CricketSports

ടോക് ഷോയുമായി സാനിയ മിർസയും ശുഐബ് മാലിക്കും; ആവേശത്തിൽ ആരാധകര്‍

ഇസ്‍ലാമബാദ്∙ ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയും പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്കും വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങൾ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ഇരുവരും വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്ന റിപ്പോർട്ടുകൾ രാജ്യാന്തര മാധ്യമങ്ങളിൽ നിറയുന്നതിനിടെ ടോക് ഷോ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സാനിയയും മാലിക്കും. ‘ദ് മിര്‍സ മാലിക് ഷോ’ എന്നാണ് പരിപാടിക്കു പേരിട്ടിരിക്കുന്നത്.

ഒരു പാക്കിസ്ഥാനി മാധ്യമത്തിലാണ് സാനിയയും മാലിക്കും അവതാരകരായി എത്തുന്നത്. പരിപാടിയുടെ സംപ്രേഷണം ഉടൻ തന്നെ ആരംഭിക്കുമെന്നും സാനിയയും മാലിക്കും ഇൻസ്റ്റഗ്രാം കുറിപ്പിൽ അറിയിച്ചു. നിരവധി ആരാധകരാണ് താരദമ്പതികളെ ടോക് ഷോയിൽ കാണുന്നതിലുള്ള സന്തോഷം ഇന്‍സ്റ്റഗ്രാമിൽ അറിയിച്ചത്.

2010 ഏപ്രിലിലാണ് സാനിയയും മാലിക്കും വിവാഹിതരായത്. 2018ല്‍ മകൻ ഇസാൻ മിർസ മാലിക്ക് ജനിച്ചു. സാനിയയുടെ ചില ഇൻസ്റ്റഗ്രാം കുറിപ്പുകൾക്കു പിന്നാലെയാണ് വിവാഹ മോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പരന്നത്. ‘തകർന്ന ഹൃദയങ്ങൾ എങ്ങോട്ട് പോകുന്നു, അല്ലാഹുവിനെ കണ്ടെത്താൻ’– എന്നാണു സാനിയ ഇൻസ്റ്റയിൽ കുറിച്ചത്.

എന്താണ് ഇങ്ങനെയൊരു സ്റ്റോറിയുടെ കാരണമെന്ന് സാനിയ മിര്‍സ ഇതുവരെ വിശദമാക്കിയിട്ടില്ല.  കുറച്ചു നാളുകളായി സാനിയയും മാലിക്കും ഒരുമിച്ചല്ല താമസമെന്നു ചില പാക്കിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ശുഐബ് മാലിക്കോ, സാനിയയോ വിവാഹമോചന വാർത്തകളിൽ പ്രതികരിക്കാൻ തയാറായിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button