അഹമ്മദാബാദ്: മുന്‍ കോണ്‍ഗ്രസ് എം.പി. എഹ്‌സാന്‍ ജഫ്രിയുടെ വിധവയും 2002-ലെ ഗുജറാത്ത് കലാപത്തിന്റെ ഇരയുമായ സാക്കിയ ജഫ്രി (86) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ശനിയാഴ്ച അഹമ്മദാബാദില്‍വെച്ചായിരുന്നു അന്ത്യം. അഹമ്മദാബാദില്‍ കഴിഞ്ഞിരുന്ന സാകിയ രാവിലെ 11.30 ഓടെ അന്തരിച്ചതായി മകന്‍ തന്‍വീര്‍ സ്ഥിരീകരിച്ചു. അഹമ്മദാബാദില്‍ ഭര്‍ത്താവിന്റെ ഖബറിടത്തോട് ചേര്‍ന്ന് അവരെ സംസ്‌കരിച്ചേക്കും.
2002 ഫെബ്രുവരി 27-ന് നടന്ന ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ സംഭവത്തെത്തുടര്‍ന്നുണ്ടായ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയെ അതിജീവിച്ചയാളായിരുന്നു സാക്കിയ ജഫ്രി. ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ നടന്ന കലാപത്തിലാണ് എഹ്‌സാന്‍ ജഫ്രി കൊല്ലപ്പെട്ടത്. കലാപാനന്തരം 2006 മുതല്‍ ഗുജറാത്ത് സര്‍ക്കാരിനെതിരേ ദീര്‍ഘകാലം നിയമപോരാട്ടം നടത്തിയ അവര്‍ കലാപത്തിലെ ഇരകള്‍ക്ക് നീതിക്കായുള്ള പോരാട്ടത്തിന്റെ മുഖമായി മാറി.
കലാപത്തില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിക്കും മറ്റ് നിരവധി പേര്‍ക്കും പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ക്ലീന്‍ ചിറ്റ് നല്‍കിയതിനെ ചോദ്യം ചെയ്ത് അവര്‍ നല്‍കിയ ഹര്‍ജി 2022-ല്‍ സുപ്രീം കോടതി തള്ളിയിരുന്നു. 2023- വരെ, കൂട്ടക്കൊലയുടെ വാര്‍ഷികത്തില്‍ സാകിയ ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ തന്റെ വീട്ടിലെ അവശിഷ്ടങ്ങള്‍ പതിവായി സന്ദര്‍ശിക്കാറുണ്ടായിരുന്നു.