FeaturedKeralaNews

സ്കൂള്‍ തുറക്കൽ:ഉന്നതതല യോഗം നാളെ, വിദ്യാര്‍ഥികളുടെ യാത്രയ്ക്കും മാര്‍ഗരേഖ

തിരുവനന്തപുരം:സ്കൂള്‍ തുറക്കന്നതില്‍ നാളെ ഉന്നതതല യോഗം ചേരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാഭ്യാസ- ആരോഗ്യമന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേരും. സ്കൂള്‍ വാഹനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും.സ്കൂൾ വാഹനങ്ങളിലെ അറ്റകുറ്റപണി പൊലീസിൻ്റെ നേതൃത്വത്തിൽ പൂർത്തിയാക്കും. സ്കൂളുകള്‍ക്ക് മുന്നില്‍ അനാവശ്യമായി കൂട്ടംകൂടാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കോവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുമ്പോൾ വിദ്യാർഥികളുടെ യാത്ര സുഗമമാക്കുവാനും വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുവാനും വിശദമായ മാർഗരേഖ തയ്യാറാക്കി ഗതാഗത വകുപ്പ്. ഡ്രൈവർമാരും ബസ് അറ്റൻഡർമാരും രണ്ട് ഡോസ് വാക്സിൻ എടുക്കേണ്ടതും അവരുടെ താപനില എല്ലാ ദിവസവും പരിശോധിച്ച് പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതുമാണ്. പനിയോ ചുമയോ മറ്റ് രോഗലക്ഷണങ്ങളോ ഉള്ള വിദ്യാർത്ഥികൾക്ക് യാത്ര അനുവദിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്.

സ്കൂൾ വാഹനങ്ങളിൽ തെർമൽ സ്കാനറും സാനിറ്റൈസറും ഉണ്ടാവണം. എല്ലാ വിദ്യാർഥികളും ഹാൻഡ് സാനിറ്റൈസർ കരുതണമെന്നും ഒരു സീറ്റിൽ ഒരു കുട്ടി മാത്രം യാത്ര ചെയ്യുന്ന രീതിയിൽ ക്രമീകരിക്കണമെന്നും നിന്നു കൊണ്ടുള്ള യാത്ര അനുവദിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. എല്ലാ കുട്ടികളും മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിച്ച് പരസ്പരമുള്ള സ്പർശനം ഒഴിവാക്കണമെന്നും നിഷ്കർഷിച്ചിട്ടുണ്ട്.

വാഹനത്തിൽ എസിയും തുണി കൊണ്ടുള്ള സീറ്റ് കവറും കർട്ടനും പാടില്ല. ഈ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുവാൻ സ്കൂൾ അധികൃതർ കുട്ടികളെ പ്രേരിപ്പിക്കണമെന്നും ഓരോ ദിവസവും യാത്ര അവസാനിക്കുമ്പോൾ അണുനാശിനിയോ സോപ്പ് ലായനിയോ ഉപയോഗിച്ച് വാഹനങ്ങൾ കഴുകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സ്കൂൾ ട്രിപ്പിനായി മറ്റ് കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത്തരം വാഹനങ്ങളും മോട്ടോർ വാഹന വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുന്നതായി ബന്ധപ്പെട്ട സ്കൂൾ അധികൃതർ ഉറപ്പുവരുത്തണം.

ഒക്ടോബർ 20-ന് മുമ്പ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്കൂളുകളിൽ നേരിട്ടെത്തി വാഹനങ്ങളുടെ യാന്ത്രിക ക്ഷമതാ പരിശോധന പൂർത്തിയാക്കും. ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കി ട്രയൽ റണ്ണിനു ശേഷം മാത്രമേ വിദ്യാർത്ഥികളുടെ യാത്രയ്ക്കായി വാഹനം ഉപയോഗിക്കാവൂ. പരിശോധന പൂർത്തിയാക്കിയ വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകും. സർട്ടിഫിക്കറ്റ് വാഹനത്തിൽ സൂക്ഷിക്കുകയും വേണം.

സർക്കാർ നിശ്ചയിച്ചിട്ടുള്ള കോവിഡ് പ്രോട്ടോക്കോൾ മാനദണ്ഡങ്ങൾ അനുസരിച്ച് മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ ‘സ്റ്റുഡന്റ്സ് ട്രാൻസ്പോർട്ടേഷൻ പ്രോട്ടോക്കോൾ’ തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ലീന എം-ന് നൽകി പ്രകാശനം ചെയ്തു. എല്ലാ സ്കൂൾ അധികൃതരും ഇതിലെ നിർദേശങ്ങൾ അച്ചടിച്ച് രക്ഷകർത്താക്കൾക്കും ബന്ധപ്പെട്ട എല്ലാവർക്കും വിതരണം ചെയ്യേണ്ടതാണെന്നും ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker