കലൂർ സ്റ്റേഡിയത്തിലെ സുരക്ഷാവീഴ്ച:ഇവന്റ് മാനേജർ കസ്റ്റഡിയിൽ, അനുമതി തേടിയത് സ്റ്റേഡിയം ഉപയോഗിക്കാൻ മാത്രം; മുൻകൂര്‍ ജാമ്യം തേടി സംഘാടകര്‍
കൊച്ചി: ഉമ തോമസ് എം.എല്‍.എ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍ ‘മൃദംഗനാഥം’ പരിപാടിയുടെ ഇവന്റ് മാനേജരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഓസ്‌കാര്‍ ഇവന്റ്‌സിന്റെ മാനേജര്‍ കൃഷ്ണകുമാറിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൃഷ്ണകുമാറുമായി കലൂര്‍ സ്റ്റേഡിയത്തില്‍ പോലീസ് തെളിവെടുപ്പ് നടത്തുകയാണ്. പി.ഡബ്ല്യൂ.ഡിയെക്കൊണ്ട് പരിശോധിപ്പിച്ച് ശാസ്ത്രീയവശങ്ങളും മനസിലാക്കിയാണ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.
അപകടകരമായ രീതിയിലാണ് ഓസ്‌കാര്‍ ഇവന്റ്‌സ് നൃത്തപരിപാടിയ്ക്കുള്ള സ്റ്റേജ് നിര്‍മ്മിച്ചതെന്ന് പോലീസിന്റെ പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. കൃഷ്ണകുമാര്‍ തന്നെയാണ് ഉമ തോമസ് എം.എല്‍.എയെ പരിപാടിയിലേയ്ക്ക് ക്ഷണിച്ചു കൊണ്ടുവന്നത്. കൃത്യമായ ബാരിക്കേഡ് സജ്ജീകരിക്കാതെയും മുന്‍വശത്ത് ഒരാള്‍ക്ക് നടന്നുപോകുവാന്‍ പോലും സ്ഥലമില്ലാത്ത രീതിയിലുമാണ് സ്‌റ്റേജ് ക്രമീകരിച്ചിരുന്നത്. അതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് വിലയിരുത്തല്‍.
സംഭവത്തിന് പിന്നാലെ മുൻകൂര്‍ ജാമ്യാപേക്ഷയുമായി നൃത്ത പരിപാടിയുടെ സംഘാടകര്‍ ഹൈക്കോടതിയെ സമീപിച്ചു. ഇതിനിടെ, ഗിന്നസ് വേള്‍ഡ് റെക്കോഡ് ലക്ഷ്യമിട്ട് നടത്തിയ നൃത്ത പരിപാടിയ്ക്കായി കല്ലൂര്‍ സ്റ്റേഡിയം വിട്ടുകൊടുത്തതിന് ജിസിഡിഎയും സംഘാടകരുമായി ഉണ്ടാക്കിയ കരാരും പുറത്തുവന്നു.സംഘാടകരായ മൃദംഗ വിഷന് ജിസിഡിഎ നൽകിയ അനുമതി കരാര്‍ ആണ് പുറത്തുവന്നത്
സ്റ്റേഡിയം ഉപയോഗിക്കാൻ മാത്രമാണ് അനുമതി നൽകിയത്.സ്റ്റേഡിയം ഉപയോഗിക്കാൻ വേണ്ടി മാത്രമാണ് സംഘാടകര്‍ അനുമതി തേടിയത്. സ്റ്റേജ് ഉൾപ്പെടെയുള്ള അധികനിർമാണത്തിന് അനുമതി തേടിയിരുന്നില്ല. ഗാലറിയിൽ അധികമായി ഉണ്ടാക്കി താല്‍ക്കാലിക സ്റ്റേജിൽ നിന്ന് വീണാണ് ഉമ തോമസിന് പരിക്കേറ്റത്. അധികനിർമ്മാണത്തിന് കൊച്ചി കോർപ്പറേഷനിൽ നിന്നും ഫയർഫോഴ്സിൽ നിന്നും അനുമതി തേടണമെന്ന് ജിസിഡിഎ നിർദ്ദേശിച്ചിരുന്നു. എല്ലാ അനുമതികളും ബന്ധപ്പെട്ട വകുപ്പിൽ നിന്ന് നേടേണ്ടത് സംഘാടകരുടെ ഉത്തരവാദിത്തമാണെന്നും ജിസിഡിഎ നിർദ്ദേശങ്ങളിൽ പറയുന്നുണ്ട്.