തിരുവനന്തപുരം: വിവാഹ നിശ്ചയം നടക്കുന്ന സമയത്ത് തീരുമാനം അറിയാൻ വേണ്ടി താൻ ഗ്രീഷ്മയെ വിളിച്ചിരുന്നുവെന്നും ഷാരോണിന്റെ കൂടി ഇറങ്ങിവരുമെന്ന തരത്തിലാണ് അന്ന് ഗ്രീഷ്മ സംസാരിച്ചതെന്നും ഷാരോണിന്റെ സഹോദരൻ ഷിമോൺ. താലി വാങ്ങിക്കാൻ മുൻകൈ എടുത്തതും ഗ്രീഷ്മയായിരുന്നുവെന്നും ഷിമോൺ പറയുന്നു.
‘ നിശ്ചയം നടക്കുന്ന സമയത്ത് ഞാൻ അവളെ വിളിച്ചിട്ടുണ്ടായിരുന്നു. എന്താണ് തീരുമാനം, ഞങ്ങൾ വീട്ടിൽ വന്ന് ചോദിക്കട്ടെ എന്ന കാര്യം പറയാൻ വേണ്ടി അവളെ വിളിച്ചിരുന്നു. ചേട്ടാ അത് ഇപ്പോൾ വേണ്ട, വീട്ടുകാർ നിർബന്ധിച്ചത് കൊണ്ടാണ് ഞാൻ ഇതിന് നിന്നത്. അങ്ങനെ പറഞ്ഞ് കഴിഞ്ഞാൽ വീട്ടുകാർ എന്നെ ഇവിടെ നിന്ന് മാറ്റും. അത് കൊണ്ട് ചേട്ടാ അത് വേണ്ടാ, ഷാരോണിന്റെ കൂടെ ഇറങ്ങി വരുമെന്ന രീതിയിലാണ് പറഞ്ഞത്,” ഷിമോൺ പറഞ്ഞു.
വിവാഹ നിശ്ചയത്തിന് ശേഷം ഷാരോണും ഗ്രീഷ്മയും പിണങ്ങിയിരുന്നെന്നും പിന്നീട് ഗ്രീഷ്മ തന്നെയാണ് ബന്ധം തുടരാമെന്ന് ഷാരോണിനോട് പറഞ്ഞതെന്നും ഷിമോൺ പറയുന്നു. നവംബറിൽ ഷാരോണിനൊപ്പം ഇറങ്ങിവരാമെന്നാണ് പറഞ്ഞിരുന്നത്. അവള് തന്നെയാണ് സെലക്ട് ചെയ്ത് വാങ്ങിപ്പിച്ചതും താലികെട്ടിപ്പിച്ചതുമെന്നും ഷിമോൺ പറഞ്ഞു.
ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ ഗ്രീഷ്മയ്ക്ക് വധശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. ഷാരോണിന് കഷായത്തിൽ വിഷം കലർത്തി നൽകുകയായിരുന്നു. 2022 ഒക്ടോബർ 14 നാണ് ഗ്രീഷ്മ ഷാരോണിന് കഷായത്തിൽ വിഷം കലർത്തി നൽകിയത്. 25 ാം തീയതിയാണ് ഷാരോൺ മരണപ്പെട്ടത്. തിരുവനന്തപുരം റൂറൽ എസ് പിയായിരുന്ന ഡി ശില്പയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.
2021 ഒക്ടോബർ മുതലാണ് ഷാരോണും ഗ്രീഷ്മയും പ്രണയത്തിലായത്. 2022 മാർച്ച് 4 ന് പട്ടാളത്തിൽ ജോലി ചെയ്യുന്ന ആളുമാഇ ഗ്രീഷ്മയുടെ വിവാഹ നിശ്ചയം നടന്നു. ഇതിന് പിന്നാലെയാണ് ഇരുവരും പിണങ്ങുന്നത്. 2022 മേയ് മുതൽ ഗ്രീഷ്മ ഷാരോണുമായി വീണ്ടും അടുപ്പം കാണിച്ചു. എന്നാൽ ഷാരോണിനെ ഒഴിവാക്കാനുള്ള ശ്രമങ്ങൾ ഗ്രീഷ്മ തുടങ്ങിയിരുന്നു. ജ്യൂസിൽ പാരസെറ്റാമോൾ ഗുണികൾ ചേർത്ത് ഷാരോണിനെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നുവെങ്കിലും കയ്പ്പ് കാരണം ഷാരോൺ അത് കുടിച്ചില്ല. ഇതിന് ശേഷമാണ് ഷാരോണിനെ വീട്ടിലേക്ക് വിളിച്ച് വരുത്തിയ ശേഷം കളനാശിനി ചേർത്ത കഷായം നൽകിയത്.