കോട്ടയം:സർവീസിൽ നിന്ന് വിരമിക്കുന്ന സ്റ്റേഷൻ ജീവനക്കാരനായ ഷെലീബ് കുമാറിന് ഇന്ന് രാവിലെ ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ സംഘടിപ്പിച്ച യോഗത്തിൽ റെയിൽവേ പാസഞ്ചേഴ്സ് കൂട്ടായ്മ യാത്രയയപ്പ് നൽകിയാദരിച്ചു. സർവീസിലിരിക്കെ യാത്രക്കാർക്ക് ആവശ്യമായ സഹായങ്ങളും നിർദേശങ്ങളും നൽകുന്ന കാര്യത്തിൽ മറ്റു ജീവനക്കാർക്ക് അദ്ദേഹം മാതൃകയായിരുന്നുവെന്ന് അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ എന്നിവർ അഭിപ്രായപ്പെട്ടു.
യാത്രക്കാരോടെല്ലാം നല്ല സൗഹൃദം സൂക്ഷിച്ച ഷെലീബ് കുമാറിന്റെ സ്റ്റേഷനോടും ജോലിയോടുമുള്ള പ്രതിബദ്ധത യാത്രക്കാർ പങ്കുവെച്ചു. ദീർഘകാലമായി ട്രെയിനിൽ യാത്ര ചെയ്യുന്ന യാത്രക്കാരിൽ വളരെ സീനിയറായ അനിൽകുമാർ ആർപ്പുക്കര, അജികുമാർ കടപ്പൂർ എന്നിവർ ചേർന്നു പൊന്നാടയണിയിക്കുകയും സ്ത്രീയാത്രക്കാരായ രജനി സുനിൽ, ആതിര അനിൽ എന്നിവർ ചേർന്ന് യാത്രക്കാർക്ക് വേണ്ടി സ്മരണിക നൽകുകയും ചെയ്തു.
യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ യദു കൃഷ്ണ, ഗോകുൽ, ലെനിൻ കൈലാസ് അടക്കം നിരവധി യാത്രക്കാർ പങ്കെടുത്തു. സ്റ്റേഷന്റെ സമഗ്ര വികസനത്തിന് ഇത്തരം കൂട്ടായ്മകൾ മികച്ച റിസൾട്ട് നൽകുമെന്ന് മറുപടി പ്രസംഗത്തിൽ ഷെലീബ് കുമാർ പറഞ്ഞു.
സ്റ്റേഷനിലെ ഓവർ ബ്രിഡ്ജിൽ നിന്ന് പാർക്കിംഗ് ഏരിയയിലേയ്ക്കും അപ്രോച്ച് റോഡിലേയ്ക്കും നേരിട്ട് പ്രവേശിക്കാവുന്ന വിധം വഴിതുറന്നു നൽകണമെന്ന് യാത്രക്കാരൊന്നടങ്കം സ്റ്റേഷൻ സുപ്രണ്ടിനെ കണ്ട് നിവേദനം നൽകുകയും ചെയ്തു. പടികൾ കയറുന്നതിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രായമായവർക്കും അംഗപരിമിതർക്കും പ്ലാറ്റ് ഫോമിലേയ്ക്ക് നേരിട്ട് പ്രവേശിക്കുന്നതിന് അതിലൂടെ വളരെ സൗകര്യപ്രദമാണെന്ന് അംബിക ദേവിയും സിമി ജ്യോതിയും സ്റ്റേഷൻ സുപ്രണ്ട് അനൂപ് ഐസക്കിന് നൽകിയ നിവേദനത്തിൽ പറയുന്നു. യാത്രക്കാരുടെ ആവശ്യം ഉന്നതാധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് സ്റ്റേഷൻ സുപ്രണ്ട് യാത്രക്കാർക്ക് ഉറപ്പുനൽകി.