![](https://breakingkerala.com/wp-content/uploads/2025/02/fotojet-10-_1200x630xt-780x470.jpg)
റിയാദ്: സൗദി അറേബ്യയിൽ മലയാളിയെ തലക്കടിച്ചു കൊലപ്പെടുത്തി അയാൾ ജോലി ചെയ്തിരുന്ന മിനി സൂപ്പർമാർക്കറ്റ് കൊള്ളയടിച്ച രണ്ട് പ്രതികളുടെ വധശിക്ഷ റിയാദിൽ നടപ്പാക്കി. ജീവനക്കാരനായ മലപ്പുറം പരപ്പനങ്ങാടി സ്വദേശി അങ്ങമ്മെൻറപുരക്കല്‍ സിദ്ദിഖിനെ (അന്ന് 45 വയസ്) കൊലപ്പെടുത്തി കടകൊള്ളയടിച്ച കേസിലെ പ്രതികളായ സൗദി പൗരൻ റയാന്‍ ബിന്‍ ഹുസൈന്‍ ബിന്‍ സഅദ് അല്‍ശഹ്‌റാനി, യമനി പൗരൻ അബ്ദുല്ല അഹമ്മദ് ബാസഅദ് എന്നിവരുടെ ശിക്ഷയാണ് നടപ്പാക്കിയത്.
ശനിയാഴ്ച രാവിലെ റിയാദിൽ ശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.2017 ജുലൈ 21നായിരുന്നു കേസിനാസ്പദമായ സംഭവം. 20 വര്‍ഷമായി റിയാദ് അസീസിയ എക്സിറ്റ് 22ലെ ഒരു മിനി സൂപ്പർമാർക്കറ്റിൽ ജീവനക്കാരനായിരുന്നു സിദ്ദിഖ്. കവര്‍ച്ചാശ്രമത്തിനിടെയാണ് കടയില്‍ തനിച്ചായിരുന്ന സിദ്ദിഖിനെ പ്രതികൾ ആക്രമിച്ചത്. മാരകമായി പരിക്കേറ്റ സിദ്ദിഖിനെ റെഡ് ക്രസൻറ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
രണ്ടുപേര്‍ കടയില്‍ കയറി തലയിലും കൈകാലുകളിലും വെട്ടിപരിക്കേല്‍പ്പിച്ച് വാഹനത്തില്‍ കയറിപോയതായി സിദ്ദിഖ് മരണത്തിന് മുമ്പ് പൊലീസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് കടയ്ക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ദൃശ്യത്തില്‍ പതിഞ്ഞ കാറിെൻറ നമ്പറില്‍നിന്ന് വാഹന ഉടമയെ കണ്ടെത്തുകയായിരുന്നു. ഇതാണ് പ്രതികളിലേക്ക് എത്തിച്ചത്.
റിയാദ് പൊലീസ് രണ്ട് പ്രതികളെയും പിടികൂടുകയും കുറ്റന്വേഷണ വിഭാഗം വിശദമായ അന്വേഷണം നടത്തി പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തുകയുമായിരുന്നു. റിയാദ് ക്രിമിനൽ കോടതി പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു. അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ഇത് ശരിവെക്കുകയും ശിക്ഷ നടപ്പാക്കാന്‍ സല്‍മാന്‍ രാജാവ് അനുമതി നൽകകയും ചെയ്തതിനെ തുടര്‍ന്നാണ് വധശിക്ഷ നടപ്പാക്കിയതെന്നും മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കൊല്ലപ്പെട്ട സിദ്ദീഖിന് ഭാര്യയും മൂന്ന് മക്കളുമാണുള്ളത്. കൊല്ലപ്പെട്ട് എട്ട് വർഷത്തിന് ശേഷമാണ് ഘാതകർ വധശിക്ഷക്ക് വിധേയരായത്.