കേരള രാഷ്ട്രീയത്തെ പിടിച്ച് കുലുക്കിയ സോളാര്‍ കേസ് നായിക സരിത എസ് നായരെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകന്‍ ഷാജി കൈലാസ് ചിത്രീകരണം തുടങ്ങിയ ‘സംസ്ഥാനം’ എന്ന ചിത്രം പാതിവഴിയില്‍ മുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിന്നു. എന്നാല്‍ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് തിരക്കഥാകൃത്ത് രാജേഷ്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാമ്പത്തിക ബുദ്ധിമുട്ടു കാരണം ചിത്രം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നും, നിര്‍മ്മാതാവിന്റെ ഭാര്യയുടെ മരണവും ഇതിന് കാരണമായെന്നും രാജേഷ് പറയുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പണം ശരിയായാല്‍ ഉടന്‍ ഷാജി കൈലാസിന്റെ സംവിധാനത്തില്‍ തന്നെ ചിത്രീകരണം പുനരാരംഭിക്കുമെന്നും രാജേഷ് പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സുരേഷ് ഗോപിയും കലാഭവന്‍ മണിയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പായി ചിത്രം തിയറ്ററുകളില്‍ എത്തിയ്ക്കാനായിരുന്നു നീക്കം. സരിതയുടെ കഥാപാത്രം സരിത തന്നെയായിരുന്നു സിനിമയിലും ചെയ്യേണ്ടിയിരുന്നത്. അതിനുവേണ്ടി സരിത പങ്കെടുത്ത ഒരു അഭിമുഖവും സരിതയും കലാഭവന്‍ മണിയും ഉള്‍പ്പെടുന്ന രംഗങ്ങളും ചിത്രീകരിക്കുകയും ചെയ്തു.
എന്നാല്‍ കുറ്റാന്വേഷകനായ ഐ പി എസുകാരനായി എത്തുന്ന സുരേഷ് ഗോപി താനും സരിതയും ഒന്നിച്ചു വരുന്ന സീനുകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ഇതോടെ ചിത്രം പ്രതിസന്ധിയിലാകുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. സുരേഷ് ഗോപി അഭിനയിച്ചു തുടങ്ങുന്നതിനു മുന്‍പു തന്നെ തന്റെ ഡിമാന്‍ഡ് അറിയിച്ചു. സുരേഷ്‌ഗോപിയുടെ സീനുകള്‍ ചിത്രീകരിക്കും മുന്‍പേ ചിത്രീകരണം നിര്‍ത്തി വയ്ക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.