ബെംഗളൂരു: കര്‍ണാടകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്കിടെ സുരക്ഷാ വീഴ്ച. വാഹന റാലിക്കിടെ മോദിയുടെ അടുത്തേക്ക് 15 വയസ് തോന്നിക്കുന്ന ഒരു കൗമാരക്കാരന്‍ മാലയുമായി ഓടിയെത്തി. കര്‍ണാടകയിലെ ഹുബ്ബാലിയിലാണ് സുരക്ഷാ വീഴ്ചയുണ്ടായത്. മോദിയുടെ തൊട്ടരികിലെത്തിയയാളെ ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചു മാറ്റുകയായിരുന്നു.
ഹുബ്ബാലിയില്‍ 29-ാമത് ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പ്രധാനമന്ത്രി. വിമാനത്താവളം മുതല്‍ ചടങ്ങ് നടക്കുന്ന റെയില്‍വേ സ്പോര്‍ട്സ് ഗ്രൗണ്ട് വരെ പ്രധാനമന്ത്രിയുടെ റോഡ് ഷോ ഉണ്ടായിരുന്നു. വാഹനത്തിന്റെ ഫുട്‌ബോര്‍ഡില്‍ കയറിനിന്ന് പ്രധാനമന്ത്രി പതിവുശൈലിയില്‍ റോഡിന്റെ ഇരുവശവും തിങ്ങിക്കൂടിയ ആളുകളെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു സംഭവം.
ബാരിക്കേഡ് ചാടിക്കടന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കിടയിലൂടെ പൂമാലയുമായി ഓടിയെത്തിയ യുവാവ് പ്രധാനമന്ത്രിയുടെ തൊട്ടടുതെത്തി. ഉടന്‍തന്നെ അപകടം മണത്ത സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പിടിച്ചുമാറ്റി. അപ്പോഴേയ്ക്കും ഇയാള്‍ പൂമാല പ്രധാനമന്ത്രിയുടെ കൈകളിലേല്‍പ്പിച്ചിരുന്നു. അദ്ദേഹം അത് വാഹനത്തിന്റെ ബോണറ്റില്‍ വയ്ക്കുകയായിരുന്നു.
കനത്ത സുരക്ഷാവലയം ഭേദിച്ച് യുവാവ് പ്രധാനമന്ത്രിക്ക് അരികിലെത്തിയത് എങ്ങനെയെന്ന് മനസ്സിലാകാതെ സുരക്ഷാ ജീവനക്കാർ. രാജ്യത്തെ ഏറ്റവും വലിയ സുരക്ഷാ സംവിധാനമായ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗാർഡ് സുരക്ഷയാണ് പ്രധാനമന്ത്രിക്ക് നൽകുന്നത്. അഞ്ച് ഘട്ടങ്ങളായുള്ള സുരക്ഷ സംവിധാനമാണ് ഇത്. ആദ്യത്തെ ഘട്ടം സംസ്ഥാന പൊലീസിന്റെ ചുമതലയാണ്. പിന്നീടുള്ള ഘട്ടങ്ങളിൽ സ്പെഷ്യൽ സെക്യൂരിറ്റി ഫോഴ്സ് സുരക്ഷാ സംവിധാനം ഒരുക്കും. ഇതെല്ലാം മറികടന്ന് എങ്ങനെ പൂമാലയുമായി യുവാവ് പ്രധാനമന്ത്രിക്കരികിലെത്തി എന്നത് ഉദ്യോഗസ്ഥരെ അമ്പരപ്പിക്കുന്നു. കഴിഞ്ഞ വർഷം പഞ്ചാബ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി മോദിയുടെ സുരക്ഷയിൽ വീഴ്ച സംഭവിച്ചിരുന്നു. ജനുവരി 5 ന് തിരഞ്ഞെടുപ്പ് റാലിക്കായി ഫിറോസ്പൂരിലേക്ക് പോകുമ്പോഴാണ് കർഷകർ ഫ്ലൈ ഓവറിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തെ 20 മിനിറ്റ് തടഞ്ഞത് വലിയ വിവാദമായിരുന്നു. കഴിഞ്ഞ തവണ ബെംഗളൂരുവിലെത്തിയപ്പോൾ പ്രധാനമന്ത്രി അപ്രതീക്ഷിതമായി കാർ നിർത്തി ജനങ്ങൾക്ക് അഭിവാദ്യം അർപ്പിച്ചിരുന്നു