ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവിടില്ല, അത് ആവശ്യപ്പെടുന്നവർക്ക് മറ്റ് ഉദ്ദേശ്യം- സജി ചെറിയാൻ

തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ ഒരുക്കമല്ലെന്ന് ഉറപ്പിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്താണെന്ന് അദ്ദേഹം ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഹേമ തന്നെ പറഞ്ഞിട്ടുണ്ടല്ലോ എന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന നമ്മുടെ സഹോദരിമാർക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ് വേണ്ടത്. കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടാൽ പുറത്തുവിടണമെന്ന് പറയുന്നവർക്ക് എന്തെങ്കിലും ഗുണമുണ്ടാവുമോ? അതൊക്കെ വേറെ കാര്യങ്ങൾ ഉദ്ദേശിച്ച് പറയുന്നതാണ്. അതൊന്നുമല്ല നമ്മുടെ മുന്നിലുള്ള വിഷയം. ഗവൺമെന്റ് വെച്ച റിപ്പോർട്ട് പുറത്തുവിടണോ വേണ്ടയോ എന്ന് ഗവൺമെന്റ് തീരുമാനിക്കും. ആ റിപ്പോർട്ടിന്റെ ഉള്ളടക്കത്തെ സർക്കാർ അംഗീകരിച്ചു. അതാണ് പ്രധാനം, അല്ലാതെ റിപ്പോർട്ട് തള്ളിക്കളയുകയല്ല,. സജി ചെറിയാൻ പറഞ്ഞു.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് പരിഹാരം കാണാനുള്ള, ഇടപെടാനുള്ള ശക്തമായ നിയമം നമ്മുടെ രാജ്യത്തുണ്ട്. ആ നിയമം നിലനിൽക്കേ തന്നെയാണ് സിനിമാരംഗത്തുനിന്നും ഒന്നുനിപിറകേ ഒന്നായി പരാതികൾ വന്നുകൊണ്ടിരിക്കുന്നത്. അത് തീർച്ചയായും ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. വനിതകളുടെ സുരക്ഷിതത്വബോധം ചോദ്യം ചെയ്യപ്പെടുന്ന സംഭവങ്ങൾ വന്നുകൊണ്ടിരിക്കുന്നു എന്നുള്ളത് ശരിയാണ്. അതുകൊണ്ട് നിലവിൽ ഒരു നിയമം ഉണ്ടെങ്കിലും കുറച്ചുകൂടി ശക്തമായ നിയമം ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
സിനിമാരംഗത്ത് സാങ്കേതികമായ കാര്യങ്ങളിലുൾപ്പെടെ ഒരു വ്യവസ്ഥയുണ്ടാകണം. അതിനാണ് സർക്കാർ ശ്രമിക്കുന്നത്. എല്ലാവരുമായും ചർച്ചചെയ്യേണ്ടിവരും. ഇപ്പോൾ വിളിച്ചവരേക്കൂടാതെ കൂടുതൽ പേരുമായി ചർച്ച നടത്തണം. അതിനുശേഷം എല്ലാവരേയും ഉൾക്കൊള്ളിച്ചുകൊണ്ട് ആർക്കും പരാതിയില്ലാത്ത തരത്തിൽ കാര്യങ്ങൾ തീരുമാനിക്കാമെന്നാണ് കരുതുന്നത്. ഏറ്റവും വേഗം ഇത് നടപ്പിലാക്കുമെന്നും മന്ത്രി പ്രതികരിച്ചു.