മുംബൈ: ഇന്ത്യ വേദിയാവുന്നഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ടോപ് സ്കോററെ പ്രവചിച്ച് മുൻ താരം വീരേന്ദർ സെവാഗ്. ലോകകപ്പിൽ ഇന്ത്യക്ക് കിരീടം നേടാൻ കഴിയുമെന്നും സെവാഗ് പറഞ്ഞു.
ലോകകപ്പ് ആവേശത്തിനായി ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കേയാണ് വീരേന്ദർ സെവാഗിന്‍റെ പ്രവചനം. ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ഏകദിന ലോകകപ്പിലെ റൺവേട്ടക്കാരിൽ ഒന്നാമൻ ആകുമെന്നാണ് സെവാഗ് പറയുന്നത്. ‘ബാറ്റിംഗിനെ തുണയ്ക്കുന്നതാണ് ഇന്ത്യയിലെ വിക്കറ്റുകൾ.
ഇതുകൊണ്ടുതന്നെ ഓപ്പണർമാർക്ക് റൺസ് നേടാനുള്ള അവസരം കൂടുതൽ. രോഹിത് ശർമ്മ ആയിരിക്കും ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം. ലോകകപ്പ് എത്തിയാൽ രോഹിത്തിന്‍റെ കളി മാറും. മുൻ ലോകകപ്പുകളിൽ നമ്മൾ ഇത് കണ്ടിട്ടുണ്ട്. ഇത്തവണ ക്യാപ്റ്റനായി ഇറങ്ങുമ്പോൾ രോഹിത് കൂടുതൽ മികച്ച പ്രകടനം നടത്തുമെന്നും’ സെവാഗ് പറഞ്ഞു.
2019ലെ ലോകകപ്പിൽ രോഹിത് ശര്‍മ്മയായിരുന്നു ടോപ് സ്കോറർ. ഒൻപത് കളിയിൽ 81 റൺസ് ശരാശരിയിൽ രോഹിത് അഞ്ച് സെഞ്ചുറിയടക്കം അടിച്ചുകൂട്ടിയത് 648 റൺസാണ്. ഈ ലോകകപ്പിലും ഇന്ത്യയുടെ ബാറ്റിംഗ് പ്രതീക്ഷകളിലൊന്നാണ് ഹിറ്റ്‌മാന്‍. മുപ്പത്തിയാറുകാരനായ രോഹിത് 244 ഏകദിനത്തിൽ നിന്ന് 30 സെഞ്ചുറിയോടെ ആകെ 9837 റൺസ് നേടിയിട്ടുണ്ട്. 30 സെഞ്ചുറിയും മൂന്ന് ഇരട്ട സെഞ്ചുറിയും 48 അര്‍ധസെഞ്ചുറികളും ഏകദിനത്തില്‍ രോഹിത്തിനുണ്ട്.
ഒക്‌ടോബര്‍ അഞ്ചിന് നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസിലന്‍ഡും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുന്നതോടെയാണ് 2023 ഏകദിന ലോകകപ്പിന് ഇന്ത്യയില്‍ തുടക്കമാകുന്നത്. നവംബര്‍ 19ന് ഇതേ സ്റ്റേഡിയത്തിലാണ് കലാശപ്പോര്.
10 വേദികളിലായാണ് പത്ത് ടീമുകള്‍ ഏറ്റുമുട്ടുന്ന ലോകകപ്പ് മത്സരങ്ങള്‍. ലോകകപ്പിലെ ഏറ്റവും വാശിയേറിയ ഗ്രൂപ്പ് മത്സരം ഇന്ത്യയും പാകിസ്ഥാനും തമ്മിലാണ്. ലോകത്തെ ഏറ്റവും വലിയ സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഒക്‌ടോബര്‍ 14നാണ് മത്സരം.