കോട്ടയം: പാലായിൽ ശശി തരൂരിന് അഭിവാദ്യം അർപ്പിച്ച് ഫ്ളക്സ് ബോർഡ്.കോൺഗ്രസിന്റെ രക്ഷയ്ക്കും രാജ്യത്തിൻറെ നന്മയ്ക്കും ശശി തരൂർ വരട്ടെ എന്ന ഫ്ലക്സ് ആണ് പാലാ കൊട്ടാരമറ്റത്ത് സ്ഥാപിച്ചിരിക്കുന്നത്. ആരുടെയും പേര് ചേർത്തല്ല പോസ്റ്റ് അടിച്ചിരിക്കുന്നത്.പാര്ട്ടി ഔദ്യോഗികമായി വച്ച ബോർഡല്ലെന്നും പ്രവർത്തകർ ആഗ്രഹിക്കുന്നത് തരൂരിനെയെന്നും മണ്ഡലം പ്രസിഡന്റ് വ്യക്തമാക്കി.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന്. മല്ലികാർജ്ജുൻ ഖാർഗെയും, ശശി തരൂരും മാത്രമാണ് നിലവിൽ മത്സര രംഗത്തുള്ളത്. നാമനിർദ്ദേശ പത്രിക പിൻവലിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ തരൂർ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
ഖാർഗെ കൂടി പ്രചാരണത്തിനിറങ്ങയതോടെ തെരഞ്ഞെടുപ്പിൽ മത്സരം മുറുകുകയാണ്. ഗുജറാത്തിലും, മുംബൈയിലും പ്രചാരണത്തിനെത്തിയ മല്ലികാർജ്ജുൻ ഖാർഗെ ക്ക് വലിയ സ്വീകരണമാണ് പിസിസികൾ ഒരുക്കിയത്. പരസ്യ പിന്തുണ അറിയിക്കരുതെന്ന തെരഞ്ഞെടുപ്പ് സമിതിയുടെ നിർദ്ദേശം അവഗണിച്ചാണ് നേതാക്കൾ ഖാർഗെക്ക് സ്വീകരണം ഒരുക്കിയത്. ഖാർഗെ ഇന്ന് ഹൈദരബാദിലും, വിജയവാഡയിലും പ്രചാരണം നടത്തും.ദില്ലി, മുംബൈ എന്നിവിടങ്ങളിലാകും തരൂരിൻ്റെ പ്രചാരണം.
അതേസമയം മല്ലികാർജുൻ ഖാർഗെയ്ക്കായി പ്രചരണത്തിൽ സജീവമാണ് രമേശ് ചെന്നിത്തല. വിവിധ സംസ്ഥാനങ്ങളിൽ സജീവമാണ് രമേശ് ചെന്നിത്തല. ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും പിന്നാലെ ആന്ധ്രയിലും തെലങ്കാനയിലും തമിഴ്നാട്ടിലും അദ്ദേഹം ഖാർഗെയ്ക്കൊപ്പം പ്രചാരണം നടത്തും.അതേസമയം ഗുജറാത്ത് അടക്കം പിസിസികൾ മല്ലികാർജുൻ ഖാർഗെയ്ക്ക് പരസ്യ പിന്തുണ നൽകുന്നുണ്ടെന്ന വാദം തെറ്റാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു