CrimeKeralaNews

Sandeep Murder : സന്ദീപ് വധക്കേസ്; പ്രതികൾ ബിജെപി പ്രവര്‍ത്തകര്‍,എഫ്.ഐ.ആര്‍ പുറത്ത്‌

പത്തനംതിട്ട: തിരുവല്ല പെരിങ്ങരിയിലെ സിപിഎം (cpm) ലോക്കൽ സെക്രട്ടറി സന്ദീപ് കൊല്ലപ്പെട്ട കേസിലെ പ്രതികൾ ബിജെപി പ്രവർത്തകരെന്ന് എഫ്ഐആർ. പ്രതികൾക്ക് സന്ദീപിനോടുള്ള മുൻ വൈരാഗ്യ മൂലം കൊല്ലണമെന്നുള്ള ഉദ്ദേശത്തോടെയാണ് കൃത്യം നിർവഹിച്ചതെന്നും എഫ്ആആറില്‍ പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലിൽ വയലിൽ വച്ച് സന്ദീപിനെ ഒരു സംഘമാളുകൾ ബൈക്കിലെത്തി വെട്ടിക്കൊലപ്പെടുത്തിയത്. സന്ദീപിന്‍റെ നെ‌ഞ്ചിൽ ഒമ്പത് വെട്ടേറ്റിട്ടുണ്ട്. ആശുപത്രിയിലെത്തും മുമ്പ് തന്നെ മരിച്ചു. അക്രമികൾ ഉടൻ തന്നെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും രാത്രിയോടെ നാല് പേർ പിടിയിലായി. ഇന്ന് അഞ്ചാമനെയും പിടികൂടിയോടെ കേസിലെ എല്ലാ പ്രതികളും അറസ്റ്റിലായി. ജിഷ്ണു രഘു, നന്ദു, പ്രമോദ്, മുഹമ്മദ് ഫൈസൽ, അഭി എന്നിവരാണ് കേസിലെ പ്രതികൾ.

മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരിൽ മൂന്ന് പേരെ ആലപ്പുഴ കരുവാറ്റയില്‍ നിന്ന് പിടികൂടിയത്. കണ്ണൂര്‍ സ്വദേശിയായ മറ്റൊരു പ്രതി മുഹമ്മദ് ഫൈസലിനെ കുറ്റൂരിലെ വാടക മുറിയിൽ നിന്നുമാണ് പിടികൂടിയത്.. എടത്വായിൽ നിന്നാണ് അബിയെ പിടികൂടിയത്. യുവമോർച്ച പെരിങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ മുൻ പ്രസിഡന്‍റാണ് മുഖ്യപ്രതി ജിഷ്ണു രഘു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് ഭാഷ്യം.

എന്നാല്‍, പൊലീസ് നിഗമനം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. അന്വേഷണം കഴിയാതെ രാഷ്ട്രീയ കൊലപാതകമല്ലെന്ന ബിജെപി വാദം പൊലീസ് ഏറ്റെടുക്കരുതെന്നും കോടിയേരി പറഞ്ഞു. സർക്കാർ ഇക്കാര്യം പരിശോധിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു. അതേസമയം, അറസ്റ്റിലായരിൽ മൂന്ന് പേർ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് ബിജെപി തിരിച്ചടിച്ചു.

പൊലീസ് നടപടി സർക്കാർ പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. സന്ദീപിൻറേത് ആസൂത്രിക കൊലപാതകമാണ്. പിന്നിൽ ആർഎസ്എസ്-ബിജെപി സംഘമാണെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. ഗൂഢാലോചന സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കൊലക്ക് പകരം കൊലയല്ല സിപിഎം നയമെന്നും കോടിയേരി കൂട്ടിച്ചേർത്തു. സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വം കൊലപാതകത്തിന് പിന്നാലെ ഉന്നയിച്ച ആരോപണം പൂർണമായും സംസ്ഥാന നേതൃത്വവും ഏറ്റെടുത്തു.

അതിനിടെ, സന്ദീപിൻറേത് ഹീനമായ കൊലപാതകമാണെന്നും പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിലെത്തിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പൊതുപ്രവർത്തകൻ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും ജനങ്ങളുമായി അടുത്ത് ഇടപഴകുകയും അംഗീകാരം നേടുകയും ചെയ്ത സഖാവായിരുന്നു സന്ദീപെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. എന്നാൽ, സന്ദീപിൻറെ കൊലപാതകവുമായി ബന്ധമുണ്ടെന്ന ആരോപണം പത്തനംതിട്ട ജില്ലാ നേതൃത്വം നിഷേധിച്ചു. സിപിഎം മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ആവശ്യപ്പെട്ടു.

അതിനിടെ, രാഷ്ട്രീയ കൊലപാതകങ്ങളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അപലപിച്ചു. വ്യത്യസ്ത ആശയങ്ങളെ ജീവനെടുത്ത് കൊണ്ടല്ല നേരിടേണ്ടത്. കുറ്റവാളികൾക്കെതിരെ പൊലീസ് ശക്തമായ നടപടി എടുക്കുമെന്നാണ് പ്രതീക്ഷ. ഒരു അക്രമവും വെച്ച് പൊറുപ്പിക്കരുതെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. തിരുവല്ലയിൽ സിപിഎം പ്രാദേശിക നേതാവ് സന്ദീപിനെ കുത്തിക്കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഗവർണറുടെ വാക്കുകൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button