കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ജലന്ദര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരനല്ലെന്ന കോടതി വിധിയില്‍ പ്രതികരിച്ച് ഡോ. സെബാസ്റ്റിയന്‍ പോള്‍. ബിഷപ്പിനെതിരായ കേസ് അതീവപ്രാധാന്യമുള്ളതാണെന്നും ഇത്തരമൊരു കേസില്‍ സുപ്രീം കോടതിയുടെ അന്തിമവിധിയോടെ മാത്രമേ കാര്യങ്ങളില്‍ വ്യക്തത വരികയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സെഷന്‍സ് കോടതി വിധിയോടെ ഒന്നും അവസാനിക്കില്ലെന്ന് സൂചിപ്പിച്ച അദ്ദേഹം പൊതുസമൂഹം ആഗ്രഹിക്കുന്ന രീതിയില്‍ വിധി വരണമെന്ന് ശഠിക്കാനാകില്ലെന്നും വിശദീകരിച്ചു.
കോടതിയും വിധി പൂര്‍ണ്ണമായി പഠിക്കാതെ പ്രതികരിക്കുന്നത് അനൗചിത്യമാണെന്ന് സൂചിപ്പിച്ചുകൊണ്ടാണ് കേസിനെ സംബന്ധിച്ച ചില പ്രാഥമിക നിരീക്ഷണങ്ങള്‍ അദ്ദേഹം പങ്കുവെച്ചത്. കത്തോലിക സഭയിലെ പ്രാമാണികനായ ബിഷപ്പിനെതിരായ കേസില്‍ ഒരു സാക്ഷിയും കൂറുമാറിയില്ലെന്നത് നിര്‍ണ്ണായകമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഒരു കന്യാസ്ത്രീയെയെങ്കിലും കൂറുമാറ്റുന്നതിന് കേരളത്തിലെ കത്തോലിക്കസഭയ്ക്ക് ശക്തിയും സ്വാധീനവുമുണ്ട്.
സമ്മര്‍ദ്ദമുണ്ടായിരുന്നെങ്കില്‍ തന്നെയും അതിനെ അതിജീവിച്ച് സത്യം ബോധിപ്പിക്കുന്നതിന് ഈ സഹോദരിമാര്‍ക്ക് കഴിഞ്ഞുവെന്നും സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു. അതേസമയം ഇവരുടെ മൊഴികള്‍ പ്രതിഭാഗത്തിന് പ്രയോജനം ചെയ്തു എന്ന പ്രത്യേകതയും കേസിനുണ്ട്. ഇത് എങ്ങനെ സംഭവിച്ചുവെന്ന് വിശദീകരിക്കേണ്ടത് പ്രോസിക്യൂഷനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു എന്ന ഒറ്റവാക്കിലായിരുന്നു കോടതിയുടെ വിധിപ്രസ്താവം. പുഞ്ചിരിച്ച മുഖത്തോടെയാണ് ബിഷപ്പ് കോടതി മുറിയില്‍ നിന്നും പുറത്തേക്കു വന്നത്. ദൈവത്തിനു സ്തുതിയെന്നായിരുന്നു വിധിപ്രസ്താവം കേട്ടയുടന്‍ ഫ്രാങ്കോയുടെ പ്രതികരണം.