CrimeKeralaNews

‘എന്റെ ആവശ്യങ്ങൾ ഞാൻ ഉള്ളവരോടു പറഞ്ഞോളാം’; ജയിൽമോചിതയായ ശേഷം ഗ്രീഷ്മ

ആലപ്പുഴ: പാറശാല ഷാരോൺ വധക്കേസിൽ ഹൈക്കോടതിയിൽനിന്നു ജാമ്യം ലഭിച്ചതിനെത്തുടർന്ന് മുഖ്യപ്രതിയായ ഗ്രീഷ്മ ജയിൽ മോചിതയായി. റിലീസിങ് ഓർഡറുമായി മാവേലിക്കര കോടതിയിൽ രാത്രിയോടെ അഭിഭാഷകരെത്തിയശേഷമാണ് ഗ്രീഷ്മയെ പുറത്തിറക്കിയത്. ഇന്നലെയാണ് ഹൈക്കോടതി ഉപാധികളോടെ ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ 15നാണ് തിരുവനന്തപുരത്തെ അട്ടക്കുളങ്ങര ജയിലിൽനിന്ന് മാവേലിക്കര സ്പെഷൽ സബ് ജയിലിലേക്ക് ഗ്രീഷ്മയെ മാറ്റിയത്.

അടുത്ത നടപടിയെന്താണെന്നുള്ളത് അതനുസരിച്ച് തീരുമാനിക്കുമെന്ന് ജയിലിന് പുറത്ത് വച്ച് ഗ്രീഷ്മ മാധ്യമങ്ങളോടു പറഞ്ഞു. തമിഴ്നാട്ടിലേക്ക് കേസ് മാറ്റണമെന്ന ആവശ്യത്തെക്കുറിച്ചു ചോദിച്ചപ്പോൾ എന്റെ ആവശ്യങ്ങൾ ഞാൻ ഉള്ളവരോടു പറഞ്ഞോളാം. എനിക്ക് നിങ്ങളോടൊന്നും പറയാനില്ലെന്നായിരുന്നു മറുപടി. ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണോയെന്ന ചോദ്യത്തോട് അതു കോടതിയിൽ ഉള്ള കാര്യമല്ലേ എന്ന് ഗ്രീഷ്മ മറുപടി പറഞ്ഞു. കോടതിയിലുള്ള കാര്യങ്ങൾ കോടതി പരിഗണിക്കട്ടേയെന്ന് കൂടെയുണ്ടായിരുന്ന അഭിഭാഷകനും പറഞ്ഞു.  

കഴിഞ്ഞ വർഷം ഒക്ടോബർ 31നായിരുന്നു ഗ്രീഷ്മയെ പാറശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. സൈനികനുമാ‌യുള്ള വിവാഹം ഉറപ്പിച്ചിട്ടും മുൻ കാമുകനായ ഷാരോൺ പ്രണയബന്ധത്തിൽനിന്ന് പിന്മാറാതെ വന്നപ്പോൾ വീട്ടിലേക്കു വിളിച്ചുവരുത്തി കഷായത്തിൽ വിഷം കലക്കി നൽകി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. കുറ്റകൃത്യത്തിനു സഹായികളായതിനും തെളിവു നശിപ്പിച്ചതിനും ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവർക്കും നേരത്തേ ജാമ്യം ലഭിച്ചിരുന്നു. 

പ്രണയബന്ധത്തിൽ നിന്നു പിന്മാറാൻ വിസമ്മതിച്ചതിനെ തുടർന്നു, കാമുകനായ ഷാരോൺ രാജിനെ 2022 ഒക്ടോബർ 14നു രാവിലെ പത്തരയോടെ വീട്ടിൽ വിളിച്ചു വരുത്തി കഷായത്തിൽ കളനാശിനി കലർത്തി നൽകിയെന്നാണു കേസ്. തുടർന്നു ഗുരുതരാവസ്ഥയിലായ ഷാരോൺ 2022 ഒക്ടോബർ 25നു തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചു.

ജാമ്യത്തിലിറങ്ങാൻ ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ടാൾ ജാമ്യവും നൽകണമെന്നാണു വ്യവസ്ഥ. വിചാരണക്കോടതിയിൽ കേസ് പരിഗണിക്കുന്ന ദിവസങ്ങളിലെല്ലാം പ്രതി ഹാജരാകണം. നിലവിലെ വിലാസവും ഫോൺ നമ്പറും അന്വേഷണ ഉദ്യോഗസ്ഥനു കൈമാറണം. വിചാരണയിൽ ഇടപെടുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്യരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker