കോഴിക്കോട്ട് വീണ്ടും ഷിഗെല്ല വൈറസ് ബാധ;ഏഴു വയസ്സുകാരിക്ക് രോഗം സ്ഥിരീകരിച്ചു
കോഴിക്കോട്: ഒരിടവേളയ്ക്ക് ശേഷം കോഴിക്കോട് ജില്ലയില്‍ വീണ്ടും ഷിഗല്ല വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് നഗരത്തിലെ പുതിയാപ്പയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇത് തീരദേശ മേഖലയാണ്. എന്നാല്‍ പുതിയാപ്പയുടെ ഭാഗമായ മേഖലയിലാണ് രോഗം സ്ഥിരീകരിച്ചത്. പുതിയാപ്പ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള എരഞ്ഞിക്കലിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. അതേസമയം രോഗവ്യാപനമുണ്ടായിട്ടില്ലെന്നും, ഒരാള്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്നും ആരോഗ്യ വകുപ്പ് പറഞ്ഞു.
ഇന്നലെയാണ് പുതിയാപ്പ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത്. എഴ് വയസ്സുള്ള പെണ്‍കുട്ടിക്കാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. ഈ കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നും നിലവില്‍ ഇല്ലെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. ഈ മാസം പതിനാറിന് ചികിത്സ കഴിഞ്ഞ് കുട്ടി വീട്ടില്‍ വിശ്രമത്തിലാണ്. നിലവില്‍ മറ്റൊരു കുട്ടിക്ക് കൂടി രോഗലക്ഷണം ഉണ്ടെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഈ കുട്ടി നേരത്തെ രോഗം ബാധിച്ച പെണ്‍കുട്ടിയുടെ അയല്‍വാസിയാണ്. കുട്ടി തലക്കുളത്തൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയിരിക്കുകയാണ്.
ഏഴുവയസ്സുകാരിക്ക് ഈ മാസം 20, 21 തിയതികളായിട്ടാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. മലത്തില്‍ രക്തം കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. രണ്ട് കുട്ടികള്‍ക്കും നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തതിനാല്‍ മുന്‍കരുതലെന്ന നിലയില്‍ പ്രദേശത്തെ നൂറ് വീടുകളിലെ കിണറുകള്‍ ആരോഗ്യ വകുപ്പ് ക്ലോറിനേറ്റ് ചെയ്തു. പനി, വയറിളക്ക ലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്താനായി സര്‍വേയും നടത്തി.
പ്രദേശത്ത് അഞ്ഞൂറോളം പേര്‍ പങ്കെടുത്ത വിരുന്നിന്റെ ഭാഗമായവരാണ് രോഗം സ്ഥിരീകരിച്ച കുട്ടിയും, രോഗം സംശയിക്കുന്ന കുട്ടിയും. രോഗബാധയുടെ പശ്ചാത്തലത്തില്‍ എരഞ്ഞിക്കല്‍ മേഖലയില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. 2020 ഡിസംബറില്‍ കോഴിക്കോട് കോട്ടാംപറമ്പില്‍ പതിനൊന്ന് വയസ്സുകാരന്‍ ഷിഗെല്ല രോഗം ബാധിച്ച് മരിച്ചിരുന്നു. മരണനാനന്തരമായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഇതോടെ കുട്ടിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ആറ് പേര്‍ക്ക്കൂടി പിന്നീട് രോഗം സ്ഥിരീകരിച്ചു. ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് നാരങ്ങാ വെള്ളം വിതരണം ചെയ്തിരുന്നു. ഇതിലൂടെയാണ് രോഗ വ്യാപനമുണ്ടായത്.