BusinessKeralaNews

ലാഭത്തിൽ വന്‍ ഇടിവ്; ചിപ്പ് ഉല്പാദനം വെട്ടിക്കുറയ്ക്കാനൊരുങ്ങി സാംസങ്

മുംബൈ:ലാഭത്തില്‍ ഇടിവുണ്ടായതോടെ ചിപ്പ് ഉല്പാദനം വെട്ടിക്കുറയ്ക്കാനൊരുങ്ങുകയാണ് സാംസങ് ഇലക്ട്രോണിക്‌സ്. കമ്പനിയുടെ ത്രൈമാസ പ്രവര്‍ത്തന ലാഭത്തില്‍ 96 ശതമാനത്തിന്റെ ഇടിവുണ്ടായെന്നാണ് കണക്കുകള്‍. ആഗോള സമ്പദ് വ്യവസ്ഥയിലുണ്ടായ മാന്ദ്യവും കോവിഡ് കാലത്തിന് ശേഷം ചിപ്പിന് ആവശ്യക്കാര്‍ കുറഞ്ഞതും ഇതിന് കാരണമായി കണക്കാക്കുന്നു.

ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ കമ്പനിയുടെ പ്രവര്‍ത്തന ലാഭം 60000 കോടി ദക്ഷിണ കൊറിയന്‍ വോണ്‍ (3730 കോടി രൂപ) ആയി ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷം 14,000,00 കോടി വോണ്‍ (87054.98 രൂപ) ആയിരുന്നു ലാഭം.

ചിപ്പ് നിര്‍മാണം പരിമിതപ്പെടുത്താന്‍ തീരുമാനിച്ചെങ്കിലും സ്ഥാപനത്തിന്റെ ഓഹരിയില്‍ നാല് ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്.

കോവിഡ് കാലത്ത് ഇലക്ട്രോണിക് ഉപകരണങ്ങളുടെ ആവശ്യകത വര്‍ധിച്ചതോടെ ചിപ്പുകളുടെ ആവശ്യവും വര്‍ധിച്ചിരുന്നു. ഇത് ചിപ്പുകളുടെ ക്ഷാമത്തിലേക്കും നയിച്ചു. കോവിഡ് ലോക്ക്ഡൗണ്‍ നീങ്ങിയതോടെ ചിപ്പുകള്‍ക്കുള്ള ആവശ്യവും കുറഞ്ഞുവരികയാണ്. ഇത് വരുമാന നഷ്ടത്തിന് ഇടയാക്കി. ഒപ്പം സാമ്പത്തിക മാന്ദ്യവും പ്രതിസന്ധി വര്‍ധിക്കുന്നതിനിടയാക്കി. കോവിഡ് കാലത്ത് വന്‍തോതില്‍ ഉല്പാദിപ്പിക്കപ്പെട്ട ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ കമ്പനികള്‍.

അതേസമയം, സാംസങിന്റെ ഈ തീരുമാനം സെമികണ്ടക്ടര്‍ വ്യവസായരംഗത്തെ പ്രതിസന്ധി സാധാരണ നിലയിലാവുന്നതിന്റെ ലക്ഷണമായാണ് നിക്ഷേപകര്‍ കരുതുന്നത്. ഈ മാസാവസാനം വിശദമായ വരുമാന കണക്കുകള്‍ കമ്പനി പുറത്തിറക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button