ഗിനിയിൽ കസ്റ്റഡിയിലെടുത്ത കപ്പലിലെ മലയാളി ചീഫ് ഓഫിസർ സനു അറസ്റ്റിൽ, നൈജീരിയയ്ക്ക് കൈമാറി; ആശങ്ക
കൊല്ലം: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയിൽ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ ചീഫ് ഓഫിസറും മലയാളിയുമായ കൊച്ചി സ്വദേശി സനു ജോസിനെ ഗിനിയിലെ നാവികസേന അറസ്റ്റ് ചെയ്ത് നൈജീരിയയുടെ യുദ്ധക്കപ്പലിലേക്കു കൊണ്ടുപോയി. മറ്റുള്ളവരെയും ഉടൻ നൈജീരിയയ്ക്ക് കൈമാറുമെന്നാണ് ഏറ്റവും ഒടുവിൽ ലഭിച്ച വിവരം.
3 മലയാളികളടക്കം 16 ഇന്ത്യക്കാരാണ് തടവിലാക്കപ്പെട്ട 26 നാവികരിലുൾപ്പെട്ടത്. ഇവർ കഴിയുന്ന കപ്പലിന്റെ എൻജിൻ തകരാർ പരിഹരിച്ചതോടെ എപ്പോൾ വേണമെങ്കിലും നൈജീരിയയിലേക്ക് കൊണ്ടുപോകാമെന്നും ഓരോ നിമിഷവും ജീവൻ കൂടുതൽ അപകടത്തിലാവുകയാണെന്നും സംഘത്തിലെ മലയാളികളിൽ ഒരാളായ വിജിത് വി.നായർ നേരത്തേ അറിയിച്ചിരുന്നു. കൊച്ചി സ്വദേശിയായ മിലൻ ആണ് സംഘത്തിലെ മൂന്നാമത്തെ മലയാളി. തടവിലാക്കി 3 മാസം പിന്നിട്ടതോടെ ആരോഗ്യപ്രശ്നങ്ങളും സമ്മർദവുംമൂലം സംഘത്തിൽ പലരും അവശരായിരുന്നു. രക്ഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള വിഡിയോകളും ഇന്നലെ പുറത്തുവന്നിരുന്നു.
അതേസമയം, മോചിപ്പിക്കാനുള്ള ഇടപെടൽ വൈകുന്നതിന്റെ ആശങ്കയിലാണ് കുടുംബാംഗങ്ങൾ. ജീവനക്കാരുടെ മോചനത്തിനായുള്ള ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിൽനിന്നു വിജിത്തിന്റെ വീട്ടിലേക്ക് ഇന്നലെ ഫോൺ ചെയ്ത് അറിയിച്ചിരുന്നു. കേന്ദ്രമന്ത്രി വി.മുരളീധരനും കഴിഞ്ഞ ദിവസം കുടുംബത്തിന് ഉറപ്പ് നൽകിയിരുന്നു.
ഓഗസ്റ്റ് 8നാണ് നോർവേ ആസ്ഥാനമായ ‘എംടി ഹീറോയിക് ഇഡുൻ’ എന്ന കപ്പൽ നൈജീരിയയിലെ എകെപിഒ ടെർമിനലിൽ ക്രൂഡ് ഓയിൽ നിറയ്ക്കാൻ എത്തിയത്. കപ്പലിനു സമീപത്തേക്ക് ഒരു ബോട്ട് എത്തുന്നത് കണ്ടതോടെ രാജ്യാന്തര കപ്പൽച്ചാലിലേക്കു മാറ്റിയിടുകയും ചെയ്തു. പിറ്റേന്ന് ഗിനിയയിലെ നേവി ഉദ്യോഗസ്ഥർ കപ്പലിലെത്തി സമുദ്രാതിർത്തി ലംഘിച്ചതിന്റെ പേരിൽ കപ്പലിലുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്തതായി അറിയിക്കുകയായിരുന്നു. കപ്പലിന്റെ ഉടമസ്ഥതയുള്ള ഒഎസ്എം മാരിടൈം കമ്പനി 20 ലക്ഷം ഡോളർ പിഴ അടച്ചെങ്കിലും മോചനത്തിനു വഴിതുറന്നില്ല.
എല്ലാ നാവികരും സുരക്ഷിതരാണെന്നും ഇവരുടെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുന്നതായും ഇക്വറ്റോറിയൽ ഗിനിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഗിനിയിലേയും നൈജീരിയയിലെയും ഇന്ത്യൻ എംബസികൾ ചർച്ചകൾ നടത്തുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അറിയിച്ചു.
അനുമതിയില്ലാതെ എണ്ണ കടത്താനെത്തി സമുദ്രാതിർത്തി ലംഘിക്കുകയും ചോദ്യംചെയ്യാൻ ശ്രമിച്ചപ്പോൾ രാജ്യത്തെ അപകീർത്തിപ്പെടുത്തുന്ന വിധം ‘കടൽക്കൊള്ളക്കാർ ആക്രമിക്കാനെത്തി’ എന്ന വ്യാജസന്ദേശം നൽകുകയും ചെയ്തുവെന്നാണ് നൈജീരിയൻ നാവികസേന വിശദീകരിക്കുന്നത്. നൈജീരിയയിൽ ഒരു വർഷത്തിലേറെയായി കടൽക്കൊള്ളകൾ റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെന്നുമാണ് അവരുടെ നിലപാട്.