30.6 C
Kottayam
Wednesday, May 8, 2024

പ്രധാനമന്ത്രിയുടെ ചിത്രം നീക്കാനാവില്ല; ഹര്‍ജിക്കാരന് പിഴ ചുമത്തി ഹൈക്കോടതി

Must read

കൊച്ചി: കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ചെലവോടെ തള്ളി. തീർത്തും ബാലിശമായ ഹർജിക്ക് പിന്നിൽ രാഷ്ട്രീയ താൽപ്പര്യമുണ്ടെന്നും ഹർജിക്കാരനിൽ നിന്ന് 1 ലക്ഷം രൂപ പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടു. ഹർജിക്ക് പിന്നിൽ പൊതുതാൽപ്പര്യമല്ല, പ്രശസ്തി താൽപ്പര്യമാണെന്നും കോടതി വിമർശിച്ചു.

ഒരു ലക്ഷം എന്നത് ഒരു വലിയ തുകയാണെന്ന് അറിയാം, എന്നാൽ ഇത്തരത്തിലുള്ള ബാലിശമായ ഹർജികളെ ഒഴിവാക്കാൻ ഇതാവശ്യമാണെന്ന് സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി. തുക ആറ് മാസത്തിനുള്ളിൽ സംസ്ഥാന ലീഗൽ സർവീസ് അതോറികറ്റിയിലേക്ക് അടക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹൈക്കോടതിയിൽ ഹർജി എത്തിയത്. ഹർജി പരിഗണിക്കവേ ഹർജിക്കാരനെ ഹൈക്കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്, മറ്റേതെങ്കിലും രാജ്യത്തിന്റേതല്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ചിത്രം വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ വരുന്നതിന് എന്തിന് നാണിക്കണമെന്നായിരുന്നു ഹൈക്കോടതി ചോദിച്ചത്.

രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ പലർക്കും ഉണ്ടാകാമെങ്കിലും പ്രധാനമന്ത്രി രാജ്യത്തിന്റേതാണ്. നൂറ് കോടി ജനങ്ങൾക്കില്ലാത്ത എന്ത് പ്രശ്നമാണ് ഹർജിക്കാരനുള്ളത്. ഇത്തരം ഹർജികൾ കൊണ്ടുവന്ന് ഹർജിക്കാരൻ കോടതിയുടെ സമയം പാഴാക്കുകയാണെന്ന് ഹർജി പരിഗണിക്കവെ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അഭിപ്രായപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week