FeaturedHome-bannerNationalNews

ഉപയോഗിച്ച വാഹനങ്ങളുടെ വിൽപന; GST 18 % ആയി ഉയർത്തി; ഇൻഷുറൻസ് പോളിസി നിരക്കിൽ തീരുമാനമായില്ല

ജയ്‌സാല്‍മര്‍: പഴയതും ഉപയോഗിച്ചതുമായ വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് 18 ശതമാനത്തിലേക്ക് ഉയര്‍ത്താന്‍ ജി എസ്ടി കൗണ്‍സിലിന്റെ അനുമതി. ഇലക്ട്രിക് വാഹനങ്ങളും ഇതില്‍ ഉള്‍പ്പെടും. പരിഷ്‌കരിച്ച നിരക്ക് യൂസ്ഡ് കാര്‍ കമ്പനികള്‍ക്കാണ് ബാധകമാകുക. വാഹനങ്ങള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്ന വ്യക്തികള്‍ക്ക് പഴയ നിരക്കായ 12 ശതമാനം തന്നെയായിരിക്കും.

രാജസ്ഥാനിലെ ജയ്‌സാല്‍മെറില്‍ ചേര്‍ന്ന ജിസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. കമ്പനികള്‍ക്ക് കിട്ടുന്ന ലാഭത്തിന്റെ 18 ശതമാനം ജിഎസ്ടി ഈടാക്കാനാണ് തീരുമാനം.നിര്‍മ്മാണ മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട്, 50 ശതമാനത്തില്‍ കൂടുതല്‍ ഫ്‌ലൈ ആഷ് (ചാരം) അടങ്ങിയ എഎസി ബ്ലോക്കുകളുടെ ജിഎസ്ടി നിരക്ക് 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി കുറച്ചു. ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിലും സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടായി. പോഷകാംശങ്ങള്‍ ചേര്‍ത്ത അരികളുടെ ജിഎസ്ടി നിരക്ക് ഉപയോഗം പരിഗണിക്കാതെ അഞ്ച് ശതമാനമായി ഏകീകരിച്ചു.

റെഡി-ടു-ഈറ്റ് പോപ്കോണിന്റെ കാര്യത്തില്‍, ഉപ്പിന്റെയും മസാലകളുടെയും മിശ്രിതമാണെങ്കില്‍, പാക്ക് ചെയ്യാത്ത രൂപത്തില്‍ അഞ്ച് ശതമാനവും പാക്ക് ചെയ്ത രൂപത്തില്‍ 12 ശതമാനവും ജിഎസ്ടി ഈടാക്കും. കാരമല്‍ പോപ്‌കോണിന്റെ ജിഎസ്ടി 12 ശതമാനമായി ഉയര്‍ത്തി. പഞ്ചസാര ചേര്‍ത്ത ഉല്‍പന്നങ്ങള്‍ക്ക് നിലവില്‍ ഉയര്‍ന്ന നിരക്കുണ്ടെന്നാണ് ധനമന്ത്രി ഇതിന് നല്‍കിയ വിശദീകരണം.

ജീന്‍ തെറാപ്പിയെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കി. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്നതിന് ജിഎസ്ടി ഈടാക്കില്ല കശുവണ്ടി കര്‍ഷകര്‍ നേരിട്ട് ചെറുകിട വില്പന നടത്തിയാല്‍ ജിഎസ്ടി ഉണ്ടാകില്ല. വായ്പ തിരിച്ചടവ് വൈകിയതിന് ബാങ്കുകള്‍ ഈടാക്കുന്ന പിഴയ്ക്ക് ജിഎസ്ടി ചുമത്തില്ലെന്നും ധനമന്ത്രി അറിയിച്ചു. ഓണ്‍ലൈന്‍ സേവനം നല്കുമ്പോള്‍ ഏതു സംസ്ഥാനത്തിനാണ് സേവനം എന്നത് ബില്ലില്‍ രേഖപ്പെടുത്തണം എന്ന കേരളത്തിന്റെ ആവശ്യം കൗണ്‍സില്‍ അംഗീകരിച്ചു. വ്യോമയാന ഇന്ധനത്തെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശത്തില്‍ യോഗത്തില്‍ സമവായം ഇല്ല.

ആരോഗ്യ-ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകള്‍ കുറയ്ക്കുന്നതില്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനം മാറ്റി വച്ചു. ചില സാങ്കേതിക കാര്യങ്ങളില്‍ ധാരണയാകാന്‍ ഉള്ളതിനാലാണ് തീരുമാനം മാറ്റിയത്. ഭക്ഷണ വിതരണത്തിന്റെ ജി എസ് ടി നിരക്ക് കുറയ്ക്കുന്നതിലും തീരുമാനം മാറ്റി.

ലൈഫ്-ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്ന് വ്യവസായ ലോകം ദീര്‍ഘനാളായി ആവശ്യപ്പെട്ട് വരികയാണ്. ജി എസ് ടി നിരക്ക് കുറച്ചാല്‍ ഇന്‍ഷുറര്‍മാരുടെയും പോളിസി ഉടമകളുടെയും നികുതി ഭാരം കുറയ്ക്കാനാകും. കൂടുതല്‍ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. നിര്‍ദ്ദേശം വീണ്ടും കൗണ്‍സിലില്‍ കൊണ്ടുവരുന്നതിന് മുമ്പ് ജനുവരിയില്‍ മറ്റൊരു യോഗം ചേരും.

ജിഎസ്ടി നിരക്ക് കുറയ്ക്കുമ്പോള്‍ വരുമാന നഷ്ടത്തെക്കുറിച്ച് ചില സംസ്ഥാനങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ യോഗത്തില്‍ സമവായം ഉണ്ടായില്ല. മുതിര്‍ന്ന പൗരന്മാര്‍ അടയ്ക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം നികുതിയില്‍ നിന്നും ഒഴിവാക്കുന്നതും പരിഗണനയിലുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ ഒഴികെയുള്ളവര്‍ അടയ്ക്കുന്ന 5 ലക്ഷം രൂപ വരെയുള്ള ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പ്രീമിയവും ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

ബിഹാര്‍ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി അടക്കം മിക്ക പാനല്‍ അംഗങ്ങളും ആരോഗ്യ-ലൈഫ് ഇന്‍ഷുറസ് പ്രീമിയം ജിഎസ്ടി നിരക്കില്‍ പൂര്‍ണ ഇളവിനായി വാദിച്ചപ്പോള്‍, ഏതാനും അംഗങ്ങള്‍ നിലവിലെ 18 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറയ്ക്കണമെന്നാണ് ആവശ്യപ്പെട്ടത്.

അഞ്ച ലക്ഷം വരെ കവറേജുള്ള പോളിസികള്‍ക്ക് ഇളവ് നല്‍കുന്ന കാര്യമാണ് ആലോചിച്ചത്. എന്നാല്‍, അഞ്ചുലക്ഷത്തിന് മുകളില്‍ കവറേജുള്ള പോളിസികളില്‍ 18 ശതമാനം ജി എസ്ടി നിരക്ക് തന്നെ തുടര്‍ന്നേക്കും.ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമുകള്‍ ഇപ്പോള്‍ വിതരണ ചാര്‍ജുകളില്‍ ജി എസ് ടി നല്‍കുന്നില്ല. 5 ശതമാനം ജിഎസ്ടി ഡെലിവറി ചാര്‍ജില്‍ 2022 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഈടാക്കണമോ എന്നതായിരുന്നു യോഗത്തിന്റെ അജണ്ട.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker