KeralaNews

സീപ്ലെയിൻ മുല്ലപ്പെരിയാറിലേക്കും? ടിക്കറ്റ് നിരക്ക് കുറയും, സർവീസിന് മൂന്ന് വൻകിട കമ്പനികൾ

കൊച്ചി: കേരളത്തിന്‍റെ ടൂറിസം രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് സാധ്യതയുള്ള സീപ്ലെയിൻ സർവീസിന് താൽപ്പര്യം അറിയിച്ച് വൻകിട കമ്പനികൾ രംഗത്ത്. സ്പൈസ് ജെറ്റ് ഉൾപ്പെടെയുള്ള വ്യോമയാന കമ്പനികളാണ് സർക്കാരിനെ സമീപിച്ചത്. മാട്ടുപ്പെട്ടി ഡാമിലേക്കുള്ള പരീക്ഷണ പറക്കൽ വിജയിച്ചതോടെയാണ് വ്യോമയാന ടൂറിസം രംഗത്ത് പുത്തനുണർവുണ്ടായത്. മാട്ടുപ്പെട്ടിയ്ക്ക് പുറമെ, മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ട് എന്നിവിടങ്ങളിലും സീപ്ലെയിനുകൾ ഇറക്കണമെന്ന ആവശ്യം ഉയർന്നുകഴിഞ്ഞു.

സീപ്ലെയിൻ പരീക്ഷണ പറക്കൽ നടന്ന ദിവസം തന്നെ മുൻ മന്ത്രിയും ഉടുമ്പൻചോല എംഎൽഎയുമായ എംഎം മണി മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ട് എന്നിവിടങ്ങളിലും ഇത്തരത്തിലുള്ള സീപ്ലെയിനുകൾ ഇറക്കണം എന്ന് പറഞ്ഞിരുന്നു. കൂടുതൽ ജലാശയങ്ങളിൽ സീപ്ലെയിൻ ഇറക്കാൻ കഴിയുമോയെന്ന് പരിശോധിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും പറഞ്ഞിരുന്നു.

ഇടുക്കിയിലെ മാട്ടുപ്പെട്ടി, പാലക്കാട്ടെ മലമ്പുഴ, ആലപ്പുഴയിലെ വേമ്പനാട്ട് കായൽ കൊല്ലം അഷ്ടമുടിക്കായൽ കാസർകോട്ടെ ചന്ദ്രഗിരിപ്പുഴ, തിരുവനന്തപുരത്ത് കോവളം തുടങ്ങി കേരളത്തിലെ പ്രമുഖ ജലാശയങ്ങളെയും വിവിധ വിമാനത്താവളങ്ങളെയും ബന്ധപ്പെടുത്തി ഒരു സീപ്ലെയിൻ ടൂറിസം സർക്യൂട്ട് തന്നെ രൂപപ്പെടുത്താൻ ഭാവിയിൽ സാധ്യമാകും.

നവംബർ 11നായിരുന്നു ഇടുക്കി ജില്ലയുടെ ചരിത്രത്തിൽ ആദ്യമായി ജലവിമാനം പറന്നിറങ്ങിയത്. കെഎസ്ഇബിയുടെ പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിലാണ് ജലവിമാനം ഇറങ്ങിയത്. പരീക്ഷണപ്പറക്കൽ വിജയിച്ചതോടെയാണ് വ്യോമയാന കമ്പനികള്‍ സംസ്ഥാന സര്‍ക്കാരിന് പദ്ധതി രേഖ സമര്‍പ്പിച്ചത്.

താൽപ്പര്യമുള്ള കമ്പനികളിൽ നിന്ന് ടെണ്ടര്‍ ക്ഷണിച്ച് അധികം വൈകാതെ തന്നെ ഔദ്യോഗിക നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനം. ചെലവ് പരമാവധി കുറയ്യക്കാനുള്ള നടപടികൾ പരിഗണിച്ചാകും സീപ്ലെയിൻ പറത്തുക. വിദേശ പൈലറ്റുമാര്‍ക്ക് പകരം തദ്ദേശീയരായ പൈലറ്റുമാര്‍ക്ക് പരിശീലനം നൽകിയാൽ വൻ തോതിൽ ചെലവ് കുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവഴി ടിക്കറ്റ് നിരക്കും കുറയ്ക്കാനാകും.

ഒൻപത് പേര്‍ക്ക് സഞ്ചരിക്കാവുന്നൻ കഴിയുന്ന സീപ്ലെയിനിൽ 8000 – 10,000 വരെ ആകും ടിക്കറ്റ് നിരക്ക്. തദ്ദേശീയരായ പൈലറ്റുമാര്‍ക്ക് പരിശീലനം നൽകി രംഗത്തിറക്കിയാൽ ചെലവിൽ കുറവ് വരുത്താനാകും. പദ്ധതിയുമായി സഹകരിക്കാൻ തയ്യാറായി വൻകിട ഹോട്ടൽ ഗ്രൂപ്പുകളും സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ആദ്യഘട്ടത്തിൽ ഡാമുകൾ കേന്ദ്രീകരിച്ചാണ് സീപ്ലെയിൻ പദ്ധതി നടപ്പിലാക്കുകയെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കുന്നത്. സീപ്ലെയിൻ പദ്ധതിയിൽ ആശങ്ക അറിയിച്ച മത്സ്യത്തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തിയ ശേഷമേ കായൽ മേഖലയിൽ സര്‍വീസ് ആരംഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker