KeralaNews

കടുവയ്ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം:വനം വകുപ്പിന്റെ പ്രത്യേകസംഘം ഇന്ന് വയനാട്ടിലെത്തും

വയനാട്: വാകേരിയിലെ നരഭോജി കടുവയ്ക്കായുള്ള തിരച്ചിലിനിടെ കഴിഞ്ഞ ദിവസം കൂടല്ലൂരില്‍ വീണ്ടും കടുവയെത്തിയതോടെ പിടികൂടാനായി പ്രദേശത്ത് മൂന്നു കൂടുകളും 24 ക്യാമറകളും സ്ഥാപിച്ചു. കടുവയ്ക്കായുള്ള തിരച്ചിലിനായി വനം വകുപ്പിന്റെ 80 അംഗ സ്പെഷ്യൽ ടീം ഇന്ന് വയനാട്ടിലെത്തും.

ഡോക്ടർ, ഷൂട്ടേഴ്സ്, പട്രോളിങ് ടീം എന്നിവർ ഉൾപ്പെടുന്ന സംഘമാണ് വാകേരിയിലെത്തുക. കടുവയെ പിടികൂടുന്നതിനായി കൂടുതൽ ക്യാമറകൾ, കൂടുതൽ തോക്ക് എന്നിവയും വനം വകുപ്പ് അനുവദിച്ചിട്ടുണ്ട്. പ്രദേശവാസികൾ ആശങ്കപെടേണ്ടെന്നും കടുവയെ വെടിവെച്ചു കൊല്ലേണ്ട ആവശ്യം വന്നാൽ വെടിവയ്ക്കുമെന്നും വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി.

വാകേരിയിലെ നരഭോജി കടുവയ്ക്കായുള്ള തിരച്ചിലിനിടെ കൂടല്ലൂരില്‍ രാത്രിയിൽ സമീപത്തെ കോഴി ഫാമിന്റെ സംരക്ഷണ ഭിത്തി തകര്‍ത്ത് അകത്തു കയറിയ കടുവ കോഴികളെ പിടികൂടി. പ്രജീഷിനെ കടുവ കൊന്ന സ്ഥലത്തുനിന്നും 200 മീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്ന കോഴിഫാമിലാണ് രാത്രി വീണ്ടും കടുവയെത്തിയത്.

ഫാമിന്റെ വല തകര്‍ത്താണ് കടുവ കോഴികളെ പിടികൂടിയത്. കോഴിഫാമില്‍ നിന്ന് സമീപത്തെ കാപ്പി തോട്ടത്തിലെക്കാണ് കടുവ പോയതെന്ന് കാല്‍പ്പാടുകള്‍ പരിശോധിച്ച വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ഫാമിന് സമീപത്തായി വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നു.

രാപകല്‍ വ്യതാസമില്ലാതെ കടുവ നാട്ടിലിറങ്ങുന്നതില്‍ ആശങ്കയിലാണ് പ്രദേശവാസികള്‍. എന്നാല്‍ വന്‍ സന്നാഹങ്ങളോടെ മേഖലയില്‍ തിരച്ചില്‍ നടത്തുന്ന വനം വകുപ്പിന് മുന്നില്‍ ഇപ്പോഴും കടുവ കാണാമറയത്താണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button