KeralaNews

കടുത്ത പ്രതിസന്ധി;ബൈജൂസ് രാജ്യത്ത് പ്രവർത്തിക്കുന്ന മിക്ക ഓഫീസുകളും അടച്ചുപൂട്ടി

ബെംഗളൂരു:കടുത്ത പ്രതിസന്ധിയെ തുടര്‍ന്ന് ബൈജൂസ് രാജ്യത്ത് പ്രവർത്തിക്കുന്ന മിക്ക ഓഫീസുകളും അടച്ചുപൂട്ടി. ഇരുപതിനായിരത്തോളം ജീവനക്കാർക്ക് ശമ്പളം നൽകുന്നതിന് സാധിക്കാതിരുന്നതിന് തൊട്ടു പിന്നാലെയാണ് ചെലവ് ചുരുക്കലിന്റെ ഭാഗമായി ഓഫിസുകൾ പൂട്ടിയത്. ബെംഗളൂരുവിലെ ഐബിസി നോളജ് പാർക്കിൽ സ്ഥിതി ചെയ്യുന്ന ആസ്ഥാനം ഒഴികെ രാജ്യത്തുടനീളമുള്ള എല്ലാ ഓഫീസുകളും ബൈജു അടച്ചിട്ടിരിക്കുകയാണെന്ന് വിവരം.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് എല്ലാ ജീവനക്കാര്‍ക്കും നിർദേശം. ബൈജൂസ് ഇന്ത്യ സിഇഒ അർജുൻ മോഹൻ നടപ്പാക്കുന്ന പുനഃക്രമീകരണ പദ്ധതിയുടെ ഭാഗമായാണ് കമ്പനി ഈ തീരുമാനമെടുത്തത്.

ബൈജൂസ് ട്യൂഷൻ സെൻററുകൾ പ്രവർത്തനം തുടരുമെന്ന് കമ്പനി അറിയിച്ചു . ട്യൂഷൻ സെൻററുകൾ വരുമാനം ഉറപ്പാക്കാൻ സഹായിക്കുമെന്നതിനാലാണ് പൂട്ടാതിരിക്കുന്നത് . ഫെബ്രുവരി മാസത്തെ ശമ്പളം മാർച്ച് 10നകം ലഭിക്കുമെന്ന് ബൈജൂസ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രൻ നേരത്തെ ജീവനക്കാർക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ശമ്പളം നൽകുന്നതിൽ കമ്പനി പരാജയപ്പെട്ടു.

ബൈജു രവീന്ദ്രനും കമ്പനിയുടെ ചില ഓഹരി ഉടമകളും തമ്മിൽ പുതിയ ബോർഡ് രൂപീകരണവുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുകയാണ്. ഏതാനും ദിവസം മുമ്പ് ബൈജു രവീന്ദ്രനെയും കുടുംബത്തെയും ബോർഡിൽ നിന്ന് മാറ്റാൻ ഓഹരി ഉടമകൾ തീരുമാനിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button