കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്നു പേര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സൈജു തങ്കച്ചന്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായി. രാവിലെ കളമശേരി മെട്രോ പോലീസ് സ്റ്റേഷനില്‍ രണ്ടു അഭിഭാഷകര്‍ക്കൊപ്പമാണ് ഇയാള്‍ ഹാജരായത്.
മോഡലുകളെ പിന്തുടര്‍ന്ന ഔഡി കാര്‍ ഓടിച്ചിരുന്നതു സൈജുവായിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന സൈജു ഹാജരാകാനായി ബുധനാഴ്ച അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നു. ഇയാളുടെ അഭാവത്തില്‍ സഹോദരനാണ് നോട്ടീസ് കൈപ്പറ്റിയത്.
എന്നാല്‍, ഇന്നലെയും ഇയാള്‍ ഹാജരായില്ല. തുടര്‍ന്നു കര്‍ശന നടപടിയുമായി അന്വേഷണ സംഘം മുന്നോട്ടു പോകാന്‍ ഇരിക്കുകയായിരുന്നു. സൈജു എറണാകുളത്തു തന്നെയുണ്ടെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിരുന്നു. സൈജു നിലവില്‍ പ്രതിയല്ല. ഇയാളെ ഒരു തവണ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
മോഡലുകള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഡ്രൈവര്‍ അബ്ദുള്‍ റഹ്മാന്‍ അമിതമായി മദ്യപിച്ചിരുന്നതിനാല്‍ യാത്ര ഒഴിവാക്കണമെന്ന് പറയാനാണ് മോഡലുകളുടെ കാറിനെ പിന്തുടര്‍ന്നതെന്നാണ് ഇയാള്‍ അന്ന് അന്വേഷണ സംഘത്തിനു മൊഴി നല്‍കിയത്.
മോഡലുകളുടെ വാഹനത്തെ പിന്തുടര്‍ന്ന സൈജു കുണ്ടന്നൂരില്‍ വച്ചാണ് ഇവരുമായി സംസാരിച്ചത്. അതിനുശേഷമാണ് മോഡലുകളുടെ വാഹനം അമിത വേഗത്തില്‍ കടന്നു പോയതെന്നു സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. അബ്ദുള്‍ റഹ്മാനെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് സൈജു ഒളിവില്‍ പോയത്.
ഇയാളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കിയിട്ടില്ല. ഇയാളെ വീണ്ടും ചോദ്യം ചെയ്യേണ്ടതായുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. സൈജു ഹാജരായതിനെത്തുടര്‍ന്നു കേസില്‍ നിര്‍ണായകമായ പല വിവരങ്ങളും ലഭിക്കുമെന്നാണ് സൂചന.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News