ബെലാറൂസില്‍ ചര്‍ച്ചയ്ക്കില്ല; പകരം വേദികള്‍ നിര്‍ദേശിച്ച് സെലന്‍സ്‌കി
കീവ്: റഷ്യയുമായി ബെലാറൂസില്‍ വച്ച് ചര്‍ച്ച നടത്തില്ലെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി. പകരം വാഴ്‌സ, ഇസ്താംബുള്‍, ബൈകു എന്നീ സ്ഥലങ്ങളാണ് ചര്‍ച്ചയ്ക്കായി അദ്ദേഹം നിര്‍ദേശിച്ചിരിക്കുന്നത്.
നാറ്റോ രാജ്യങ്ങളിലെ വേദികളാണ് സെലന്‍സ്‌കി ചര്‍ച്ചയ്ക്കായി നിര്‍ദേശിച്ചിരിക്കുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്. അതേസമയം, റഷ്യയ്‌ക്കെതിരായ പോരാട്ടത്തിന് അന്താരാഷ്ട്ര പ്രതിരോധ സേനയെ രൂപീകരിക്കുമെന്ന് യുക്രെയ്ന്‍ വിദേശകാര്യമന്ത്രി പറഞ്ഞു.
യുക്രെയ്ന്‍ സേനയിലേക്ക് വിദേശികളെയും ക്ഷണിച്ചു. സൈന്യം വിപുലീകരിച്ച് പോരാടുമെന്ന് അദ്ദേഹം വ്യക്തമാക്കി. നമ്മള്‍ ഒരുമിച്ച് ഹിറ്റ്‌ലറെ നേരിട്ടു. അതുപോലെ ഒരുമിച്ച് പുടിനെയും നേരിടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുക്രെയ്ന്റെ ജനവാസമേഖലകളില്‍ റഷ്യന്‍ സൈന്യം ബോംബിടുന്നുവെന്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി. യുക്രെയ്‌നിലെ കഴിഞ്ഞ രാത്രി വളരെ ക്രൂരമായിരുന്നു. തുടര്‍ച്ചയായ വെടിവയ്പ്പുണ്ടായി. ജനവാസ മേഖലകളില്‍ ബോംബാക്രമണം നടത്തി. സാധാരണക്കാരായ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെല്ലാം നശിപ്പിക്കപ്പെട്ടുവെന്ന് സെലന്‍സ്‌കി പറഞ്ഞു.
ജീവനുള്ള എല്ലാത്തിനെയും റഷ്യ ആക്രമിക്കുകയാണ്. കിന്റര്‍ഗാര്‍ഡനുകളും പാര്‍പ്പിട സമുച്ചയങ്ങളും എന്തിന് ആംബുലന്‍സ് വരെ അവര്‍ ആക്രമിക്കുകയാണെന്ന് സെലന്‍സ്‌കി പറഞ്ഞു.
വസില്‍കീവ്, കീവ്, ചെര്‍നിഗിവ്, സുമി, ഖാര്‍കിവ് എന്നിവയും ഉക്രെയ്‌നിലെ മറ്റ് പല പട്ടണങ്ങളും രണ്ടാം ലോകമഹായുദ്ധസമയത്തെ അനുസ്മരിക്കും വിധം തകര്‍ന്നുവെന്നും സെലന്‍സ്‌കി വ്യക്തമാക്കി.