിയെടുക്കാന്‍ ശ്രമിച്ചത്. തൃപ്പുണ്ണിത്തുറയിലെ കരിങ്കല്‍ വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. അന്നും പോലീസ് വേഷത്തിലെത്തിയാണ് ഇയാള്‍ പണം തട്ടിയെടുത്തത്. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിഭാഗത്തിനു വേണ്ടി ഡിജിറ്റല്‍ തെളിവുകളില്‍ കൃത്രിമമെന്ന ആരോപണം നേരിടുന്ന പ്രതി സായ്ശങ്കറും നാരായണ ദാസും കൂട്ടാളികളാണ്.
ബെംഗളൂരുവിലാണ് ലിവിയ താമസിച്ചിരുന്നത്്. നാരായണ ദാസിനും ബെംഗളൂരുവില്‍ ബിസിനസ് ബന്ധങ്ങളുണ്ട്. കേസ് അന്വേഷണത്തിന്റെ തുടക്കത്തില്‍ത്തന്നെ ഷീല സണ്ണിയും കുടുംബവും ലിവിയക്കെതിരേ സംശയം ഉന്നയിച്ചിരുന്നു. യുവതിയെ നേരത്തേ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നെങ്കിലും നിരപരാധിയാണെന്ന് ആവര്‍ത്തിക്കുകയാണുണ്ടായത്. എന്നാല്‍, യുവതിയുടെ തൃപ്പൂണിത്തുറയിലെ സ്വകാര്യബാങ്കിലെ നിക്ഷേപം സംബന്ധിച്ചുള്ള അന്വേഷണത്തിലാണ് നിര്‍ണായക വഴിത്തിരിവ് ഉണ്ടായത്. ഇതോടെ ലിവിയ മുങ്ങി. ലിവിയയ്ക്ക് അധോലോക ബന്ധമുണ്ടെന്ന സൂചനകളും പോലീസിന് കിട്ടിയിട്ടുണ്ട്.