ബ്രസ്സല്‍സ്: ലോകത്തിലെ ഏറ്റവും വലിയ ചോക്കലേറ്റ് നിര്‍മാണകേന്ദ്രത്തില്‍ സാല്‍മാെണല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ബാരി കാലിബോട്ട് എന്ന സ്വിസ് കമ്പനിയുടെ ബെല്‍ജിയന്‍ നഗരമായ വീസില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയിലാണ് ബാക്ടീരിയസാന്നിധ്യം കണ്ടെത്തിയത്. ഇതിനുപിന്നാലെ 73 വിവിധ കണ്‍ഫെക്ഷണറികള്‍ക്കായി ദ്രവരൂപത്തിലുള്ള ചോക്കലേറ്റിന്റെ മൊത്തവ്യാപാരം നടത്തുന്ന കമ്പനിയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തി വെച്ചതായി കമ്പനി വക്താവ് കൊര്‍ണീല്‍ വാര്‍ലോപ് എഎഫ്പിയോട് പറഞ്ഞു.
പരിശോധന നടത്തിയ സമയം മുതലുള്ള എല്ലാ ഉത്പന്നങ്ങളും തടഞ്ഞതായി വാര്‍ലോപ് കൂട്ടിച്ചേര്‍ത്തു. ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ വീസിലെ ചോക്കലേറ്റ് നിര്‍മാണം നിര്‍ത്തിവെച്ചതായും അദ്ദേഹം അറിയിച്ചു. അണുബാധയുണ്ടായതായി കരുതുന്ന വിപണനം ചെയ്ത ചോക്കലേറ്റ് കൈപ്പറ്റിയ ഇടപാടുകാരെ ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും വാര്‍ലോപ് പറഞ്ഞു. അണുബാധയുണ്ടായതായി കണ്ടെത്തിയ ചോക്കലേറ്റിന്റെ ഭൂരിഭാഗവും ഫാക്ടറിയില്‍ തന്നെയുണ്ടെന്നും വാര്‍ലോപ് അറിയിച്ചു. കമ്പനിയില്‍ നിന്ന് വാങ്ങിയ ചോക്കലേറ്റ് കൊണ്ട് നിര്‍മിച്ച ഉത്പന്നങ്ങള്‍ വിപണനത്തിനെത്തിക്കരുതെന്ന് ഇടപാടുകാരോട് കമ്പനി ആവശ്യപ്പെട്ടു.
ഹെര്‍ഷെ, മോണ്ടലെസ്, നെസ് ലെ, യൂണിലിവര്‍ തുടങ്ങി വമ്പന്‍ വ്യവസായികള്‍ക്ക് ചോക്കലേറ്റ് വിതരണം ചെയ്യുന്നത് ബാരി കാലിബോട്ടാണ്. ചോക്കലേറ്റ് നിര്‍മാണമേഖലയില്‍ പ്രഥമസ്ഥാനത്തുള്ള കമ്പനിയുടെ 2020-21 കാലയളവിലെ വാര്‍ഷിക വില്‍പന 2.2 മില്യണ്‍ ടണ്‍ ആണ്. 13,000 ലധികം ജീവനക്കാരുള്ള കമ്പനിയ്ക്ക് ആഗോളതലത്തില്‍ 60 ലേറെ നിര്‍മാണകേന്ദ്രങ്ങളാണുള്ളത്.
ആമാശയസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുന്ന സാല്‍മൊണല്ല ദഹനവ്യവസ്ഥയിലെ അവയവങ്ങളേയും ബാധിക്കും. ഗുരുതരരോഗമായ ടൈഫോയ്ഡിനും സാല്‍മൊണല്ല കാരണമാകുന്നു. രക്തചംക്രമണത്തില്‍ പ്രവേശിക്കുന്ന ബാക്ടീരിയ ശരീരമാസകലം വ്യാപിക്കുകയും അവയവങ്ങളില്‍ കടന്നുകൂടുകയും ചെയ്യും. എന്‍ഡോടോക്‌സിനുകള്‍ ഉത്പാദിപ്പിക്കുന്നതിലൂടെ ജീവന് തന്നെ സാല്‍മൊണല്ല ഭീഷണിയാകും. ആഹാരപദാര്‍ഥങ്ങളിലൂടെയാണ് സാല്‍മൊണല്ല പ്രധാനമായും ശരീരത്തില്‍ പ്രവേശിക്കുന്നത്. ആന്റിബയോട്ടിക്കുകളാണ് പ്രധാനമായും ഈ ബാക്ടീരിയക്കെതിരെ ഫലപ്രദമാകുന്നത്.