മുംബൈ: ജനുവരി 16 നാണ് സെയ്ഫ് അലി ഖാന് തന്റെ വസതിയിൽ വെച്ച് കുത്തേറ്റത്. കവർച്ച ശ്രമത്തിനിടെ കുത്തേറ്റ അദ്ദേഹത്തിന് ഗുരുതര പരിക്ക് ഏൽക്കുകയും ചെയ്തിരുന്നു. രക്തം വാർന്നൊഴുകിയ സെയ്ഫ് അലിഖാനെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ഭജൻ സിംഗ് റാണ എന്ന് ആളുടെ ഓട്ടോറിക്ഷയിലാണ് സെയ്ഫിനെ ആശുപത്രിയിലെത്തിച്ചത്. കൃത്യസമയത്ത് സെയ്ഫ് അലിഖാനെ ആശുപത്രിയിൽ എത്തിക്കാൻ സാധിക്കുകയും ചെയ്തു. ഇപ്പോൾ റാണയക്ക് അദ്ദേഹത്തിന്റെ പ്രവൃത്തിക്കുള്ള അംഗീകരമായി പാരിതോഷികം നൽകിയതായാണ് റിപ്പോർട്ടുകൾ.
ന്യൂസ് 24 ലെ റിപ്പോർട്ട് പ്രകാരം റാണയുടെ ഇടപെടലിന് അടുത്തിടെ ഒരു സ്ഥാപനം 11000 രൂപ ക്യാഷ് റിവാർഡ് നൽകി ആദരിച്ചതായി പറയുന്നു. അന്ന് രാത്രി നടന്ന സംഭവത്തെക്കുറിച്ച് റാണ നേരത്തെ പറഞ്ഞിരുന്നു. രക്ഷിക്കുന്ന സമയത്ത് സെയ്ഫ് അലിഖാൻ ആയിരുന്നു അതെന്ന് അറിയില്ലായിരുന്നുവെന്നാണ് റാണ പറഞ്ഞത്.. ആപത്തിൽ പെട്ട ഒരാളെ രക്ഷിക്കുക എന്നത് മാത്രമാണ് മനസ്സിൽ ഉണ്ടായിരുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
” അദ്ദേഹം ഒരു നടനാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഒരു മനുഷ്യൻ രക്തം വാർന്ന് കിടക്കുന്നത് ഞാൻ കണ്ടു, അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഞാൻ കരുതി, ” അദ്ദേഹം പറഞ്ഞു. സെയ്ഫിന്റെ വെള്ള കുർത്ത രക്തത്തിൽ കുതിർന്നിരുന്നുവെന്നും ഇത് അദ്ദേഹത്തിന് അടിയന്തര വൈദ്യസഹായം നൽകാനുള്ള തീവ്ര വർദ്ധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
താൻ പാരിതോഷികം പ്രതീക്ഷിച്ചല്ല അങ്ങനെ ചെയ്ചതതെന്നും റാണ പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള വിവരം വിശദമായി അറിയാൻ ബാന്ദ്ര പോലീസ് സ്റ്റേഷനിലേക്ക് തന്നെ വിളിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. “അന്ന് രാത്രി ഞാൻ പണത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. കരീന കപൂറോ മറ്റാരെങ്കിലുമോ ഇതുവരെ എന്നെ ബന്ധപ്പെട്ടിട്ടില്ല, അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച പുലർച്ചെയാണ് നടന്റെ വീട്ടിൽ അതിക്രമിച്ച് കടന്നയാൾ അദ്ദേഹത്തെ ആക്രമിച്ചത്. നടന്റെ മുംബൈയിലെ ബാന്ദ്രാ വെസ്റ്റിലെ വസതിയിലായിരുന്നു സംഭവം. ആറ് കുത്തേറ്റ സെയ്ഫ് അലിഖാനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. അദ്ദേഹത്തെ ഇന്ന് ഡിസ്ചാർജ് ചെയ്തു. സംഭവത്തിൽ മുഹമ്മദ് ശരീഫുൾ ഇസ്ലാം എന്ന ആൾ പിടിയിലായിട്ടുണ്ട്. ബംഗ്ലാദേഷി പൗരനാണ് ഇയാൾ. ബിജോയ് ദാസ് എന്ന പേരിൽ കഴിയുകയായിരുന്നു.