കൊച്ചി : എറണാകുളം പറവൂരില്‍ വീട് ജപ്തി ചെയ്തതിനെ തുടര്‍ന്ന് പെരുവഴിയിലായ സന്ധ്യയ്ക്ക് കൈത്താങ്ങായി യൂസഫലി. സന്ധ്യയുടെ മുഴുവൻ കടബാധ്യതയും ഏറ്റെടുക്കാമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. മണപ്പുറം ഫിനാൻസിൽ നിന്നും സന്ധ്യയുടെ പേരിൽ എടുത്തിട്ടുള്ള ലോണിന്റെ മുതലും പലിശയും അടക്കം മുഴുവന്‍ തുകയും നൽകാൻ തയ്യാറാണെന്നാണ് ലുലു ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുള്ളത്.
ലൈഫ് പദ്ധതി വഴി ലഭിച്ച വീടിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതിന് ആയാണ് സന്ധ്യയുടെ പേരിൽ സന്ധ്യയുടെ ഭർത്താവ് മണപ്പുറം ഫിനാൻസിൽ നിന്നും 4 ലക്ഷം രൂപ ലോൺ എടുത്തിരുന്നത്. എന്നാൽ വൈകാതെ തന്നെ ഭർത്താവ് സന്ധ്യയെയും മക്കളെയും ഉപേക്ഷിച്ചു മറ്റൊരു സ്ത്രീയ്ക്ക് ഒപ്പം പോവുകയായിരുന്നു.
ഇതോടെ മുഴുവൻ ബാധ്യതയും സന്ധ്യയുടെ ചുമലിലായി. എറണാകുളത്തെ ഒരു ടെക്സ്റ്റൈൽ സ്ഥാപനത്തിൽ സെയിൽസ് ഗേൾ ആയി ജോലി ചെയ്തു കൊണ്ടായിരുന്നു സന്ധ്യ തന്റെ മക്കളുടെ വിദ്യാഭ്യാസവും വീട്ടു ചെലവുകളും നടത്തിവന്നിരുന്നത്. ഇതിനിടയിൽ ലോൺതുക കൂടി അടയ്ക്കാൻ കഴിയാതെ വന്നതോടെ വലിയ ബാധ്യത ആവുകയായിരുന്നു.
തിങ്കളാഴ്ച സന്ധ്യ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ആയിരിക്കുന്ന സമയത്താണ് മണപ്പുറം ഫിനാൻസ് സന്ധ്യയുടെ വീട് ജപ്തി ചെയ്തിരുന്നത്. കുട്ടികളുടെ വസ്ത്രങ്ങളും പുസ്തകങ്ങളും മരുന്നും അടക്കമുള്ള എല്ലാ വസ്തുക്കളും അകത്തു വച്ച് പൂട്ടിയാണ് സ്ഥാപനം വീട് ജപ്തി ചെയ്തു പോയത്.
ഇതോടെ പെരുവഴിയിൽ ആയ സന്ധ്യയും മക്കളും എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു. ഇപ്പോൾ യൂസഫലിയുടെ സഹായത്തോടെ വീട് തിരികെ ലഭിക്കും എന്ന വലിയ പ്രതീക്ഷയിലാണ് സന്ധ്യയും മക്കളും ഉള്ളത്.