KeralaNews

വിശ്വപൗരന്റെ മാസ് ഫിനിഷിംഗ്,അനന്തപുരിയില്‍ നാലംവട്ടവും തരൂര്‍ മാജിക്‌

തിരുവനന്തപുരം: അക്ഷരാര്‍ത്ഥത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന തിരുവനന്തപുരത്ത് അവസാന ലാപ്പില്‍ കുതിച്ച് കയറി ശശി തരൂര്‍. ലഭ്യമായ അവസാന വിവരങ്ങള്‍ പ്രകാരം തിരുവനന്തപുരത്ത്  15759 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ശശി തരൂര്‍ മുന്നിലാണ്. തലസ്ഥാനം അട്ടിമറിയിലേക്ക് പോകുമോ എന്ന് തോന്നിപ്പിച്ച മണിക്കൂറുകള്‍ക്കൊടുവില്‍ നാലാം തവണയും തിരുവനന്തപുരം തരൂരിനെ കൈവിട്ടില്ല.

ഓരോ ഘട്ടത്തിലും വോട്ട് നില മാറി മറിയുന്ന സ്ഥിതിയാണ് തിരുവനന്തപുരത്ത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യൻ രവീന്ദ്രന് ഒരു ഘട്ടത്തില്‍ രണ്ടാം സ്ഥാനത്ത് എത്താൻ കഴിഞ്ഞത് ഒഴിച്ചാല്‍ ശശി തരൂരും രാജീവ് ചന്ദ്രശേഖറും തമ്മിലാണ് മത്സരം നടന്നത്. ഒരു ഘട്ടത്തിൽ 23000 ത്തിലേറെ വോട്ടിന് മുന്നേറിയ രാജീവ് ചന്ദ്രശേഖറിനെ തീരദേശ വോട്ടിന്‍റെ കരുത്തിലാണ് തരൂർ പിന്നിലാക്കിയത്. പിന്നീട് ക്രമാനുഗതമായി ലീഡ് വർധിപ്പിച്ച തരൂ‍ർ ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ 15759  വോട്ടിന് മുന്നിലാണ്.  

ലീഡ് നില കുത്തനെ ഉയര്‍ത്താൻ ശശി തരൂരിന് ആദ്യഘട്ടത്തിൽ സാധിച്ചില്ല. പിന്നീട് രാജീവ് ചന്ദ്രശേഖറിന്‍റെ മുന്നേറ്റമാണ് കണ്ടത്. 23000 വരെ ലീഡ് ഉയര്‍ത്താൻ രാജീവ് ചന്ദ്രശേഖറിന് കഴിഞ്ഞിരുന്നു. എന്നാൽ അവസാന റൗണ്ടിലെത്തിയപ്പോൾ തരൂർ കുതിച്ചെത്തി ലീഡ് പിടിച്ചെടുക്കുകയായിരുന്നു.  

ഇടയ്ക്ക് അടിപതറിയെങ്കിലും തീരദേശ വോട്ടുകള്‍ എണ്ണിയതോടെ തരൂര്‍ വീണ്ടും ലീഡ് ഉയർത്തുകയായിരുന്നു. നഗര മണ്ഡലങ്ങളിൽ ബിജെപിക്ക് പ്രതീക്ഷിച്ച ലീഡ് നേടാൻ ആയില്ല. തിരുവനന്തപുരം സെൻട്രലിൽ തരൂരിന്  5000 ൽ അധികം വോട്ടിന്‍റെ ലീഡാണ് ലഭിച്ചത്. അതേസമയം, നേമത്ത് ബിജെപിയ്ക്ക് 22000 വോട്ടിന്‍റെ ലീഡ് ലഭിച്ചു. നേമത്ത് തരൂർ രണ്ടാമതാണ്. കഴക്കൂട്ടത്ത് ബിജെപിയ്ക്ക് 4000 ൽ പരം വോട്ടിന്‍റെ ലീഡും വട്ടിയൂർക്കാവിൽ 7000 വോട്ടിന്‍റെ ലീഡും ലഭിച്ചു. പാറശാല തരൂരിന് 12,372 ലീഡ് നേടാനായി. 

അവസാനം ലഭ്യമാകുന്ന വിവരങ്ങള്‍ പ്രകാരം 353679 വോട്ടാണ് തരൂരിന് നേടാനായത്. 337920 വോട്ടുകളോടെ രാജീവ് ചന്ദ്രശേഖര്‍ രണ്ടാം സ്ഥാനത്തും 244433 വോട്ടുകളുമായി പന്ന്യന്‍ രവീന്ദ്രന്‍ മൂന്നാമതുമാണ്. ജനാധിപത്യത്തിന്‍റെ ശക്തി പ്രതിഫലിച്ചെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍.  

കേരളത്തിന്റെ തലസ്ഥാന മണ്ഡലമായ തിരുവനന്തപുരം ഒരിക്കലും വ്യക്തമായ രാഷ്ട്രീയ നിറം കാട്ടിയിട്ടില്ല. ആരോടും പഥ്യമില്ലാതെ എല്ലാവരെയും സ്വീകരിക്കുന്ന തലസ്ഥാനം പോലെയാണ് ഇതുവരെയുള്ള മണ്ഡലത്തിന്റെ ജനവിധിയും. കെ കരുണാകരനെയും വി കെ കൃഷ്ണമേനോനെയും എം എന്‍ ഗോവിന്ദന്‍ നായരെയും പി കെ വാസുദേവന്‍ നായരെയും ആനി മസ്‌ക്രീനെയുമെല്ലാം വാരിപ്പുണര്‍ന്ന മണ്ഡലം അപ്രതീക്ഷിതമായി ഏവരെയും ഞെട്ടിച്ചിട്ടുമുണ്ട്. കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം, പാറശ്ശാല, കോവളം, നെയ്യാറ്റിന്‍കര എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് തിരുവനന്തപുരം ലോക്‌സഭ മണ്ഡലം.

1952 -ലെ ആദ്യ തിരഞ്ഞെടുപ്പില്‍ ആനി മസ്‌ക്രീനാണ് ഇവിടെ നിന്നും ലോക്‌സഭയിലേക്ക് പോയത്. 57 -ല്‍ ഈശ്വര അയ്യരും 62 -ല്‍ പി എസ് നടരാജ പിള്ളയും 67 -ല്‍ പി വിശ്വംഭരനും ജയിച്ചുകയറി. 1971 -ല്‍ വി കെ കൃഷ്ണമേനോനാണ് പാര്‍ലമെന്റിലേക്ക് പോയത്. 77 -ല്‍ എം എൻ ഗോവിന്ദന്‍ നായരെ ജയിപ്പിച്ച മണ്ഡലത്തില്‍ 80 -ല്‍ നീലലോഹിത ദാസിനായിരുന്നു ജയം.  

കോണ്‍ഗ്രസിന് വേണ്ടി 1984, 89, 91 വര്‍ഷങ്ങളില്‍ ജയിച്ചുകയറിയ ചാള്‍സാണ് മണ്ഡലത്തില്‍ ആദ്യ ഹാട്രിക്ക് അടിച്ചത്. എന്നാല്‍ 96 -ല്‍ കെ വി സുരേന്ദ്രനാഥ് മണ്ഡലം ചുവപ്പിച്ചു. 98 -ല്‍ സാക്ഷാല്‍ കെ കരുണാകരന് വേണ്ടിയാണ് തലസ്ഥാനം ജനവിധി കുറിച്ചത്. 99 -ലും 2004 -ലും വി എസ് ശിവകുമാറാണ് മണ്ഡലം ‘കൈ’പ്പിടിയിലാക്കിയത്. ഹാട്രിക്ക് ജയം തേടിയ ശിവകുമാറിനെയും താമര വിരിയിക്കാനെത്തിയ ഒ രാജഗോപാലിനെയും മലര്‍ത്തിയടിച്ച് മുന്‍ മുഖ്യമന്ത്രി പി കെ വി എന്ന പി കെ വാസുദേവന്‍ നായര്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ 2004 -ല്‍ തലസ്ഥാനത്ത് ചെങ്കൊടി പാറിച്ചു.

പി കെ വിയുടെ വിയോഗത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പന്ന്യന്‍ രവീന്ദ്രന്‍ ഭൂരിപക്ഷത്തില്‍ റെക്കോഡിട്ട് മണ്ഡലം വീണ്ടും ചുവപ്പിച്ചു. എന്നാല്‍ പന്ന്യന്‍ മാറിനിന്ന 2009 -ല്‍ വിശ്വമലയാളിയെന്ന ഖ്യാതിയോടെയെത്തിയ ശശി തരൂര്‍ വീണ്ടും മണ്ഡലം കോണ്‍ഗ്രസ് പാളയത്തിലെത്തിച്ചു. 2014 -ലും 19 -ലും വിജയിച്ച് തരൂര്‍ തലസ്ഥാനത്ത് രണ്ടാം ഹാട്രിക്ക് എന്ന ഖ്യാതിയും സ്വന്തം പേരിലാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button