ബംഗളൂരു: ന്യൂസിലന്‍ഡിനെതിരെ ജയിച്ചിട്ടും ഏകദിന ലോകകപ്പ് പോയിന്റ് പട്ടികയില്‍ ആദ്യ നാലിലെത്താന്‍ സാധിക്കാതെ പാകിസ്ഥാന്‍. ഇരു ടീമുകള്‍ക്കും എട്ട് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റ് വീതമുണ്ട്. എന്നാല്‍ മോശം നെറ്റ് റണ്‍റേറ്റാണ് പാകിസ്ഥാന് വിലങ്ങുതടിയായത്. ഒരു മത്സരം കുറച്ച് കളിച്ച അഫ്ഗാനിസ്ഥാനും എട്ട് പോയിന്റാണുള്ളത്.
എന്നാല്‍ പാകിസ്ഥാന് പിന്നില്‍ ആറാമതാണ് അഫ്ഗാന്‍. ഏഴ് മത്സരങ്ങളില്‍ 10 പോയിന്റുള്ള ഓസ്‌ട്രേലിയ സെമി ഫൈനല്‍ ഏറെക്കുറെ ഉറപ്പിച്ച് കഴിഞ്ഞു. ഓസീസിന്റെ അവസാന മത്സരം അഫ്ഗാനെതിരെയാണ്. ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാണ് സെമി ഫൈനലിലെത്തിയ മറ്റു ടീമുകള്‍.
നാലാമതായി ആര് സെമിയിലെത്തുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ക്കാണ് സാധ്യത. ഇതില്‍ ഏറ്റവും കൂടുതല്‍ സാധ്യത കിവീസിന് തന്നെയാണെന്ന് വേണമെങ്കില്‍ പറയാം. നിര്‍ണായകമായ അവസാന മത്സരത്തില്‍ അവര്‍ക്ക് നേരിടേണ്ടത് താരതമ്യേന ദുര്‍ബലരായ ശ്രീലങ്കയെയാണ്. +0.398 ന്റെ നെറ്റ് റണ്‍റേറ്റും ന്യൂസിന്‍ഡിനുണ്ട്. ഇന്നലെ കൂറ്റന്‍ സ്‌കോര്‍ പിറന്ന ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഈമാസം ഒമ്പതിനാണ് മത്സരം.
പാകിസ്ഥാന്റെ നെറ്റ് റണ്‍റേറ്റ് +0.036 മാത്രമാണ്. അവസാന മത്സരം കളിക്കേണ്ടത് നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെതിരെ. നിലവില്‍ അവസാന സ്ഥാനത്താണെങ്കിലും ലോകകപ്പില്‍ നിന്ന് ജയത്തോടെ പിന്മവാങ്ങാനാണ് ഇംഗ്ലണ്ട് ശ്രമിക്കുക. 11ന് കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം. പാകിസ്ഥാന് വെറുതെ ജയിച്ചാല്‍ മതിയാവില്ല. ന്യൂസിലന്‍ഡിനെ മറികടക്കുന്ന രീതിയില്‍ നല്ല മാര്‍ജിനില്‍ തന്നെ ജയിക്കണം. അതുമല്ലെങ്കില്‍ ന്യൂസിലന്‍ഡ്, ശ്രീലങ്കയ്‌ക്കെതിരെ പരാജയപ്പെട്ടണം.
അഫ്ഗാന്‍ യോഗ്യത നേടണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം. ഇംഗ്ലണ്ട്, പാകിസ്ഥാന്‍ എന്നിവരെ തോല്‍പ്പിച്ച് അഫ്ഗാന്‍ ഞെട്ടിച്ചെങ്കിലും ഇനി നേരിടാനുള്ളത് കൂടുതല്‍ കരുത്തരെയാണ്. ചൊവ്വാഴ്ച്ച മുംബൈയില്‍ ഓസ്‌ട്രേലിയക്കെതിയാണ് അഫ്ഗാന്റെ അടുത്ത മത്സരം. പിന്നീട് വെള്ളിയാഴ്ച്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും അഫ്ഗാന് കളിക്കേണ്ടതുണ്ട്.
പോയിന്റ് പട്ടികയില്‍ ആദ്യ മൂന്നില്‍ നില്‍ക്കുന്ന രണ്ട് ടീമുകളെ തോല്‍പ്പിക്കുക അഫ്ഗാനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയ കാര്യമാവും. ശ്രീലങ്ക, നെതര്‍ലന്‍ഡ്‌സ് ടീമുകള്‍ക്ക് നേരിയ സാധ്യത മാത്രമാണുള്ളത്. ഏഴ് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റ് വീതമാണ് ഇരുവര്‍ക്കും.