'ബംഗ്ലാദേശിൽ നടന്നതിന് പിന്നിൽ US'; രാജ്യം വിടുംമുമ്പ് ഷെയ്ഖ് ഹസീന തയ്യാറാക്കിയ പ്രസംഗം പുറത്ത്
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിപദം രാജിവെച്ച് ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ ഷെയ്ഖ് ഹസീന തയ്യാറാക്കിയ പ്രസംഗത്തിലെ വിവരങ്ങള്‍ പുറത്ത്. ബംഗ്ലാദേശില്‍ നടന്ന സംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ അമേരിക്കയാണെന്ന് പ്രസംഗത്തില്‍ ഹസീന കുറ്റപ്പെടുത്തി. പ്രക്ഷോഭകർ തൊട്ടരികെ എത്തിയതോടെയാണ് ഷെയ്ഖ് ഹസീനയ്ക്ക് ജനങ്ങളെ അഭിസംബോധന ചെയ്യാതെ ബംഗ്ലാദേശ് വിടേണ്ടിവന്നത്.
ഷെയ്ഖ് ഹസീനയുമായി അടുത്ത വൃത്തങ്ങളാണ് പ്രസംഗത്തിലെ വിവരങ്ങള്‍ ദേശീയമാധ്യമങ്ങളുമായി പങ്കുവെച്ചത്. ബംഗ്ലാദേശില്‍ ഭരണമാറ്റമുണ്ടാകാനായി യു.എസ്. ആസൂത്രിതമായ നീക്കം നടത്തിയെന്നാണ് ഹസീനയുടെ ആരോപണം.
'മൃതദേഹങ്ങളുടെ ഘോഷയാത്ര കാണാതിരിക്കാനായാണ് ഞാന്‍ രാജിവെച്ചത്. വിദ്യാര്‍ഥികളുടെ മൃതദേഹങ്ങളില്‍ ചവിട്ടി ഭരണത്തിലേറാനാണ് അവര്‍ ആഗ്രഹിച്ചത്. എന്നാല്‍, ഞാന്‍ അതിന് അനുവദിച്ചില്ല. പ്രധാനമന്ത്രിപദത്തില്‍ നിന്ന് ഞാന്‍ രാജിവെച്ചിരിക്കുകയാണ്', ഷെയ്ഖ് ഹസീന പറഞ്ഞു.
'സെന്റ് മാര്‍ട്ടിന്‍ ദ്വീപിന്റെ പരമാധികാരം അടിയറവെക്കുകയും ബംഗാള്‍ ഉള്‍ക്കടലിനുമേല്‍ അധികാരം സ്ഥാപിക്കാന്‍ അമേരിക്കയെ അനുവദിക്കുകയും ചെയ്തിരുന്നെങ്കില്‍ എനിക്ക് അധികാരത്തില്‍ തുടരാന്‍ കഴിയുമായിരുന്നു. തീവ്രവാദികളാല്‍ തെറ്റിദ്ധരിക്കപ്പെടരുതെന്ന് എന്റെ രാജ്യത്തെ ജനങ്ങളോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു. ഞാന്‍ രാജ്യത്ത് തുടര്‍ന്നിരുന്നെങ്കില്‍ കൂടുതല്‍ ജീവനുകള്‍ നഷ്ടമായേനെ. ഞാന്‍ സ്വയം മാറുകയാണ്. നിങ്ങളായിരുന്നു എന്റെ ബലം. നിങ്ങള്‍ക്കെന്നെ വേണ്ടാതായി, അതിനാല്‍ ഞാന്‍ പോകുന്നു', ഹസീന തുടര്‍ന്നു.
തന്റെ പാര്‍ട്ടിയായ അവാമി ലീഗിന്റെ പ്രവര്‍ത്തകരോട് പ്രതീക്ഷ കൈവെടിയരുതെന്ന് ഹസീന പറഞ്ഞു. തിരിച്ചടി നേരിട്ടപ്പോഴെല്ലാം അവാമി ലീഗ് തിരിച്ചുവന്നിട്ടുണ്ട്. താന്‍ ഉടന്‍ തിരിച്ചുവരും. താന്‍ പരാജയപ്പെട്ടുവെങ്കിലും ബംഗ്ലാദേശിലെ ജനങ്ങള്‍ വിജയിച്ചുവെന്നും ഹസീന പ്രസംഗത്തില്‍ പറഞ്ഞു.
വലിയ വിദ്യാര്‍ഥി പ്രക്ഷോഭത്തിനൊടുവിലാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് പദവി രാജിവെച്ച് രാജ്യം വിടേണ്ടിവന്നത്. പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിന്റെ ഭാഗമായി നാനൂറിലേറെ പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സൈനിക ഹെലികോപ്റ്ററില്‍ രാജ്യം വിട്ട ഷെയ്ഖ് ഹസീന നിലവില്‍ ഇന്ത്യയിലാണ് കഴിയുന്നത്.