ജാഗ്രതയോടെ, ഇടവേളയ്ക്ക് ശേഷം കുട്ടികൾ സ്കൂളിലേക്ക്
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് സ്കൂളുകൾ (school opening) തുറക്കും. നീണ്ട 20 മാസത്തെ ഇടവേളക്ക് ശേഷമാണ് കുട്ടുകൾ (student) ഇന്ന് സ്കൂളുകളിലെത്തുന്നത്. എല്ലാം സ്കൂളുകളിലും രാവിലെ പ്രവേശനോത്സവം നടത്തും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആഘോഷപൂർവമായി തന്നെ കുട്ടികളെ സ്കൂളിലേക്ക് വരവേൽക്കും.രാവിലെ എട്ടരക്ക് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലാണ് സംസ്ഥാനതല പ്രവേശനോത്സവം.
കുട്ടികൾ സ്കൂളിലേക്ക് എത്തുമ്പോൾ രക്ഷിതാക്കൾക്ക് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പരമാവധി സുരക്ഷ ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതോടൊപ്പം ഒരു വലിയ ഇടവേളക്ക് ശേഷം സ്കൂളിലെത്തുന്ന കുട്ടികളുടെ മാനസിക ആരോഗ്യം ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ആശങ്കയില്ലാതെ കുട്ടികളെ സ്കൂളിലേക്ക് അയക്കാമെന്ന് ഉറപ്പ് നൽകുന്ന വിദ്യാഭ്യാസവകുപ്പ്, ആരെയും സ്കൂളിലെത്താൻ നിർബന്ധിക്കില്ലെന്നും വ്യക്തമാക്കുന്നു.ആദ്യ രണ്ടാഴ്ച ഉച്ചവരെയാകും ക്ലാസുകൾ. ഹാജറും രേഖപ്പെടുത്തില്ല. കുട്ടികളെ മനസ്സിലാക്കി പഠനാന്തരിക്ഷത്തിലേക്ക് തിരികെ കൊണ്ടുവരൽ മാത്രമാണ് ഏക പ്രവർത്തനം.
2400 തെർമൽ സ്കാനറുകളാണ് സ്കൂളുകളിലേക്ക് വിതരണം ചെയ്തു. 8, 9 ക്ലാസുകൾ ഒഴികെ മുഴുവൻ ക്ലാസുകളും ഇന്ന് തുടങ്ങും.15 മുതൽ 8 ഉം 9 ഉം പ്ലസ് വൺ ക്ലാസുകളും തുടങ്ങും.ഇനിയും വാക്സിനെടുക്കാത്ത 2282 അധ്യാപകരോട് തത്കാലത്തേക്ക് സ്കൂളിലേക്ക് വരരുത് എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം.