ജയ്പൂർ: ഐ.പി.എൽ ആദ്യ മത്സരത്തില്‍ തന്നെ പതിവ് പോലെ തന്നെ സഞ്ജു സാംസണ്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. പ്രയാസകരമായ പിച്ചില്‍ ക്ഷമയോടെ ബാറ്റേന്തിയ സഞ്ജു ടീമിന്‍രെ വിജയശില്‍പിയാകുകയും ചെയ്തു. 52 പന്തുകളില്‍ നിന്ന് മൂന്ന് ബൗണ്ടറിയും ആറ് തകര്‍പ്പന്‍ സിക്‌സുകളുടേയും സഹായത്തോടെ പുറത്താകാതെ 82 റണ്‍സാണ് അടിച്ചെടുത്തത്.
മത്സരത്തില്‍ 20 റണ്‍സിന്റെ തകര്‍പ്പന്‍ ജയവും രാജസ്ഥാന്‍ റോയല്‍സ് നേടി. ഇതോടെ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും സഞ്ജു സാംസണ്‍ ആയിരുന്നു. എന്നാല്‍ തനിയ്ക്ക് ലഭിച്ച മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് മറ്റൊരു താരത്തിന് കൈമാറുകയായിരുന്നു സഞ്ജു സാംസണ്‍. രാജസ്ഥാനായി ബൗളിംഗില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച സന്ദീപ് ശര്‍മ്മയ്ക്കാണ് സഞ്ജു തനിക്ക് ലഭിച്ച മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് കൈമാറിയത്. മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് ലഭിച്ച വേദിയില്‍ വെച്ച് തന്നെ സഞ്ജു ഇക്കാര്യം പ്രഖ്യാപിക്കുകയായിരുന്നു.
നിലവില്‍ ടീമില്‍ താനൊരു വ്യത്യസ്തമായ റോളാണ് വഹിക്കുന്നതെന്ന് സഞ്ജു സാംസണ്‍ വ്യക്തമാക്കി. ഒപ്പം സംഗക്കാരയുടെ ഉപദേശവും തനിക്ക് ഗുണം ചെയ്യുന്നുണ്ട് എന്നാണ് മലയാളി താരം തുറന്ന സമ്മതിച്ചു.‘മൈതാനത്ത് എത്തി ഇത്തരത്തില്‍ സമയം ചെലവഴിക്കാന്‍ സാധിക്കുന്നത് വലിയ സന്തോഷം നല്‍കുന്നുണ്ട്.
പ്രത്യേകിച്ച് നമ്മുടെ ടീം വിജയിക്കുമ്പോള്‍ ഈ പ്രകടനം നടത്താന്‍ സാധിച്ചത് വളരെ സ്‌പെഷ്യലാണ്. ഞങ്ങള്‍ക്കുള്ള വ്യത്യസ്തമായ കോമ്പിനേഷന്‍ ഉപയോഗിച്ച്, ഇപ്പോള്‍ ഞാന്‍ കളിക്കുന്നത് ഒരു വ്യത്യസ്തമായ റോളില്‍ തന്നെയാണ്. സംഗക്കാര എനിക്ക് ആവശ്യമായ കുറച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയുണ്ടായി’ സഞ്ജു പറയുന്നു.
‘കഴിഞ്ഞ 10 വര്‍ഷമായി ഞാന്‍ ഐപിഎല്ലില്‍ കളിക്കുന്നുണ്ട്. അതിന്റെതായ അനുഭവസമ്പത്ത് എനിക്ക് എല്ലായിപ്പോഴുമുണ്ട്. സാഹചര്യങ്ങള്‍ മനസ്സിലാക്കാനായി മൈതാനത്ത് കൂടുതല്‍ സമയം ചിലവഴിക്കണം എന്ന തോന്നല്‍ എനിക്കുണ്ടായിട്ടുണ്ട്. മാത്രമല്ല അന്താരാഷ്ട്ര ഏകദിന മത്സരങ്ങളില്‍ കളിക്കാന്‍ സാധിച്ചതും എനിക്ക് ഗുണം ചെയ്തു.
കൃത്യമായി നമ്മുടെ ശക്തിയും ബലഹീനതയും മനസ്സിലാക്കുക എന്നതിലാണ് പ്രധാന കാര്യം. ഞാന്‍ എല്ലായിപ്പോഴും ബോളിനെതിരെ പ്രതികരിക്കുന്ന ബാറ്ററാണ്. ആദ്യ ബോളാണോ അവസാന ബോളാണോ എന്ന് ഞാന്‍ നോക്കാറില്ല.”- സഞ്ജു കൂട്ടിച്ചേര്‍ക്കുന്നു.
ഈ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം സന്ദീപ് ശര്‍മയ്ക്ക് നല്‍കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അവന്‍ ആ 3 ഓവറുകള്‍ എറിഞ്ഞില്ലായിരുന്നുവെങ്കില്‍ എനിക്ക് കളിയിലെ താരമായി മാറാന്‍ സാധിക്കില്ലായിരുന്നു. അവനെ അതുകൊണ്ടുതന്നെ ഇങ്ങോട്ട് ക്ഷണിക്കണമെന്ന് ഞാന്‍ കരുതുന്നു. ഇത് പൂര്‍ണമായും കഴിവ് മാത്രമല്ല, സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ ഉള്ള പെരുമാറ്റം കൂടിയാണ് എന്ന് അശ്വിന്‍ ഭായ് മുന്‍പ് പറയുന്നത് ഞാന്‍ കേട്ടിരുന്നു. സന്ദീപ് ശര്‍മയുടെ ശരീരഭാഷയിലും മറ്റും അത് പ്രതിഫലിക്കുന്നുണ്ട്’ സഞ്ജു സാംസണ്‍ പറഞ്ഞു നിര്‍ത്തി.
മത്സരത്തില്‍ സന്ദീപ് ശര്‍മ്മ രാജസ്ഥാനായി മികച്ച ബൗളിംഗ് പ്രകടനമാണ് കാഴ്ച്ചവെച്ചത്. മൂന്ന് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റാണ് സന്ദീപ് നേടിയത്. 17ാം ഓവറില്‍ ഏഴ് റണ്‍സ് മാത്രം വഴങ്ങി രാഹുലിനെ പുറത്താക്കിയ സന്ദീപ് 19ാം ഓവറില്‍ പൂരാനെ പിടിച്ച് കെട്ടി വെറും 11 റണ്‍സ മാത്രമാണ് വിട്ടുകൊടുത്തത്.