ബംഗ്ളൂരു : അനധികൃതമായി ഇരുമ്പയിര് കടത്തിയ കേസിൽ കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. സെയിലിനെയും അന്ന് ബെലകെരി തുറമുഖ ഡയറക്ടറായിരുന്ന മഹേഷ് ബിലിയ അടക്കം മറ്റ് 6 പേരെയുമാണ് കോടതി ശിക്ഷിച്ചത്. ബംഗളുരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി ആണ് വിധി പ്രസ്താവിച്ചത്.
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിലിലടക്കം നേതൃത്വം നൽകിയത് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലായിരുന്നു. ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി കേസിൽ കഴിഞ്ഞ ദിവസം സെയിലിനെ കുറ്റക്കാരനെന്ന് വിധിച്ചിരുന്നു. പിന്നാലെ സിബിഐ സെയിലിനെ രാത്രി തന്നെയെത്തി അറസ്റ്റ് ചെയ്തു.
കർണാടകയിൽ ഏറെ കോളിളക്കമുണ്ടാക്കിയ ഖനി അഴിമതിക്കേസിലാണ് കോടതി നടപടി. ബെലെകെരി തുറമുഖം വഴി അറുപതിനായിരം കോടി രൂപയെങ്കിലും മതിപ്പ് വരുന്ന ഇരുമ്പയിര് കടത്തിയെന്നതാണ് സതീഷ് കൃഷ്ണ സെയിലിനെതിരായ കേസ്. ബെല്ലാരിയിൽ നിന്ന് ഖനനം ചെയ്തെടുത്ത ഇരുമ്പയിര് കാർവാറിലെ ബെലെകെരി തുറമുഖം വഴിയാണ് കടത്തിയത്. തുച്ഛമായ റോയൽറ്റി മാത്രം നൽകി ഇരുമ്പയിര് വിദേശത്തേക്ക് കയറ്റുമതി ചെയ്തതിലൂടെ സർക്കാരിന് ഭീമമായ നഷ്ടമുണ്ടായി.