‘കടുവ’യെ കൂട്ടിലടച്ച് കോടതി! സിനിമയ്ക്ക് പ്രദര്‍ശന വിലക്ക്
കൊച്ചി: പൃഥ്വിരാജ് നായകനായെത്തുന്ന ‘കടുവ’ സിനിമയ്ക്കു പ്രദര്‍ശന വിലക്ക്. ഇതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ തീര്‍പ്പാകുന്നതു വരെ കടുവ സിനിമ പ്രദര്‍ശിപ്പിക്കുന്നത് കോടതി വിലക്കി. എറണാകുളം സബ് കോടതിയുടേതാണ് ഉത്തരവ്.
ഹര്‍ജി തീര്‍പ്പാക്കും വരെ മലയാള സിനിമയായ ‘കടുവ’ സിനിമ മുഴുവനായോ ഭാഗികമായോ പ്രദര്‍ശിപ്പിക്കുന്നതും തിരക്കഥ പ്രസിദ്ധീകരിക്കുന്നതും വിലക്കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും ഒടിടിയിലും വിലക്കുണ്ട്.
ഷാജി കൈലാസാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയ്ക്കാധാരമായ ജിനു വി. എബ്രഹാമിന്റെ തിരക്കഥ പ്രസിദ്ധീകരിക്കുന്നതും കോടതി തടഞ്ഞിട്ടുണ്ട്. കേസ് വീണ്ടും ഈ മാസം 14 നു പരിഗണിക്കും.
സിനിമയില്‍ പൃഥ്വിരാജ് ചെയ്യുന്ന കഥാപാത്രമായ കടുവാക്കുന്നേല്‍ കുറുവച്ചന്‍ തന്റെ ജീവചരിത്രമാണെന്നും അതു പ്രദര്‍ശിപ്പിക്കുന്നതു തടയണമെന്നും ആവശ്യപ്പെട്ടു ജോസ് കുറുവനാക്കുന്നേലാണ് ഹര്‍ജി നല്‍കിയത്.