KeralaNews

വിസി നിയമനത്തിൽ സർക്കാരിനും ഗവർണർക്കുമിടയിൽ മഞ്ഞുരുക്കം;സജി ഗോപിനാഥ് സാങ്കേതിക സർവകലാശാല വി സി

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലറായി ഡിജിറ്റൽ സർവകലാശാല വി സിയായിരുന്ന ഡോ. സജി ഗോപിനാഥിനെ നിയമിച്ചു. നിലവിലെ വി സി സിസ തോമസ് സർവീസിൽനിന്ന് വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം. സർക്കാർ നൽകിയ പാനലിൽ നിന്നാണ് സജി ഗോപിനാഥിനെ ഗവർണർ നിയമിച്ചത്. അദ്ദേഹം ശനിയാഴ്ച ചുമതലയേൽക്കും.

സർക്കാർ രാജ്ഭവന് നൽകിയ പട്ടികയിൽ ഒന്നാമത്തെ പേര് സജി ഗോപിനാഥിന്റേതായിരുന്നു. സിസ തോമസ് വിരമിക്കുമ്പോൾ പകരം വി സിയെ നിയമിക്കുന്നതിന് സർക്കാരിനോട് ഗവർണർ പാനൽ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മൂന്ന് പേരടങ്ങുന്ന പട്ടിക ഉന്നതവിദ്യാഭ്യാസ വകുപ്പ് നൽകുകയും ചെയ്തിരുന്നു. പട്ടികയിൽ ഒന്നാമത്തെ പരിഗണന സർക്കാർ നൽകിയത് സജി ഗോപിനാഥിനായിരുന്നു. തുടർന്ന് ഈ പട്ടികയിൽനിന്നാണ് ഗവർണർ സജി ഗോപിനാഥിനെ സാങ്കേതിക സർവകലാശാലയുടെ താൽകാലിക വി സിയായി നിയമിക്കുകയായിരുന്നു.

സജി ഗോപിനാഥ് അയോഗ്യനാണെന്ന മുൻ നിലപാട് തിരുത്തിയാണ് ഗവർണർ ഉത്തരവിറക്കിയിരിക്കുന്നത്. കെടുയു വിസി രാജശ്രീയെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് സജിയും അയോഗ്യനാണ് എന്നായിരുന്നു രാജ്ഭവന്റെ ആദ്യത്തെ നിലപാട്. പുറത്താക്കാതിരിക്കാൻ മുൻപ് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയ വിസിക്കാണ് ഇപ്പോൾ ചുമതല നൽകിയിയിരിക്കുന്നത്.

കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പിൻവലിച്ചത് അടക്കമുള്ള വിഷയങ്ങളിൽ ഗവർണർക്ക് ഹൈക്കോടതിയിൽനിന്ന് തിരിച്ചടിയുണ്ടായിരുന്നു. സർക്കാരിന്റെ പട്ടികയിൽനിന്ന് സജി ഗോപിനാഥിന്റെ പേര് ഗവർണർ അംഗീകരിച്ച സാഹചര്യത്തിൽ സർക്കാരിന് ഗവർണർ വഴങ്ങുന്നതായുള്ള സൂചനകളാണ് പുറത്തുവരുന്നത്.

അതേ സമയം വിശദീകരണം നൽകാൻ കെടിയു താത്ക്കാലിക വിസി ഡോക്ടർ സിസ തോമസ് ഇന്നും ഹാജരാകില്ല. വിരമിക്കുന്ന ദിവസം ആയതിനാൽ തിരക്കെന്നു സർക്കാരിനെ അറിയിച്ചു. അനുമതിയില്ലാതെ വിസി സ്ഥാനം ചുമതലയേറ്റതിൽ സർക്കാർ നേരിട്ടെത്തി വിശദീകരണം നൽകാൻ ആവശ്യപ്പെട്ടത്. ഇന്നാണ് സിസ തോമസ് സർവീസിൽ നിന്നും വിരമിക്കുന്നത്.

വിരമിക്കൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതുള്ളതുകൊണ്ട് ഇന്ന് നേരിട്ടെത്തി വിശദീകരണം നൽകാൻ കഴിയില്ലെന്നാണ് അവർ സർക്കാരിനെ അറിയിച്ചത്. നാളെ മുതൽ എപ്പോൾ വേണമെങ്കിലും ഹാജരാകാം എന്ന് സർക്കാരിനെ അറിയിച്ചു. ഇന്ന് വിരമിക്കുന്ന സാഹചര്യത്തിൽ .സിസക്കെതിരെ കൂടുതൽ അച്ചടക്ക നടപടിയിലേക്ക് പോകേണ്ട എന്ന ചിന്തയുമിപ്പോൾ സർക്കാരിനുണ്ട്.

സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ കെടിയു വിസിയുടെ ചുമതല ഏറ്റെടുത്തതിനാലാണ് സിസ തോമസിന് ഇന്ന് ഹിയറിങ് അറിയിച്ചിരുന്നത്. കാരണം കാണിക്കൽ നോട്ടീസിൽ തുടർ നടപടികളുടെ ഭാഗമായാണ് സംസ്ഥാന സർക്കാർ സിസ തോമസിനോട് ഹാജരാവാൻ നിർദ്ദേശം നൽകിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി മുമ്പാകെ ഹാജരാകണമെന്നായിരുന്നു നിർദ്ദേശം.

സിസ തോമസിനെതിരെ നടപടിയെടുക്കും മുൻപ് സർക്കാർ അവരെ കേൾക്കണമെന്ന് അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ് തള്ളണമെന്ന സിസ തോമസിന്റെ ആവശ്യം ട്രിബ്യൂണൽ അംഗീകരിച്ചില്ല. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ കെടിയു വിസിയുടെ താത്കാലിക ചുമതല ഏറ്റെടുത്തതിനാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker