KeralaNews

കൊച്ചിയില്‍ നിന്ന് മൂന്നാറിലെത്താന്‍ വെറും 30 മിനുട്ട് മാത്രം,ഏത് ചെറു ജലാശയത്തിലും എളുപ്പത്തില്‍ ഇറക്കാം; ഉടക്കുമായി വനംവകുപ്പ്, ചര്‍ച്ച ചെയ്യാമെന്ന് മന്ത്രിമാര്‍

തൊടുപുഴ: ഇടുക്കി ജില്ലയുടെ ഹൈറേഞ്ചില്‍ ചരിത്രത്തിലാദ്യമായി ജലവിമാനം ഇറങ്ങിയതിന് പിന്നാലെ ആശങ്ക അറിയിച്ച് വനംവകുപ്പ്. ഉദ്ഘാടനത്തിന് പിന്നാലെയാണ് സീ പ്ലെയിന്‍ പദ്ധതിയില്‍ ആശങ്ക അറിയിച്ച് വനം വകുപ്പ് രംഗത്ത് വന്നത്. മാട്ടുപെട്ടി ഡാം പദ്ധതിയുടെ ഭാഗമാക്കുന്നതിലാണ് വനം വകുപ്പ് ആശങ്ക അറിയിച്ചിരിക്കുന്നത്. ഡാം ആനത്താരയുടെ ഭാഗമാണ്. വിമാനം ഇറങ്ങുന്നത് ആനകളില്‍ പ്രകോപനം സൃഷ്ടിക്കുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. നേരത്തെ നടന്ന സംയുക്ത പരിശോധനയിലാണ് വനം വകുപ്പ് ആശങ്ക അറിയിച്ചത്. നിലവിലെ പരീക്ഷണ ലാന്‍ഡിങിന് എതിര്‍പ്പില്ലെന്നും വനംവകുപ്പ് അറിയിച്ചു.

ഡാം ആനത്താരയുടെ ഭാഗമാണെന്നതാണ് വനം വകുപ്പ് ചൂണ്ടിക്കാട്ടുന്ന പ്രശ്നം. ആനകള്‍ ഡാം മുറിച്ചുകടന്ന് ഇക്കോ പോയന്റിലേക്ക് ഇറങ്ങുന്നുണ്ട്. വിമാനം ഇറങ്ങുന്നത് ആനകളില്‍ പ്രകോപനമുണ്ടാക്കാന്‍ കാരണമാകുമെന്നും സംയുക്ത പരിശോധനയില്‍ വനംവകുപ്പ് അറിയിച്ചു.

റൂട്ട് അന്തിമമായിട്ടില്ലെന്നും ആവശ്യമായ ചര്‍ച്ച നടത്തി ആശങ്കകള്‍ പരിഹരിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളിലൂടെയായിരിക്കും സീ പ്ലെയിന്‍ പദ്ധതി നടപ്പാക്കുക. ഇന്ന് ട്രയല്‍ റണ്ണിന്റെ ഭാഗമായിട്ടാണ് കൊച്ചിയില്‍ നിന്ന് മാട്ടുപെട്ടി ഡാമിലേക്ക് സീ പ്ലെയിന്‍ ഓടിച്ചതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

ഡാമിന് മുകളില്‍ സീ പ്ലെയിന്‍ ഓടിക്കുന്നതില്‍ പ്രശ്‌നമുണ്ടാകില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സീ പ്ലെയിന്‍ കൊണ്ടുവന്നപ്പോള്‍ ഇടത് ട്രേഡ് യൂണിയനുകള്‍ സമരം ചെയ്തതിലും റിയാസ് മറുപടി പറഞ്ഞു. തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്തായിരിക്കും പദ്ധതി മുന്നോട്ടുകൊണ്ടുപോകുകയുള്ളുവെന്ന് മന്ത്രി റിയാസ് പറഞ്ഞു.

അന്നത്തെ സാഹചര്യം അല്ല ഇന്നുള്ളതെന്നും കേന്ദ്ര നയം തന്നെ മാറിയെന്നും കൂടുതല്‍ ഉദാരമായെന്നും റിയാസ് പറഞ്ഞു. മറ്റു വിവാദങ്ങളിലേക്ക് ഇപ്പോള്‍ പോകേണ്ടതില്ല. യുഡിഎഫ് സര്‍ക്കാര്‍ അന്ന് ചര്‍ച്ചപോലും നടത്താതെയാണ് പദ്ധതി നടപ്പാക്കിയത്. അത് വെറെ സ്ഥലത്താണ് ആരംഭിച്ചത്. ഇതിപ്പോള്‍ കൊച്ചിയിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

സീ പ്ലെയിന്‍ പദ്ധതി ടൂറിസം മേഖലയുടെ മുഖം മാറ്റും. സാധാരണക്കാര്‍ക്കും ഗ്രൂപ്പ് ട്രിപ്പായി സീ പ്ലെയിനില്‍ യാത്ര ചെയ്യാനാകും. കുറഞ്ഞ ചിലവില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. സീപ്ലെയിനുമായി ബന്ധപ്പെട്ട എല്ലാ ആശങ്കയും പരിഹരിക്കുമെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു.

സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്ക് ഊര്‍ജം പകര്‍ന്ന് സീ പ്ലെയിനിന്റെ പരീക്ഷണ പറക്കല്‍ വിജയം. കൊച്ചി ബോള്‍ഗാട്ടി മറീനയില്‍ നിന്ന് ടെയ്ക്ക് ഓഫ് ചെയ്ത വിമാനം ഇടുക്കി മാട്ടുപ്പെട്ടി ഡാമില്‍ വിജയകരമായി ലാന്‍ഡ് ചെയ്തു.

രാവിലെ 10.30നു കൊച്ചിയിലെ ബോള്‍ഗാട്ടിയില്‍ നിന്നു പറന്നുയര്‍ന്ന സീ പ്ലെയ്ന്‍ 10.57നു അണക്കെട്ടില്‍ പ്രത്യേകം തയാറാക്കിയിരിക്കുന്ന എയ്‌റോഡ്രോമില്‍ ഇറങ്ങി. പറന്നിറങ്ങിയ വിമാനം മാട്ടുപ്പെട്ടിയില്‍ ജലവിതാനത്തില്‍ നൗകയായി മാറി. കരയിലും വെള്ളത്തിലും പറന്നിറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫിബിയന്‍ വിമാനമാണ് എത്തിയത്. മന്ത്രി റോഷി അഗസ്റ്റിന്‍, എംഎല്‍എമാരായ എം.എം.മണി, എ.രാജാ, ജില്ല കലക്ടര്‍ വി.വിഘ്‌നേശ്വരി എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.

സീപ്ലെയ്ന്‍ എത്തുന്നതുമായി ബന്ധപ്പെട്ട് മാട്ടുപ്പെട്ടിയില്‍ ഇന്ന് ഡാമിലും പരിസര പ്രദേശങ്ങളിലും ഡ്രോണ്‍ പറത്തുന്നത് നിരോധിച്ച് കലക്ടര്‍ ഉത്തരവിറക്കിയിരുന്നു. കൂടാതെ സീപ്ലെയ്‌നിന്റെ പരീക്ഷണ പറക്കല്‍ പൂര്‍ത്തിയാകുന്നതുവരെ മൂന്നാര്‍ – മാട്ടുപ്പെട്ടി റോഡില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു.

ജനപ്രതിനിധികളും കെ.എസ്.ഇ.ബി, ഹൈഡല്‍ടൂറിസം ജീവനക്കാരും മാത്രമാണ് മാട്ടുപ്പെട്ടി ഡാമിലുണ്ടായത്. പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. ഇതിനായി ഡാമില്‍ കാര്യമായി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. താത്ക്കാലികമായ ഒരു ബോട്ടുജെട്ടി ക്രമീകരിക്കുക മാത്രമാണ് ചെയ്തത്. അതിനാല്‍ തന്നെ ഒരു സാമ്പത്തിക ബാധ്യതയുമില്ലാതെ ഈ പദ്ധതി നടപ്പിലാക്കാന്‍ പറ്റി എന്നത് വലിയ കാര്യമായാണ് അധികൃതര്‍ കാണുന്നത്.

തെളിഞ്ഞ അന്തരീക്ഷത്തിലാണ് വിമാനം ഡാമിലേക്ക് ഇറങ്ങിയത്. ഏതാണ്ട് മൂന്ന് കിലോമീറ്റര്‍ വിശാലമായിക്കിടക്കുന്ന ജലപ്പരപ്പാണ് മാട്ടുപ്പെട്ടി ഡാമിലേത്. എല്ലാ കാലത്തും വെള്ളമുണ്ടെന്നുള്ളതാണ് വലിയ പ്രത്യേകത.

ഇരട്ടയെഞ്ചിനുള്ള 19 സീറ്റര്‍ വിമാനമാണ് സര്‍വീസിനായി ഉപയോഗിക്കുന്നത്. ഏത് ചെറു ജലാശയത്തിലും എളുപ്പത്തില്‍ ഇറക്കാന്‍ സാധിക്കുമെന്നതാണ് ഈ വിമാനത്തിന്റെ പ്രത്യകത. ചെറുവിമാനത്താവളങ്ങളേയും ജലാശയങ്ങളേയും ബന്ധിപ്പിക്കുകയെന്നതാണ് സീ പ്ലെയിന്‍ പദ്ധതിയുടെ ലക്ഷ്യം. കൊച്ചിയില്‍ നിന്ന് മൂന്നാറിലെത്താന്‍ വെറും 30 മിനുട്ട് മതിയെന്നതാണ് ഈ പദ്ധതിയുടെ പ്രധാന ആകര്‍ഷണം.

ബോള്‍ഗാട്ടിയില്‍ മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവരുമായിഒരു റൗണ്ട് യാത്ര നടത്തി അവരെ തിരിച്ചിറക്കിയ ശേഷമാണ് മാട്ടുപ്പെട്ടിയിലേക്ക് ജലവിമാനം പുറപ്പെട്ടത്. മൈസൂരുവില്‍ നിന്നാണ് ജലവിമാനം ഇന്നലെ കൊച്ചിയിലെത്തിയത്. കരയിലും വെള്ളത്തിലും ഒരുപോലെ പറന്നിറങ്ങാനും ഉയരാനും ശേഷിയുള്ള ആംഫിബിയസ് എയര്‍ക്രാഫ്റ്റാണിത്. ഒരു സമയം 15 പേര്‍ക്ക് ജലവിമാനത്തില്‍ യാത്ര ചെയ്യാം. കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ടൂറിസം സര്‍ക്യൂട്ടിനാണ് സംസ്ഥാന സര്‍ക്കാര്‍ ജലവിമാനം കൊണ്ട് ലക്ഷ്യമിടുന്നത്. കൊച്ചി കായലില്‍ പറന്നിറങ്ങിയ വൈമാനികര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്വീകരണം നല്‍കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker