KeralaNews

ഐപിഎൽ ജയിച്ചാലും സഞ്ജു ഇന്ത്യയ്ക്കായി കളിക്കണമെന്നില്ല; കാരണം വിശദീകരിച്ച് മുൻ സിലക്ടർ

ജയ്പൂർ: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഇന്ത്യൻ ടീമിൽ കൂടുതൽ അവസരം ലഭിക്കാത്തതിൽ വിശദീകരണവുമായി ഇന്ത്യൻ ടീം മുൻ സിലക്ടർ ശരൺദീപ് സിങ്. അവസരം നൽകിയപ്പോൾ സഞ്ജുവിന് അതു കൃത്യമായി ഉപയോഗിക്കാൻ സാധിച്ചില്ലെന്നു ശരൺദീപ് സിങ് പ്രതികരിച്ചു. 2015ൽ സിംബാബ്‍വെയ്ക്കെതിരെ സഞ്ജു സാംസൺ ട്വന്റി20യിൽ ആദ്യ മത്സരം കളിച്ചപ്പോൾ സിലക്ഷൻ കമ്മിറ്റി അംഗമായിരുന്ന ആളാണ് ശരൺദീപ് സിങ്.

‘‘ഞങ്ങൾ സിലക്ടർമാരായിരുന്നപ്പോൾ സഞ്ജുവിന് ട്വന്റി20യിൽ ഓപ്പണറുടെ റോളിൽ അവസരങ്ങളുണ്ടായിരുന്നു. സഞ്ജുവിന് ആവശ്യമായ അവസരം നൽകി. എന്നാൽ ആ സമയത്ത് സഞ്ജുവിനു പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിച്ചില്ല. ഏകദിന ക്രിക്കറ്റിൽ മധ്യനിരയിൽ കളിക്കാനിറങ്ങി സഞ്ജു മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. പക്ഷേ ആ സമയത്തു തന്നെ മറ്റു വിക്കറ്റ് കീപ്പർമാരും നന്നായി തിളങ്ങിയിരുന്നു.’’– ഒരു ദേശീയ മാധ്യമത്തോടു ശരൺദീപ് സിങ് പറഞ്ഞു.

‘‘ഇഷാൻ കിഷൻ അടുത്തിടെയാണ് ഡബിൾ സെഞ്ചറി നേടിയത്. ഋഷഭ് പന്ത് ഇവിടെയുണ്ട്. ദിനേഷ് കാർത്തിക്ക് കഴിഞ്ഞ വർഷം ദേശീയ ടീമിലേക്കു മടങ്ങിയെത്തി. അതുകൊണ്ടാണ് സഞ്ജുവിന് ചിലപ്പോഴൊക്കെ അവസരം കിട്ടാതെ പോയത്. സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ഐപിഎൽ കിരീടം നേടിയാലും ദേശീയ ടീമിലേക്കു സിലക്ഷൻ നേടാൻ അതു സഹായിക്കുമെന്നു തോന്നുന്നില്ല.’’

‘‘നിങ്ങൾ ഐപിഎൽ വിജയിച്ചാലും, ആവശ്യത്തിന് റൺസ് സ്കോർ ചെയ്തില്ലെങ്കിൽ എങ്ങനെ ഇന്ത്യൻ ടീമിലെത്തും. മികച്ച പ്രകടനം മാത്രമാണ് ടീമിലെത്താനുള്ള അളവുകോൽ. ഈ ഐപിഎൽ സീസണിൽ 700–800 റൺസൊക്കെ എടുത്താൽ ഉറപ്പായും ഇന്ത്യൻ ടീമിൽ ഇടമുണ്ടാകും. ഐപിഎൽ‌ വിജയിക്കുന്നതും പ്രധാനമാണ്. പക്ഷേ നല്ല പ്രകടനമുണ്ടെങ്കിൽ മാത്രമേ ടീമിലെത്താൻ സാധിക്കൂ.’’– ശരൺദീപ് സിങ് പറഞ്ഞു.

ഐപിഎല്ലിൽ മികച്ച തുടക്കം ലഭിച്ച സഞ്ജു സാംസൺ 2023 സീസണിൽ ആറു മത്സരങ്ങളിൽനിന്ന് 159 റൺസെടുത്തിട്ടുണ്ട്. കഴിഞ്ഞ സീസണിൽ 17 മത്സരങ്ങളിൽ കളിച്ച സഞ്ജു 458 റൺസാണ് ആകെ നേടിയത്. ഏകദിന ലോകകപ്പ് അടുത്തു നിൽക്കുന്ന സമയമായതിനാൽ താരത്തിന്റെ ഈ സീസണിലെ പ്രകടനം ലോകകപ്പ് ടീമിൽ ഇടം പിടിക്കുന്നതിൽ നിർണായകമാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button