CricketNewsSports

ഇന്ത്യന്‍ ക്രിക്കറ്ററായിരിക്കുകയെന്നുള്ളത് വെല്ലുവിളി ഉയര്‍ത്തുന്ന കാര്യമാണ്, തകർപ്പൻ പ്രകടനത്തിനു ശേഷം സഞ്ജു

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ മിന്നുന്ന പ്രകടനം പുറത്തെടുക്കാന്‍ മലയാളി താരം സഞ്ജു സാംസണായിരുന്നു. 41 പന്തില്‍ നിന്ന് 51 റണ്‍സാണ് അടിച്ചെടുത്തത്. അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ താരം പുറത്താവുകയും ചെയ്തു. റൊമാരിയോ ഷെഫേര്‍ഡിന്റെ പന്തില്‍ മിഡ് ഓഫില്‍ ഷിംറോണ്‍ ഹെറ്റ്മയെര്‍ക്ക് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങുന്നത്. നാല് സിക്‌സും രണ്ട് ഫോറുമായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നത്. ശുഭ്മാന്‍ ഗില്ലിനൊപ്പം 69 റണ്‍സ് ചേര്‍ക്കാനും സഞ്ജുവിനായി.

പ്രകടനത്തില്‍ ഏറെ സന്തോഷമെന്ന് സഞ്ജു പറഞ്ഞു. മത്സരത്തിന്റെ ഇടവേളയില്‍ സംസാരിക്കുകയായിരുന്നു സഞ്ജു. ”കുറച്ച് സമയം ക്രീസില്‍ ചെലവഴിക്കാന്‍ സാധിച്ചത് ആത്മവിശ്വാസം കൂട്ടുന്നു. ടീമിന് വേണ്ടി കൂടുതല്‍ സംഭാവന ചെയ്യാന്‍ കഴിയുന്നത് സന്തോഷമുള്ള കാര്യമാണ്. എതിര്‍താരങ്ങള്‍ക്കെതിരെ വ്യത്യാസ്ഥമായ പദ്ധതികള്‍ ഉണ്ടാവാറുണ്ട്. ബൗളര്‍മാര്‍ക്കെതിരെ ആധിപത്യം പുലര്‍ത്താനാണ് ശ്രമിക്കാറുള്ളത്. ഇന്ത്യന്‍ ക്രിക്കറ്ററായിരിക്കുകയെന്നുള്ളത് വെല്ലുവിളി ഉയര്‍ത്തുന്ന കാര്യമാണ്. കഴിഞ്ഞ 8-9 വര്‍ഷമായി ഞാന്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നുണ്ട്. വിവിധ ബാറ്റിംഗ് പൊസിഷനില്‍ കളിക്കുമ്പോള്‍ വലിയ ബുദ്ധിമുട്ടുകള്‍ മനസിലാവും. സാഹചര്യം മനസിലാക്കാം.

ബാറ്റിംഗ് പൊസിഷനിലല്ല കാര്യം, എത്രത്തോളം ഓവര്‍ കളിക്കാനാവും എന്നതിലാണ്. അതിനനുസരിച്ച് നമ്മള്‍ തയ്യാറെടുക്കണം. കെന്‍സിംഗ്ടണ്‍ ഓവലിലെ പിച്ച് അല്‍പം ഈര്‍പ്പമുള്ളതായിരുന്നു. എന്നാല്‍ ഇവിടെ കുറച്ച് വരണ്ടതും. പുതിയ പന്തുകള്‍ ബാറ്റിലേക്ക് വരുന്നുണ്ടായിരുന്നു. എന്നാല്‍ പഴയ പന്തുകളില്‍ സ്പിന്നര്‍മാര്‍ക്കെതിരെ കളിക്കുക അല്‍പം ബുദ്ധിമുട്ടായിരന്നു. ഇത്രയും വലിയ സ്‌കോര്‍ പടുത്തുയര്‍ത്തുകയെന്നത് അനായാസമായിരുന്നില്ല. എല്ലാ ക്രഡിറ്റും മധ്യനിരയ്ക്കുള്ളതാണ്. ബൗളര്‍മാരുടെ കാര്യത്തില്‍ ആത്മവിശ്വാസമുണ്ടായിരുന്നു.” സഞ്ജു മത്സരത്തിന്റെ ഇടവേളയില്‍ പറഞ്ഞു.

നിര്‍ണായക മൂന്നാം ഏകദിനത്തില്‍ 200 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ട്രിനിഡാഡ് ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സാണ് നേടിയത്. സഞ്ജുവിന് പുറമെ ശുഭ്മാന്‍ ഗില്‍ (85), ഇഷാന്‍ കിഷന്‍ (77), ഹാര്‍ദിക് പാണ്ഡ്യ (70) എന്നിവര്‍ തിളങ്ങി. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 35.3 ഓവറില്‍ 151ന് എല്ലാവരും പുറത്തായി. ഷാര്‍ദുല്‍ ഠാക്കൂര്‍ നാലും മുകേഷ് കുമാര്‍ മൂന്നും വിക്കറ്റ് വീഴ്ത്തി. ഗില്‍ മത്സരത്തിലെ താരമായി. ഇഷാന്‍ കിഷനാണ് പ്ലയര്‍ ഓഫ് ദ സീരീസ്.

ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കി. കൂടെ ഒരു റെക്കോര്‍ഡും. ഏതെങ്കിലും ഒരു ടീമിനെതിരെ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ തവണ ഏകദിന പരമ്പര സ്വന്തമാക്കുന്ന ടീമായിരിക്കുകയാണ് ഇന്ത്യ. വിന്‍ഡീസിനെതിരെ തുടര്‍ച്ചയായ 13-ാം ഏകദിന പരമ്പരയാണിത്. 2007 മുതല്‍ 2023 വരെയുള്ള കണക്കാണിത്. ഇക്കാര്യത്തില്‍ പാകിസ്ഥാന്‍ രണ്ടാം സ്ഥാനത്ത്. സിംബാബ്‌വെയ്‌ക്കെതിരെ 1996 മുതല്‍ 2021 വരെ 11 ഏകദിന പരമ്പരകള്‍ സ്വന്തമാക്കി. മൂന്നാം സ്ഥാനത്തും ഇന്ത്യയും പാകിസ്ഥാനും പങ്കിടുകയാണ്. പാകിസ്ഥാന്‍ 1999 മുതല്‍ 2022 വരെ വിന്‍ഡീസിനെതിരെ 10 ഏകദിന പരമ്പരകള്‍ ജയിച്ചു. ഇന്ത്യ 2007 മുതല്‍ ശ്രീലങ്കയ്‌ക്കെതിരെ ഇത്രയും തന്നെ പരമ്പരകള്‍ ജയിച്ചുവരുന്നു. 

ഇന്നലെ ഇന്ത്യ 351 റണ്‍സ് നേടിയിട്ടും ഒരു താരവും സെഞ്ചുറി നേടിയിരുന്നില്ല. ഇത്തരത്തില്‍, ടീമിലെ ഒരുതാരം പോലും സെഞ്ചുറി നേടാതെ ഇന്ത്യ പടുത്തുയര്‍ത്തുന്ന ഏറ്റവും വലിയ സ്‌കോറാണിത്. 005 ശ്രീലങ്കയ്‌ക്കെതിരെ നാഗ്പൂരില്‍ നേടിയ ആറിന് 350 എന്ന സ്‌കോറാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും മറികടന്നത്. 2004ല്‍ പാകിസ്ഥാനെതിരെ കറാച്ചില്‍ നേടിയ ഏഴിന് 349 എന്ന സ്‌കോര്‍ മൂന്നാം സ്ഥാനത്തായി. അതേവര്‍ഷം , ബംഗ്ലാദേശിനെതിരെ ധാക്കയില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 348 റണ്‍സ് നേടാനും ഇന്ത്യക്കായിരുന്നു.

രണ്ട് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടെസ്റ്റ് പരമ്പരയും ഇന്ത്യ 1 – 0ത്തിന് സ്വന്തമാക്കിയിരുന്നു. ഇനി അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയിലും ഇരുടീമുകളും കളിക്കും. നാളെ, ഇതേ ഗ്രൗണ്ടില്‍ തന്നെയാണ് ടി20 പരമ്പര ആരംഭിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker