ഷാബാ ഷെരീഫ് വധം: ഒന്നാം പ്രതിക്ക് 11 വർഷവും ഒൻപത് മാസവും തടവ്

മഞ്ചേരി: മൈസൂരുവിലെ ഒറ്റമൂലി ചികിത്സകന്‍ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസില്‍ ഒന്നാം പ്രതിയും വ്യവസായിയുമായ നിലമ്പൂര്‍ മുക്കട്ട കൈപ്പഞ്ചേരി ഷൈബിന്‍ അഷ്റഫിന് 11 വര്‍ഷവും ഒന്‍പത് മാസവും തടവുശിക്ഷ വിധിച്ചു. ഷൈബിന്റെ മാനേജരായിരുന്ന രണ്ടാം പ്രതി വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ശിഹാബുദ്ദീന് ആറ് വര്‍ഷവും ഒന്‍പത് മാസവും ആറാം പ്രതി ഷൈബിന്റെ ഡ്രൈവര്‍ നിലമ്പൂര്‍ മുക്കട്ട നടുത്തൊടിക സ്വദേശി നിഷാദിന് മൂന്ന് വര്‍ഷവും ഒന്‍പത് മാസവും തടവും കോടതി വിധിച്ചു. മഞ്ചേരി ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. തുഷാറാണ് ശിക്ഷ വിധിച്ചത്.
നേരത്തെ കേസില്‍ കേസില്‍ മൂന്നു പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. മൃതദേഹമോ അവശിഷ്ടങ്ങളോ കണ്ടെത്താന്‍ കഴിയാതിരുന്ന കേസില്‍ ഒന്നാം പ്രതിയുടെ കാറില്‍നിന്ന് ലഭിച്ച തലമുടി പരിശോധിച്ചാണ് പോലീസ് കേസ് തെളിയിച്ചത്. പതിനഞ്ചു പ്രതികളില്‍ ഒന്‍പതുപേരെ കോടതി കുറ്റക്കാരല്ലെന്നുകണ്ട് വെറുതെവിട്ടു. പ്രതികളിലൊരാളായ കുന്നേക്കാടൻ ഷമീം ഇപ്പോഴും ഒളിവിലാണ്. മറ്റൊരുപ്രതി മുക്കട്ട കൈപ്പഞ്ചേരി ഫാസിൽ (33) ഒളിവിൽക്കഴിയവേ വൃക്കരോഗത്തെത്തുടർന്ന് ഗോവയിൽ മരിച്ചു. ഏഴാംപ്രതി ബത്തേരി തങ്ങളകത്ത് നൗഷാദിനെ (44) മാപ്പുസാക്ഷിയാക്കി.
നിലമ്പൂർ ചന്തക്കുന്ന് കൂത്രാടൻ അജ്മൽ (33), പൂളക്കുളങ്ങര ഷബീബ് റഹ്‌മാൻ (33), വണ്ടൂർ പഴയ വാണിയമ്പലം ചീര ഷഫീഖ് (31), ചന്തക്കുന്ന് ചാരംകുളം കാപ്പുമുഖത്ത് അബ്ദുൽവാഹിദ് (29), ചന്തക്കുന്ന് വൃന്ദാവനത്തിൽ സുനിൽ (43), വണ്ടൂർ മുത്തശ്ശിക്കുന്ന് കാപ്പിൽ മിഥുൻ(31), വണ്ടൂർ കുളിക്കാട്ടുപടി പാലപ്പറമ്പിൽ കൃഷ്ണപ്രസാദ് (29), ഷൈബിന്റെ ഭാര്യ കൈപ്പഞ്ചേരി ഫസ്‌ന (31), ഷൈബിന്റെ സഹായി റിട്ട. എസ്.ഐ. സുന്ദരൻ സുകുമാരൻ (66) എന്നിവരെയാണ് വെറുതെ വിട്ടത്.
2022 ഏപ്രിൽ 23-ന് ഏതാനുംപേർ തന്റെ വീട്ടിൽ കയറി തന്നെ മർദിച്ചുവെന്ന ഷൈബിൻ അഷ്റഫിന്റെ പരാതിയാണ് ഷാബാ ഷെരീഫ് കൊലപാതകക്കേസ് പുറത്തുകൊണ്ടുവന്നത്. ഇയാളെ അക്രമിച്ച കേസിലെ അഞ്ചു പ്രതികൾ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുൻപിൽ തീ കൊളുത്തി ആത്മഹത്യാ ഭീഷണി മുഴക്കുകയും ഷാബാ ഷെരീഫ് കൊലപാതകമടക്കമുള്ള ഷൈബിന്റെ കുറ്റകൃത്യങ്ങൾ വെളിപ്പെടുത്തുകയുമായിരുന്നു. ഇതേത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
2019 ഓഗസ്റ്റിൽ മൈസൂരുവിൽനിന്ന് തട്ടിക്കൊണ്ടുവന്ന നാട്ടുവൈദ്യൻ ഷാബാ ഷെരീഫിനെ ഒന്നരവർഷത്തോളം ഷൈബിന്റെ മുക്കട്ടയിലെ വീട്ടിൽ തടവിലാക്കിയശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. കൊലപാതകവുമായി ബന്ധപ്പെട്ട് ചെറിയ തെളിവുകൾ ഷൈബിന്റെ വീട്ടിൽനിന്ന് ലഭിച്ചിരുന്നു. എങ്കിലും മൃതദേഹം തള്ളിയതായി പ്രതികൾ മൊഴിനൽകിയ ചാലിയാർ പുഴയിൽ എടവണ്ണ സീതിഹാജി പാലത്തിനുസമീപം തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഷൈബിൻ ഉപയോഗിച്ച കാറിൽനിന്നു ലഭിച്ച മുടി ഷാബാ ഷെരീഫിന്റേതാണെന്ന ഡി.എൻ.എ. പരിശോധനാഫലമാണ് കേസിൽ നിർണായകമായത്.
മൂലക്കുരു ചികിത്സിച്ചു ഭേദപ്പെടുത്തിയിരുന്ന ഷാബാ ഷെരീഫിൽനിന്ന് ഇതിന്റെ ഒറ്റമൂലി രഹസ്യം ചോർത്താൻ 2019 ഓഗസ്റ്റ് ഒന്നിന് ഷൈബിൻ അഷ്റഫിന്റെ സംഘം അദ്ദേഹത്തെ മൈസൂരുവിൽനിന്ന് തട്ടിക്കൊണ്ടുവന്നു മുക്കട്ടയിലെ വീട്ടിൽ തടവിൽ പാർപ്പിക്കുകയും രഹസ്യം കൈമാറാതെ വന്നതോടെ 2020 ഒക്ടോബർ എട്ടിന് കൊലപ്പെടുത്തുകയുമായിരുന്നു. ഒറ്റമൂലി മരുന്നുകളുടെ രഹസ്യം ചോർത്തി മരുന്നുവ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു ഷൈബിന്റെ ലക്ഷ്യം.