EntertainmentKeralaNews

മലൈക്കോട്ടൈ വാലിബന്‍ സെറ്റില്‍ ഫോണുകള്‍ക്ക് ‘നിരോധനം’പിടിച്ചെടുക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍

ജയ്പൂര്‍:മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന മലൈക്കോട്ടൈ വാലിബന്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തില്‍ ഗുസ്തി ഇതിഹാസമായിരുന്ന ദ് ഗ്രേറ്റ് ഗാമയായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് രാജസ്ഥാനില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ ഫോണുകള്‍ക്ക് ബാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതായാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല.

നിരവധി സ്മാര്‍ട്ട്‌ഫോണുകള്‍ നിരത്തിവച്ചിരിക്കുന്നതും ഒരാള്‍ കാവലിരിക്കുന്നതുമാണ് ചിത്രത്തില്‍. ‘സെറ്റില്‍ വച്ച് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ ഫോണ്‍ തട്ടിയെടുത്ത സുരക്ഷാ ഉദ്യോഗസ്ഥന്‍, ഇപ്പോള്‍ എല്ലാം തിരികെ നല്‍കാന്‍ കാത്തിരിക്കുന്നു. സിനിമ സെറ്റിലെ ജീവിതം’, എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്തുപോകാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ ഫോണുകള്‍ വാങ്ങി സൂക്ഷിച്ചിരിക്കുന്നതെന്നാണ് വിവരം. ഇതിന്റെ ഒരു ചിത്രവും പുറത്തുവന്നിട്ടുണ്ട്.

1900 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് മലൈക്കോട്ടൈ വാലിബന്‍ പറയുന്നതെന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. ബ്രിട്ടീഷ് ഭരണ കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് ഈ ചിത്രം പറയുന്നതെന്ന സൂചന ലൊക്കേഷന്‍ ചിത്രങ്ങളില്‍ നിന്ന് ലഭിച്ചിരുന്നു. രാജസ്ഥാനിലെ പൊഖ്റാന്‍ കോട്ടയില്‍ ചിത്രത്തിന്റെ ഇരുപതു ദിവസത്തെ ഷെഡ്യൂള്‍ ആരംഭിച്ചിരിക്കുകയാണ്. പൊഖ്റാനിലെ 20 ദിവസത്തെ ചിത്രീകരണം കഴിഞ്ഞ് വീണ്ടും ജയ് സാല്‍മീരിലേക്കു ഷൂട്ടിംഗ് സംഘം തിരിച്ചു വരും.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍ എന്ന ചിത്രത്തിന് ശേഷം പി എസ് റഫീക്കാണ് മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്. ചുരുളിക്ക് ശേഷം മധു നീലകണ്ഠന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ദീപു ജോസഫ് ആണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button