News

കൊവിഷീല്‍ഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാന്‍ അനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡല്‍ഹി: കൊവിഷീല്‍ഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാന്‍ അനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഇത് സംബന്ധിച്ച അപേക്ഷ ഡിസിജിഐക്ക് സമര്‍പ്പിച്ചു. ബൂസ്റ്റര്‍ ഡോസ് എന്ന ആവശ്യം ശക്തമാകുന്നതിനിടെ ഒമിക്രോണ്‍ വ്യാപിക്കുന്നതിനാലാണ് അനുമതി തേടിയതെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.

യുകെ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജന്‍സി ഇതിനകം ആസ്ട്രസെനക്ക വാക്സിന്റെ ബൂസ്റ്റര്‍ ഡോസിന് അംഗീകാരം നല്‍കിയിട്ടുണ്ടെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാട്ടി. ബൂസ്റ്റര്‍ ഡോസില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം കൊവിഡ് ടാസ്‌ക് ഫോഴ്സ് അറിയിച്ചിരുന്നു.

അതേസമയം ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ്. 23 രാജ്യങ്ങളില്‍ ഒമിക്രോണ്‍ സാന്നിധ്യം ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിട്ടുണ്ട്. ബോട്സ്വാന, ദക്ഷിണാഫ്രിക്ക, നൈജീരിയ, യു.കെ, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ഓസ്ട്രിയ, ബെല്‍ജിയം, ബ്രസീല്‍, ഫ്രാന്‍സ്, ജര്‍മനി, ഹോങ്ങ് കോങ്ങ്, ഇസ്രായേല്‍, ഇറ്റലി, ജപ്പാന്‍, നെതര്‍ലന്‍ഡ്സ്, നോര്‍വേ, സ്പെയ്ന്‍, പോര്‍ചുഗല്‍, സ്വീഡന്‍, കാനഡ, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളിലാണ് നിലവില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

അതിനിടെ അമേരിക്കയിലും യുഎഇയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. കാലിഫോര്‍ണിയയിലാണ് അമേരിക്കയിലെ ആദ്യ കേസ് സ്ഥിരീകരിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍നിന്നും വന്ന യാത്രക്കാരനിലാണ് വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയത്. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച വ്യക്തിയാണ്. ചെറിയ ലക്ഷണങ്ങള്‍ മാത്രമാണ് പ്രകടിപ്പിച്ചത്.

നവംബര്‍ 22 ന് ആണ് ഇദ്ദേഹം ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തിയത്. 29 ന് ആണ് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നത്. ഇദ്ദേഹവുമായി അടുത്ത് ബന്ധം പുലര്‍ത്തിയവരെയെല്ലാം പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. എന്നാല്‍ എല്ലാവരും തന്നെ നെഗറ്റീവാണെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) അറിയിച്ചു.

യുഎഇയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ആഫ്രിക്കയില്‍നിന്നും എത്തിയ സ്ത്രീയിലാണ് വൈറസ് കണ്ടെത്തിയത്. ഇവരുമായി സമ്പര്‍ക്കത്തില്‍ എത്തിയവരെയും കാറന്റൈനിലാക്കി. ഗള്‍ഫ് രാജ്യങ്ങളിലെ ആദ്യ ഒമിക്രോണ്‍ കോവിഡ് കേസ് സൗദിയിലാണ് സ്ഥിരീകരിച്ചത്. ഉത്തര ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു മടങ്ങിയെത്തിയ സൗദി പൗരനാണു രോഗബാധ. രോഗിയെയും അയാളുമായി സന്പര്‍ക്കമുണ്ടായവരെയും ഐസൊലേഷനിലാക്കി. ദക്ഷിണകൊറിയയില്‍ ഇന്നലെ അഞ്ചു പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. നേരത്തെ പന്ത്രണ്ടോളം രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker