CrimeKeralaNews

സ്ത്രീകളെ രതിവൈകൃതങ്ങള്‍ക്ക് വിധേയമാക്കി പീഡിപ്പിയ്ക്കുന്ന ഷാഫി സൈക്കോ,ഇരകളെ സംസാരിച്ച് പാട്ടിലാക്കാന്‍ വിരുതന്‍,വീടില്ലെങ്കിലും കാറും ബസും ആഡംബരജീവിതവും,കൊടുംകുറ്റവാളിയുടെ ക്രൂരതകളിങ്ങനെ

കൊച്ചി: ഇലന്തൂരിലെ നരബലിയുടെ സൂത്രധാരൻ മുഹമ്മദ് ഷാഫി സൈക്കോ സ്വഭാവം ഉള്ള ക്രിമിനൽ. ഷാഫി ഇലന്തൂരെ ഭഗവൽ സിങ്ങും, ലൈലയുമായി അടുക്കുന്നത് ഒരു ആറ് മാസമായി കാണുമെന്നാണ് നാട്ടുകാർ പറയുന്നത്. കാരണം അപ്പോൾ മുതലാണ് ഇയാളുടെ പരസ്യമായ വരവും പോക്കും. അതിന് മുമ്പും വന്നുപോയിരിക്കാമെന്നും ചിലർ പറഞ്ഞു. വൈദ്യരുടെ അടുത്ത് തിരുമ്മാൻ വന്നിരുന്ന ആളെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ, ആഭിചാര ക്രിയ നടത്തിയിരുന്ന കൊലയാളിയെന്ന് മനസ്സിലായത് ചൊവ്വാഴ്ചയും. ഇലന്തൂരിൽ കൊല ചെയ്ത ഒരു സ്ത്രീയുടെ രഹസ്യഭാഗം പൊരിച്ച് കഴിച്ചതായും സൂചനയുണ്ട്. ഇതും അന്ധവിശ്വാസത്തിന്റെ പേരിലുള്ള സൈക്കോ ഷാഫിയുടെ മുതലെടുപ്പായിരുന്നു എന്ന്‌
കരുതേണ്ടി വരും.

സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിൽ സൈക്കോ ഷാഫി ആനന്ദം കണ്ടെത്തിയിരുന്നു. നന്നായി സംസാരിച്ച് സ്ത്രീകളെ വശത്താക്കാനും ഇയാൾക്ക് വിരുതുണ്ടായിരുന്നു. പെരുമ്പാവൂർ സ്വദേശിയാണെങ്കിലും, എറണാകുളം സൗത്തിലായിരുന്നു താമസം. വാടക വീട്ടിലാണ് താമസമെങ്കിലും, നിരവധി വാഹനങ്ങൾ ഉണ്ട്. സ്‌കോർപ്പിയോയിൽ തുടങ്ങി ആലുവ ഫോർട്ട് കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന പ്രൈവറ്റ് ബസ് വരെ സ്വന്തമായുണ്ടായിരുന്നുവെന്നാണ് സുഹൃത്ത് ബിലാൽ പറയുന്നത്. മകളുടെ മക്കളുടെ പേരിലുള്ള അദീൻസ് എന്ന പ്രൈവറ്റ് ബസാണ് ഈ റൂട്ടിൽ സർവീസ് നടത്തിയിരുന്നത്. കേസിൽ പിടികൂടിയ സ്‌കോർപ്പിയോ കാറും മകളുടെ മക്കളുടെ പേരിൽ തന്നെയായിരുന്നു. കൂടാതെ സൗത്തിൽ ഒരു ഹോട്ടലും ഷാഫിയും കുടുംബവും ചേർന്ന് നടത്തിയിരുന്നു.

ഷാഫി ലഹരി മരുന്ന് സംഘത്തിലെ കണ്ണിയായിരുന്നുവെന്നും ആരോപണമുയർന്നിട്ടുണ്ട്. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി പദാർഥങ്ങൾ ഷാഫി ഉപയോഗിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ലഹരി എത്തിച്ചിരുന്നുവെന്നും സുഹൃത്ത് വെളിപ്പെടുത്തി.ലോട്ടറി വിൽക്കുന്ന മറ്റ് പല സ്ത്രീകളെയും സ്വാധീനിക്കാൻ ഷാഫി ശ്രമിച്ചിരുന്നു. ഇവരിൽ നിന്ന് ലോട്ടറി എടുത്തും പണം കടം നൽകിയും ലോട്ടറി വിൽക്കുന്ന സ്ത്രീകളുമായി ചങ്ങാത്തം കൂടി. ഇങ്ങനെയാണ് പത്മയുമായി ബന്ധം സ്ഥാപിച്ചത്. കളമശേരിയിൽ ഒരു കൊലപാതക കേസിൽ താൻ ജയിലിൽ കിടന്നതാണ് ഷാഫി പറഞ്ഞിട്ടുണ്ട്. അതിനുശേഷമാണ് എറണാകുളത്ത് വാടകയ്ക്ക് താമസിക്കുന്നതിനായി എത്തിയതെന്നാണ് അദ്ദേഹം പറഞ്ഞതെന്നും സുഹൃത്ത് പറഞ്ഞു.

രാത്രികാലങ്ങളിൽ ഒറ്റക്കിറങ്ങി നടക്കുന്ന സ്ത്രീകളേയും ഒറ്റക്ക് ജീവിക്കുന്ന സ്ത്രീകളെയും കണ്ടെത്തി അവരെ നരബലിക്കെത്തിക്കുന്നതിനുള്ള നീക്കമാണ് ഷാഫി നടത്തിയത്. ഇതിനായി സൗത്ത് കെഎസ്ആർടിസി ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ എത്തുന്ന സ്ത്രീകളെ സമീപിച്ചിരുന്നു. ഇവരുമായി പലവിധ വഴികളിലൂടെ ബന്ധം സ്ഥാപിക്കും. തുടർന്ന് ഇവർക്ക് പണം ഉൾപ്പെടെ കടം നൽകി വിശ്വാസം പിടിച്ചു പറ്റാനും ഷാഫി ശ്രമിക്കും. ഇത്തരത്തിൽ ഏറെ കാലമായി നല്ല ബന്ധത്തിലായിരുന്നവരെയാണ് ഷാഫി നരബലിക്കായി എത്തിച്ചത്.

എറണാകുളം പുത്തൻകുരിശ് പൊലീസ് സ്റ്റേഷൻ പരിധിയിൽ 75കാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ വിചാരണ നേരിടാനിരിക്കുകയാണ് ഇയാൾ. പുത്തൻകുരിശ്ശിലെ ഒരു സ്വകാര്യ കമ്പനിയിൽ ലോറി ഡ്രൈവറായി ജോലി ചെയ്യുമ്പോൾ 2020 ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം.

ജോലി ചെയ്യുന്ന സ്ഥലത്തിന് സമീപത്തുള്ള 60-കാരിയുമായി ഷാഫിക്ക് ബന്ധമുണ്ടായിരുന്നു. ഇവരുടെ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു. ഒരിക്കൽ മദ്യപിച്ച് ഈ സ്ത്രീയുടെ വീട്ടിൽ നിൽക്കുമ്പോൾ വഴിയിലൂടെ നടന്നുപോയ 75-കാരിയെയാണ് ആക്രമിച്ചത്. താനുമായി അടുപ്പമുള്ള സ്ത്രീയുടെ സഹായത്തോടെ ഇവരെ വീട്ടിലേക്ക് വലിച്ചുകൊണ്ടുപോയ ശേഷം തന്റെ അടുപ്പക്കാരിയുടെ മുന്നിൽ വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിനുശേഷം ഇയാൾ കയ്യിൽ കരുതാറുള്ള കത്തി ഉപയോഗിച്ച് 75കാരിയെ ആക്രമിച്ചു. തുടർന്ന് അവിടെനിന്ന് പോയി. ഈ കേസിൽ ഷാഫിയെ പുത്തൻകുരിശ്ശ് പൊലീസ് അറസ്റ്റ് ചെയ്ത്‌കോടതിയിൽ ഹാജരാക്കി.2021 ഫെബ്രുവരിയിൽ കേസിൽ ജാമ്യത്തിലിറങ്ങി.

പുത്തൻകുരിശ് പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ നിലനിന്നിരുന്നതിനാൽ ഇയാൾ പിന്നീട് അവിടേക്ക് പോയില്ല. ഈ കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് ഇപ്പോൾ കേരളത്തെ ഞെട്ടിക്കുന്ന മറ്റൊരു കേസിൽ ഇയാൾ പിടിയിലാകുന്നത്. ക്രിമിനൽ പശ്ചാത്തലവും ഇരകളെ അക്രമിക്കുന്ന മനോഭാവുമുള്ള വ്യക്തിയാണ് ഷാഫിയെന്ന് പൊലീസ് പറയുന്നു. മദ്യവും മയക്കുമരുന്നും സ്ഥിരമായി ഉപയോഗിക്കുന്നയാളാണ്. പുത്തൻകുരിശ് സംഭവത്തിന് ശേഷം ഇവിടേക്ക് പ്രവേശിക്കാൻ ആവാത്തതോടെയാണ് മറ്റ് സ്ഥലങ്ങളിലേക്ക് പ്രവർത്തനം മാറിയത്.

പിന്നീട് കടവന്ത്രയിൽ ഒരു കട നടത്തിവരികയായിരുന്നു. ഈ പ്രദേശം കേന്ദ്രീകരിച്ച് ജോലികൾ ചെയ്തിരുന്ന സ്ത്രീകളെയാണ് വലയിലാക്കാൻ ശ്രമിച്ചതും. അധികം ബന്ധുബലമില്ലാത്ത ആരും അന്വേഷിച്ച് വരാൻ സാധ്യതയില്ലാത്ത ആളുകളെ നോക്കിയാണ് ഇലന്തൂർ സംഭവത്തിൽ പോലും ഇരയാക്കാൻ തിരഞ്ഞെടുത്തത്.

തൃശൂർ വടക്കഞ്ചേരി സ്വദേശിനി റോസ്ലി കാലടിയിൽ ലോട്ടറി കച്ചവടം നടത്തി വരവെയാണ് ഏജന്റ് മുഹമ്മദ് ഷാഫിയുമായി പരിചയപ്പെടുന്നത്. പണം വാഗ്ദാനം ചെയ്ത് ഇലന്തൂരിലെ ദമ്പതികളുടെ വീട്ടിലെത്തിച്ച റോസ്ലിയെ കട്ടിലിൽ കെട്ടിയിട്ടു. ശേഷം ഭഗവൽ സിങ്ങിന്റെ ഭാര്യ ലൈലയെ കൊണ്ട് നരബലി ചെയ്യിക്കുകയും ചെയ്തു. ലൈലയെ കൊണ്ട് റോസ്ലിന്റെ കഴുത്ത് അറുത്ത ശേഷം ജനനേന്ദ്രിയത്തിൽ കത്തി കയറ്റിയിറക്കി രക്തം പുറത്തേക്ക് ഒഴുക്കി. ഈ രക്തം പാത്രത്തിൽ ശേഖരിച്ച ശേഷം വീട് ശുദ്ധീകരിക്കാൻ പലഭാഗങ്ങളിലും തളിക്കാനും ആവശ്യപ്പെട്ടു. ഏകദേശം രണ്ടരലക്ഷം രൂപ പ്രതിഫലമായി സ്വീകരിച്ച ശേഷമാണ് ഷാഫി മടങ്ങിയത്.

ശ്രീദേവി എന്ന പേരിൽ ഷാഫി ഫേസ്‌ബുക്കിൽ ഒരു വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഭഗവൽ സിങ്ങുമായും ലൈലയുമായും ബന്ധമുണ്ടാക്കി.. ഭഗവൽ സിങ്ങുമായി നല്ല ബന്ധം സ്ഥാപിച്ച ശേഷം പെരുമ്പാവൂരിൽ ഒരു സിദ്ധനുണ്ടെന്നും അയാളുടെ പേര് റഷീദ് എന്നാണെന്നും ഷാഫി ഇവരോടു പറഞ്ഞു. റഷീദിനെ പരിചയപ്പെടുന്നത് നല്ലതാണെന്നും അതിലൂടെ കുടുംബത്തിൽ കൂടുതൽ സമ്പത്തും ഐശ്വര്യവും കൊണ്ടുവരാനാകുമെന്നും ഭഗവൽ സിങ്ങിനെയും ലൈലയെയും പറഞ്ഞുവിശ്വസിപ്പിച്ചു. താൻ ഇതിന്റെ ഗുണം അനുഭവിക്കുന്നയാളാണെന്നും ശ്രീദേവിയായി ചമഞ്ഞ ചമഞ്ഞ ഷാഫി ഇവരെ വിശ്വസിപ്പിച്ചു.

തുടർന്ന് ശ്രീദേവി എന്ന വ്യാജ അക്കൗണ്ടിലൂടെ റഷീദ് എന്ന സിദ്ധന്റെ നമ്പർ ആണെന്നു പറഞ്ഞ് സ്വന്തം മൊബൈൽ നമ്പർ ഷാഫി കൈമാറി. ഭഗവൽ സിങ് ബന്ധപ്പെട്ടതോടെ ഷാഫി, ഭഗവൽ സിങ്ങിന്റെ വീട്ടിലെത്തി. ഭഗവൽ സിങ്ങിന്റെ കുടുംബവുമായി പരിചയപ്പെടുകയും നല്ല സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. കുടുംബത്തിന് ഐശ്വര്യം ഉണ്ടാകാൻ എന്ന പേരിൽ തെറ്റിദ്ധരിപ്പിച്ച് ഭഗവൽ സിങ്ങിന്റെ ഭാര്യ ലൈലയെ ഷാഫി ലൈംഗികമായി ഉപയോഗിച്ചു. നരബലി നൽകിയാൽ കൂടുതൽ സമ്പത്തും ഐശ്വര്യവും ഉണ്ടാകുമെന്ന് ഇവരെ ഷാഫി വിശ്വസിപ്പിച്ചു.

ഇത്തരത്തിൽ ഗുണമുണ്ടായ ആളാണ് ശ്രീദേവിയെന്നും ഷാഫി ഭഗവൽ സിങ്ങിനോടു പറഞ്ഞു. ഇക്കാര്യത്തിൽ വാസ്തവമുണ്ടോ എന്നറിയാൻ ഭഗവൽ സിങ് ശ്രീദേവി എന്ന അക്കൗണ്ടിലേക്ക് മെസേജ് അയച്ചു. ശ്രീദേവിയും ഇതിനെ സാധൂകരിച്ച് മറുപടി നൽകിയതോടെ നരബലിയിലേക്ക് കടക്കാൻ ഇയാൾ തീരുമാനിക്കുകയായിരുന്നു. എന്നാൽ ശ്രീദേവി എന്ന പേരിലെ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് ഷാഫി ആണെന്ന് ഭഗവൽ സിങ് അറിഞ്ഞിരുന്നില്ല.

റോസ്ലിനെ നരബലി നൽകി ഒരുമാസത്തിനു ശേഷം പ്രതീക്ഷിച്ച ഗുണമൊന്നും ലഭിച്ചില്ലെന്ന് ഭഗവൽ സിങ് റഷീദ് എന്ന സിദ്ധനെ അറിയിച്ചു. ഇതിന് കാരണം കുടുംബത്തിലെ ഒരു ശാപമായിരുന്നു എന്നായിരുന്നു ഷാഫി നൽകിയ മറുപടി. ആദ്യത്തെ നരബലിയോടെ ഈ ദോഷം മാറിയെന്നും മറ്റൊരു നരബലി കൂടി നൽകിയാൽ ഐശ്വര്യവും സമ്പത്തും വരുമെന്ന് ഇവരെ വീണ്ടും തെറ്റിദ്ധരിപ്പിച്ചു. ഇതോടെയാണ് കടവന്ത്രയിൽനിന്ന് പത്മയെ ഷാഫി കൂട്ടിക്കൊണ്ടുപോയത്. സിനിമയിൽ അഭിനയിപ്പിക്കാമെന്നും പത്തുലക്ഷം രൂപ നൽകാമെന്നുമായിരുന്നു പത്മയ്ക്കും നൽകിയ വാഗ്ദാനം.

രാത്രി ഇലന്തൂരിലെത്തിച്ച പത്മയെയും നരബലി നൽകി. ലൈലയെ കൊണ്ട് പത്മയുടെ കഴുത്തറുത്തു. ജനനേന്ദ്രിയത്തിൽ കത്തികയറ്റിയിറക്കുകയുമായിരുന്നു. ഈ സമയത്തും ഭഗവൽ സിങ്ങ് അവിടെയുണ്ടായിരുന്നു. ഇപ്രകാരമാണ് ഷാഫി പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ഇക്കാര്യം പൂർണമായി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ലെങ്കിലും ഇതിന് സാധ്യതയുണ്ടെന്നാണ് കരുതുന്നത്.

ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഭഗവൽ സിങ്ങിനെയും ലൈലയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തുകൊച്ചിയിലെത്തിച്ചത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. മറ്റാർക്കും ഇതിൽ പങ്കില്ലെന്നുമാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ ഇക്കാര്യം പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല.രണ്ട് സ്ത്രീകളെ നരബലി നൽകിയ സംഭവത്തിൽ ഏജന്റ് മുഹമ്മദ് ഷാഫി, ഭഗവൽ സിങ്, ഭാര്യ ലൈല എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker