നടി ഷക്കീലയുടെ ജീവിതകഥ പറയുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്
നടി ഷക്കീലയുടെ ജീവിതം ആസ്പദമാക്കി ഇന്ദ്രജിത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ഷക്കീല-നോട്ട് എ പോണ്‍സ്റ്റാര്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ചിത്രത്തില്‍ ബോളിവുഡ് നടി റിച്ച ഛദ്ദയാണ് ഷക്കീലയുടെ വേഷം അവതരിപ്പിക്കുന്നത്. ക്രിസ്മസിന് ചിത്രം തിയേറ്ററുകളില്‍ എത്തും. 16ാം വയസില്‍ ബി ഗ്രേഡ് സിനിമയിലേക്കെത്തിയ ഷക്കീലയുടെ ജീവിതവും തുടര്‍ന്ന് അവര്‍ക്ക് സംഭവിച്ച മാറ്റങ്ങളുമാണ് സിനിമ സംവദിക്കുന്നത്.
കന്നഡ സംവിധായകനായ ഇന്ദ്രജിത് ലങ്കേഷിന്റെ ആദ്യ ഹിന്ദി ചിത്രമാണ് ‘ഷക്കീല’. 2017ല്‍ കൊല ചെയ്യപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരനാണ് ഇന്ദ്രജിത്ത്. ചിത്രത്തില്‍ റിച്ചയ്ക്ക് പുറമെ പങ്കജ് ത്രിപാഠി, മലയാളി താരമായ രാജീവ് പിള്ള, കന്നഡ താരം എസ്തര്‍ നൊറോണ എന്നിവരും അഭിനയിക്കുന്നുണ്ട്.
90കളില്‍ തെന്നിന്ത്യയെ ഇളക്കിമറിച്ച താരമാണ് ഷക്കീലെ. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി 250 ചിത്രങ്ങളില്‍ ഷക്കീല വേഷമിട്ടിട്ടുണ്ട്. ഷക്കീലയുടെ ലുക്കായിരുന്നു ചിത്രത്തില്‍ താന്‍ നേരിട്ട ഏറ്റവും വലിയവെല്ലുവിളിയെന്ന് റിച്ച തന്റെ മുന്‍ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. താരം ഷക്കീലയുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു.