കൊച്ചി: എസ്.ഐ ആനി ശിവയെ അപമാനിച്ചെന്ന പരാതിയില്‍ കേസെടുത്തതില്‍ പ്രതികരിച്ച് ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണ. ‘ചാനലുകളില്‍ നിന്ന് വിളി വന്നപ്പോഴാണ് കേസെടുത്ത വിവരം അറിഞ്ഞത്. കൊച്ചി സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ അങ്ങനെയാണ്. മാധ്യമങ്ങള്‍ ആദ്യം വിവരമറിയും. അതുകഴിഞ്ഞ് ടിവിയില്‍ വരുമ്പോള്‍ ജനമറിയും.
വിദേശത്ത് നിന്ന് വരെ വിളികള്‍ വന്നു തുടങ്ങിയപ്പോള്‍ അന്വേഷിച്ചു. അങ്ങനെയാണ് പ്രതിയായ ഞാന്‍ വിവരമറിയുന്നത്. എഫ്ഐആര്‍, എഫ്ഐഎസ് എന്നീ റെക്കോഡ്സ് കയ്യില്‍ കിട്ടിയിട്ടില്ല. കിട്ടിയ ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കും. എസ്.ഐ പെണ്ണ് ആനി ശിവയുടെ പൊലീസല്ലേ..അയാം വെയിറ്റിംഗ്…..’ സംഗീത ലക്ഷ്മണ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.
സ്ത്രീത്വത്തെ അപമാനിച്ചെന്ന ആനി ശിവയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് സംഗീത ലക്ഷ്മണയ്ക്കെതിരെ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ഐ.ടി ആക്ട് നിയമപ്രകാരവുമാണ് കേസ്. കയ്യിലിരിപ്പുകൊണ്ട് സ്വന്തം ജീവിതം നശിപ്പിച്ചവര്‍ മറ്റുള്ളവരുടെ ചുമതല എങ്ങനെ ഏറ്റെടുക്കും എന്ന തരത്തിലായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.